ഷൊർണൂർ: കവളപ്പാറ കാരക്കാട് പ്രദേശത്ത് നൂറ്റാണ്ടുകൾ പഴക്കമുള്ള തണ്ണീർപ്പന്തലിന്റെ ശേഷിപ്പുകൾ അവഗണനയേറ്റ് നശിക്കുന്നു. അത്താണിയും കൽത്തൊട്ടിയുമാണ് 250ൽ ഏറെ വർഷത്തെ ചരിത്രവും പേറി റോഡരികിൽ കിടക്കുന്നത്.
യാത്ര കാൽനടയായും ചരക്ക് നീക്കം തലച്ചുമടായും നടത്തിയിരുന്ന കാലത്ത് ആളുകൾക്ക് വലിയ ആശ്വാസമായിരുന്നു ഈ തണ്ണീർപ്പന്തലും അതിനോട് ചേർന്ന അത്താണിയും കൽത്തൊട്ടിയും. കാലങ്ങൾ പിന്നിട്ടപ്പോൾ തണ്ണീർപ്പന്തൽ നാമാവശേഷമായി.
കവളപ്പാറ വാഴക്കാട് വീട്ടിൽ വേലു നായരാണ് തണ്ണീർപ്പന്തൽ പണികഴിപ്പിച്ചത്. ആദ്യ കാലങ്ങളിൽ കൽത്തൊട്ടിയിൽ സംഭാരം നിറച്ചായിരുന്നു യാത്രക്കാരെ കാത്തിരുന്നത്. ഇവയുടെ സംരക്ഷണത്തിനും ചെലവ് നടത്തുന്നതിനും ചിനടിയത്ത് മനയെ ഏല്പിച്ചെന്നും ഇതിനായി കാരക്കാട് പാട്ടുകണ്ടത്തിലെ മൂന്നുകണ്ടം കൃഷിയിടം മാറ്റി വച്ചിരുന്നെന്നും പഴമക്കാർ പറയുന്നു.
പ്രശസ്തമായ ആര്യങ്കാവ് പൂരത്തിന് മുണ്ടായ കുതിര സംഘങ്ങൾക്ക് ശർക്കര വെള്ളം നൽകി ദാഹമകറ്റിയിരുന്നത് ഈ കൽത്തൊട്ടിയിൽ നിന്നായിരുന്നു. ആ പതിവ് തുടർന്ന് കുതിര വരവിന് ഇന്നും സംഭാരവുമായി ഇവിടെ ആളുകൾ കാത്തുനിൽക്കും.
പൈതൃക വസ്തുക്കൾ സംരക്ഷിക്കുന്നതിന് വിവിധ പദ്ധതി നിലവിലിരിക്കെ അത്താണിയും കൽത്തൊട്ടിയും ശാപമോക്ഷത്തിന്റെ പാദസ്പർശം കാത്തുകഴിയുകയാണ്.