പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ ഇതുവരെ 9162 പ്രചരണ ബോർഡുകൾ നീക്കം ചെയ്തു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്ന സാഹചര്യത്തിൽ പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ച സർക്കാരിന്റെ വികസനനേട്ടങ്ങളുമായി ബന്ധപ്പെട്ട ഫ്‌ളക്‌സുകൾ, ബാനറുകൾ, ബോർഡുകൾ, നോട്ടീസുകൾ, വിവിധ രാഷ്ട്രീയപാർട്ടികളുടെ പ്രചരണ ബോർഡുകൾ എന്നിവയാണ് നീക്കം ചെയ്തത്. ജില്ലയിൽ കണ്ടെത്തിയ 9162 ബോർഡുകളിൽ 5729 ബോർഡുകൾ സ്‌ക്വാഡ് നീക്കം ചെയ്തു. ബാക്കിയുള്ളവ സ്ഥാപിച്ചവർ തന്നെ നീക്കം ചെയ്തു.
ജില്ലയിൽ 12 നിയോജക മണ്ഡലങ്ങളിലായി 12 ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡുകളും ഒരു ജില്ലാതല സ്‌ക്വാഡും ഉൾപ്പെടെ 13 ടീമുകളുമാണ് ഉള്ളത്. ഫെബ്രുവരി 27 മുതലാണ് സ്‌ക്വാഡുകൾ പ്രവർത്തനമാരംഭിച്ചത്.
സ്റ്റാറ്റിക് സർവേലൻസ് സജീവം
നിയമസഭാ തിരഞ്ഞെടുപ്പ് നിരീക്ഷണവുമായി ബന്ധപ്പെട്ട് അനധികൃത പണമിടപാട്, ലഹരി, മറ്റ് സ്‌ഫോടക വസ്തുക്കളുടെ കടത്ത് എന്നിവ തടയുന്നതിനായി നിയോഗിച്ച സ്റ്റാറ്റിക് സർവേലൻസ്, ഫ്‌ളയിംഗ് സ്‌ക്വാഡുകൾ ജില്ലയിൽ സജീവം. കഴിഞ്ഞമാസം 26 മുതൽ വിവിധ സ്‌ക്വാഡുകളും എക്‌സൈസും പൊലീസും നടത്തിയ പരിശോധനയിൽ 53277 ജലാറ്റിൻ സ്റ്റിക്ക്, 8544 ഡിറ്റണേറ്റർ, മൂന്നര കിലോ കഞ്ചാവ്, 190 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം, കണക്കിൽപെടാത്ത 15 ലക്ഷം രൂപ എന്നിവ പിടിച്ചെടുത്തു. ജില്ലയിൽ 12 മണ്ഡലങ്ങളിലായി 36 ഉം അതിർത്തി ചെക്ക് പോസ്റ്റുകൾ കേന്ദ്രീകരിച്ച് 21 ഉം ഉൾപ്പെടെ ആകെ 57 സ്റ്റാറ്റിക് സർവേലൻസ് സ്‌ക്വാഡകളും 36 ഫ്ലൈയിംഗ് സ്‌ക്വാഡുകളുമാണ് പരിശോധന നടത്തുന്നത്.
വിവിപാറ്റിലേക്കുള്ള ബാറ്ററികളെത്തി
വോട്ടെടുപ്പിനുള്ള വിവിപാറ്റ് മെഷീനുകളിലേക്ക് ആവശ്യമായ 120 പെട്ടി ബാറ്ററികൾ ജില്ലയിലെത്തി. ഇലക്ഷൻ ഓഫീസിൽ നിന്നും വരും ദിവസങ്ങളിലായി വരണാധികാരികൾക്ക് ഇവ കൈമാറും. നിലവിൽ ജില്ലയിലെ ഉപയോഗത്തിനായി 4828 വിവി പാറ്റ്, 4498 കൺട്രോൾ യൂണിറ്റ്, 4258 ബാലറ്റ് യൂണിറ്റ് എന്നിവയാണ് പരിശോധന പൂർത്തിയായി പ്രവർത്തന സജ്ജമായിട്ടുള്ളത്. ഇതിൽ അഞ്ച് ശതമാനം മെഷീനുകൾ പരിശീലനത്തിന് ഉപയോഗിക്കുന്നവയാണ്.
വോട്ട് വണ്ടി ഇന്ന് പട്ടാമ്പി, തൃത്താല മണ്ഡലങ്ങളിൽ
സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യുക്കേഷൻ ആന്റ് ഇലക്ടറൽ പാർട്ടിസിപ്പേഷന്റെ ഭാഗമായി കന്നി വോട്ടർമാർക്ക് വോട്ടർപ്പട്ടികയിൽ പേര് ചേർക്കുന്നത് സംബന്ധിച്ച് അവബോധം നൽകുന്നതിനായുള്ള വോട്ട് വണ്ടി ഇന്ന് പട്ടാമ്പി, തൃത്താല നിയോജക മണ്ഡലങ്ങളിലെ വിവിധ സ്ഥലങ്ങളിൽ പര്യടനം നടത്തും. വോട്ടർപട്ടികയിൽ പേര് ചേർക്കുന്നത് വിശദീകരിക്കുന്ന വീഡിയോയും സമ്മതിദാനാവകാശം വിനിയോഗിക്കാനുള്ള ആഹ്വാനമായി ജില്ലാ ഇൻഫർമേഷൻ ഓഫീസ് തയ്യാറാക്കിയ നഞ്ചിയമ്മയുടെ വീഡിയോയും വാഹന പര്യടനത്തിൽ സ്‌ക്രീനിൽ പ്രദർശിപ്പിക്കുന്നുണ്ട്. വിവിധ കോളേജുകൾ, യൂത്ത് ക്ലബുകൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിലാണ് പ്രദർശനവണ്ടി എത്തുക. വോട്ടുവണ്ടിയുടെ പര്യടനം മാർച്ച് 12 ന് പൂർത്തിയാകും.
എൽഡിഎഫ്കൺവെൻഷനുകൾ 11 മുതൽ
പാലക്കാട്: എൽ.ഡി.എഫ് നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷനുകൾ 11, 12, 13 തിയതികളിലായി നടത്താൻ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. 11ന് തൃത്താല, പട്ടാമ്പി, ഷൊർണൂർ, ഒറ്റപ്പാലം മണ്ഡലങ്ങളിലും, 12ന് ആലത്തൂർ, തരൂർ, നെന്മാറ, ചിറ്റൂർ മണ്ഡലങ്ങളിലും കൺവൻഷനുകൾ നടക്കും. പാലക്കാട്, മലമ്പുഴ, കോങ്ങാട്, മണ്ണാർക്കാട് എന്നീ മണ്ഡലം കൺവെൻഷനുകൾ 13നും നടത്തുന്നതിനും ഇന്നലെ ചേർന്ന യോഗം തീരുമാനിച്ചു.