
തീപിടിത്തം വർദ്ധിക്കുമ്പോൾ ആവശ്യത്തിന് ഡ്രൈവർമാരില്ലാതെ അഗ്നിശമന സേന
മണ്ണാർക്കാട്: വേനൽ കടുത്തതോടെ നഗരത്തിലും പരിസരങ്ങളിലും തീപിടിത്തങ്ങൾ വർദ്ധിക്കുമ്പോൾ എല്ലായിടത്തും ഓടിയെത്തേണ്ട അഗ്നിശമന സേനയിൽ ആവശ്യത്തിന് ഡ്രൈവർമാരില്ലാത്തത് ആശങ്കയാകുന്നു. ഏഴ് ഡ്രൈവർമാരുടെ തസ്തികയാണ് മണ്ണാർക്കാടുള്ളത്. നിലവിൽ രണ്ടുപേരേ ഇവിടെയുള്ളൂ. ഇതിൽ തന്നെ അവധി കണക്കാക്കിയാൽ ഒരു ഡ്രൈവറുടെ സേവനം മാത്രമേ ഉണ്ടാകൂ. രണ്ട് ഫയർ എൻജിനും ആംബുലൻസുമടക്കം അഞ്ചോളം വാഹനങ്ങളാണ് ഇവിടെയുള്ളത്.
കഴിഞ്ഞ ദിവസം കോടതിപ്പടിയിൽ തീപിടിച്ചപ്പോൾ ഒരു ഡ്രൈവറാണ് രണ്ടും മൂന്നും പ്രാവശ്യമായി ഫയർ എൻജിനുകൾ ഇവിടെക്കെത്തിച്ചത്. പരിമിതികൾക്കിടയിലും മികച്ച രീതിയിൽ സേവനം നടത്തുന്ന ഉദ്യോഗസ്ഥരുടെ പ്രവർത്തനം പോലും സമയത്തിന് ഫയർ എൻജിനുകൾ എത്താൻ കഴിയാത്ത സാഹചര്യം പ്രതിസന്ധിയിലാക്കുന്നു.
ഒരേ സമയം ഒന്നിൽക്കൂടുതൽ അപകടമുണ്ടായാൽ ഓടിയെത്താൻ കഴിയില്ല എന്നതാണ് മറ്റൊരു വലിയ പ്രതിസന്ധി. വലിയൊരു സ്ഥലപരിധിയിൽ പ്രവർത്തനം നടത്തേണ്ട ഉത്തരവാദിത്തമാണ് മണ്ണാർക്കാട് ഫയർ സ്റ്റേഷനുള്ളത്. വട്ടമ്പലം ഫയർ സ്റ്റേഷനിൽ ഉണ്ടായിരുന്ന രണ്ട് ഡ്രൈവർമാരെ അടുത്തിടെ ആരംഭിച്ച കോങ്ങാട്, കൊല്ലങ്കോട് സ്റ്റേഷനുകളിലേക്ക് മാറ്റിയതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.
വണ്ടി ഓടിക്കാൻ അറിയുന്ന മറ്റു ഫയർമാൻമാരുണ്ടെങ്കിലും ഔദ്യോഗികമായി ഡ്രൈവർ പോസ്റ്റിലുള്ളവരല്ലാതെ ഫയർ എൻജിൻ ഓടിക്കരുതെന്നാണ് ചട്ടം. അതിനാൽ അടിയന്തിരമായി ഡ്രൈവർമാരെ നിയമിക്കണമെന്ന ആവശ്യം ശക്തമാണ്. അല്ലാത്ത പക്ഷം അപകട സാഹചര്യങ്ങളുടെ തീവ്രത വർദ്ധിക്കുന്ന സ്ഥിതിയാണുള്ളത്.