
പാലക്കാട്: നാല് പതിപ്പുകളായി നടന്ന 25-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണ ചകോരം ലെമോഹാംഗ് ജെർമിയ മൊസെസെ സംവിധാനം ചെയ്ത 'ദിസ് ഈസ് നോട്ട് എ ബറിയൽ, ഇറ്റ്സ് എ റിസറക്‌ഷൻ' എന്ന ദക്ഷിണാഫ്രിക്കൻ സിനിമ കരസ്ഥമാക്കി. മികച്ച സംവിധായകനുള്ള രജതചകോരം 'ദി നെയിംസ് ഓഫ് ദി ഫ്ലവേഴ്‌സി'ന്റെ സംവിധായകൻ ബാഹ്‌മാൻ തവോസിക്കാണ്.
പ്രേക്ഷകപ്രീതി നേടിയ ചിത്രമായി ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ചുരുളി' തിരഞ്ഞെടുക്കപ്പെട്ടു. മത്സര വിഭാഗത്തിൽ മികച്ച സംവിധായകനുള്ള ജൂറിയുടെ പ്രത്യേക പരാമർശത്തിനും പെല്ലിശ്ശേരി അർഹനായി.
'ലോൺലി റോക്കി'ന്റെ സംവിധായകൻ അലഹാൻഡ്രോ റ്റെലമാക്കോ ടറാഫിനാണ് മികച്ച നവാഗത സംവിധായകനുള്ള രജതചകോരം.
ഇന്ത്യയിലെ മികച്ച നവാഗത സംവിധായകനുള്ള എഫ്.എഫ്.എസ്.എ കെ.ആർ.മോഹനൻ എൻഡോവ്മെന്റ് പുരസ്‌കാരം അക്ഷയ് ഇൻഡിക്കറിന്റെ സ്ഥൽ പുരാണിന് ലഭിച്ചു. മികച്ച ഏഷ്യൻ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരവും ഈ ചിത്രത്തിനാണ്.
മികച്ച ചിത്രത്തിനുള്ള ഫിപ്രസി രാജ്യാന്തര പുരസ്‌കാരത്തിന് അസർബൈജാൻ ചിത്രം 'ഇൻ ബിറ്റ്‌വീൻ ഡൈയിംഗ്' അർഹമായി. ഹിലാൽ ബൈഡ്രോവ് ആണ് സംവിധായകൻ. ഈ വിഭാഗത്തിൽ മികച്ച മലയാള ചിത്രമായി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത 'ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ' തിരഞ്ഞെടുക്കപ്പെട്ടു. മേളയിലെ മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം വിപിൻ ആറ്റ്‌ലി സംവിധാനം ചെയ്ത 'മ്യൂസിക്കൽ ചെയർ' കരസ്ഥമാക്കി.
സമാപന സമ്മേളനം അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ചലചിത്ര അക്കാഡമി ചെയർമാൻ കമൽ അദ്ധ്യക്ഷനായി. ആർട്ടിസ്റ്റിക് ഡയറക്ടർ ബീനാപോൾ, അക്കാഡമി അംഗം സിബി മലയിൽ, ടി.ആർ.അജയൻ, വി.കെ.ജോസഫ്, സി.അജോയ് എന്നിവർ പങ്കെടുത്തു.