v

മന്ത്രിയുടെ ഉറപ്പും പാഴായി

ആലത്തൂർ: പഴം, പച്ചക്കറി കർഷകർക്ക് പ്രഖ്യാപിച്ച താങ്ങുവില രണ്ടാഴ്ചയ്ക്കകം നൽകുമെന്ന കൃഷിമന്ത്രിയുടെ ഉറപ്പ് പാഴായി. ഇനി തിരഞ്ഞെടുപ്പിനുമുമ്പ് ഇത് കിട്ടുമോയെന്നാണ് കർഷകരുടെ ചോദ്യം.

തൃശൂർ ജില്ലയിൽ കർഷകർക്ക് തുക നൽകിത്തുടങ്ങി. പാലക്കാട് ജില്ലയിൽ എട്ട് കൃഷിഭവനുകളിലെ അമ്പതോളം കർഷകർക്ക് തുക നൽകുന്നതിനുള്ള നടപടി പൂർത്തിയായി. മൂവായിരത്തോളം കർഷകർക്കാണ് ആനുകൂല്യം ലഭിക്കേണ്ടത്.

വി.എഫ്.പി.സി.കെ.യുടെയും ഹോർട്ടികോർപ്പിന്റെയും അംഗീകൃത വിപണികളിലും കൃഷി വകുപ്പിന്റെ ഇക്കോഷോപ്പുകളിലും കർഷകർ വിറ്റ ഉല്പന്നങ്ങൾക്കാണ് താങ്ങുവില കിട്ടേണ്ടത്. സർക്കാർ നിശ്ചയിച്ച താങ്ങുവിലയിലും കുറഞ്ഞവിലയ്ക്ക് ഉല്പന്നങ്ങൾ വിൽക്കേണ്ടി വരുമ്പോഴുള്ള വിലവ്യത്യാസം കണക്കാക്കി ആ തുക കർഷകരുടെ അക്കൗണ്ടിലേക്ക് നൽകുന്നതാണ് പദ്ധതി.

നേന്ത്രവാഴയും മരച്ചീനിയും വള്ളിപ്പയറും ഉൾപ്പെടെ 16 ഇനങ്ങൾക്കാണ് 2020 നവംബർ ഒന്നുമുതൽ താങ്ങുവില പ്രഖ്യാപിച്ചത്. പ്രഖ്യാപനം മൂന്നരമാസം പിന്നിട്ടിട്ടും രജിസ്റ്റർ ചെയ്ത കർഷകർക്ക് ഇതുവരെ ആനുകൂല്യം ലഭിച്ചില്ല.

നേന്ത്രപ്പഴം കിലോയ്ക്ക് 30ഉം വയനാടൻ നേന്ത്രന് 24ഉം മരച്ചീനിക്ക് 12ഉം രൂപ അടിസ്ഥാന വില നിശ്ചയിച്ചതോടെ കർഷകർ പ്രതീക്ഷയിലായിരുന്നു. ഇപ്പോൾ നേന്ത്രപ്പഴം കിലോയ്ക്ക് 17ഉം മരച്ചീനി എട്ടും രൂപയ്ക്ക് സർക്കാരിന്റെ അംഗീകൃത കേന്ദ്രങ്ങളിൽ വിൽക്കുന്ന കർഷകരുടെ കാര്യം കഷ്ടത്തിലാണ്. നവംബർ ഒന്നുമുതൽ താങ്ങുവില കർഷകരുടെ അക്കൗണ്ടുകളിൽ എത്തുമെന്നായിരുന്നു ആദ്യം പറഞ്ഞതെങ്കിലും പിന്നീട് ഡിസംബർ എന്നാക്കി. മാർച്ച് ആയിട്ടും തുക ലഭിച്ചിട്ടില്ല.

ജില്ലയിൽ വി.എഫ്.പി.സി.കെ.യിൽ 1,300 കർഷകരും കൃഷി വകുപ്പിന്റെയും ഹോർട്ടി കോർപ്പിന്റെയും രജിസ്‌ട്രേഷനുള്ള മൂവായിരത്തോളം കർഷകരുമാണ് ആനുകൂല്യം കാത്തിരിക്കുന്നത്.

തുക ഉടൻ നൽകും

താങ്ങുവില പ്രകാരമുള്ള തുക കർഷകർക്ക് ഉടൻ വിതരണം ചെയ്യുമെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസ് അറിയിച്ചു. ഇതിനാവശ്യമായ തുക കൈമാറാൻ ധനവകുപ്പ് നടപടിയെടുത്തിട്ടുണ്ട്. കർഷകർ നൽകിയ വിളകളുടെ താങ്ങുവിലയുമായുള്ള കുറവ് കണക്കാക്കി അംഗീകൃത വിപണികൾ അഗ്രിക്കൾച്ചറൽ ഇൻഫർമേഷൻ മാനേജ്‌മെന്റ് സിസ്റ്റം (എയിംസ്) പോർട്ടലിൽ രേഖപ്പെടുത്തും. ഇത് ജില്ലാതല സമിതി വിലയിരുത്തി കൃഷി വകുപ്പിന് കൈമാറും. ഈ പ്രക്രിയ പുരോഗമിക്കുകയാണ്.