
മണ്ണാർക്കാട്: മുന്നണികളുടെ സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കി ഔദ്യോഗിക പ്രഖ്യാപനത്തിനായി ജനം കാത്തിരിക്കുമ്പോഴും മണ്ണാർക്കാട് സസ്പെൻസ് തുടരുകയാണ്. യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റായ മണ്ണാർക്കാട് ലീഗ് തന്നെ മത്സരിക്കുമെങ്കിലും അഡ്വ. എൻ.ഷംസുദ്ദീന് മൂന്നാമതൊരു അവസരം ഉണ്ടാകുമോ എന്നാണ് അറിയാനുള്ളത്.
ഷംസുദ്ദീൻ സ്വന്തം നാടായ തിരൂരിലേക്ക് മാറുമെന്ന പ്രചരണം മണ്ഡലത്തിൽ ആദ്യഘട്ടത്തിൽ തന്നെ ശക്തമായിരുന്നു. തിരൂർ മണ്ഡലം കമ്മിറ്റി നൽകിയ ലിസ്റ്റിൽ ഷംസുദ്ദീന്റെ പേരുമുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. ഇപ്പോഴും ഇതുസംബന്ധിച്ച് ലീഗ് നേതൃത്വം വ്യക്തത വരുത്താൻ തയ്യാറാകാത്തതാണ് വോട്ടർമാർക്കിടയിൽ ആകാംഷ വർദ്ധിപ്പിച്ചിട്ടുള്ളത്. ഷംസുദ്ദീൻ തിരൂരിലേക്ക് കളംമാറ്രിയാൽ മണ്ണാർക്കാട്ടെ സ്ഥാനാർത്ഥി നിർണ്ണയം ലീഗിന് സങ്കീർണ്ണമായേക്കും. ഷംസുദ്ദീനല്ലെങ്കിൽ പുറത്ത് നിന്നാരെയും പരിഗണിക്കേണ്ടതില്ല. മണ്ഡലത്തിന് അകത്തെ നേതാക്കൾ മതിയെന്നതാണ് പ്രാദേശിക നേതൃത്വത്തിന്റെ നിലപാട്. അങ്ങനെയെങ്കിൽ നേതാക്കളായ കല്ലടി ബക്കർ, ടി.എ.സലാം, ടി.എ.സിദ്ദീഖ്, റഷീദ് ആലായൻ എന്നിവരുടെ പേരുകളാവും നേതൃത്വം പരിഗണിക്കുക. പക്ഷേ, വിജയസാദ്ധ്യത കണക്കാക്കി മണ്ഡലത്തിന് പുറത്ത് നിന്നുള്ള യൂത്ത് ലീഗ് നേതാവായ സമദിനെ സംസ്ഥാന നേതൃത്വം പരിഗണിക്കുന്നതായും സൂചനയുണ്ട്. ഇപ്പോഴത്തെ അനിശ്ചിതത്വം അവസാനിക്കാൻ മുന്നണിയുടെ ഔദ്യോഗിക പ്രഖ്യാപനം വരെ കാത്തിരിക്കേണ്ടിവരുമെന്ന് തന്നെയാണ് ലഭിക്കുന്ന സൂചന.
ഇടത് മുന്നണിയിൽ സി.പി.ഐ മത്സരിക്കുന്ന മണ്ഡലമാണ് മണ്ണാർക്കാട്. ജില്ലാ സെക്രട്ടറി കെ.പി.സുരേഷ് രാജിന്റെ പേരിനാണ് മുൻതൂക്കം. എന്നാൽ, സുരേഷ് രാജ് മത്സരിക്കാൻ താൽപ്പര്യമില്ലെന്ന് മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. അങ്ങനെയെങ്കിൽ മണ്ഡലം സെക്രട്ടറി പാലോട് മണികണ്ഠൻ, എ.ഐ.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് കബീർ എന്നീ പേരുകളാണ് സജീവമായുള്ളത്. ഇക്കാര്യത്തിലും അന്തിമ തീരുമാനത്തിനായി ഇനിയും കാത്തിരിക്കണം.
മണ്ഡലത്തിൽ ബുക്ക് ലെറ്റ് വിതരണം ചെയ്ത് ഐസക് വർഗ്ഗീസ്
മണ്ണാർക്കാട്: ബിഷപ്പിന്റെ ശുപാർശ കത്തോടെ സ്ഥാനാർത്ഥിത്വത്തിനായി രംഗത്ത് വന്നതിലൂടെ ഏറെ ശ്രദ്ധേയനായ വ്യവസായി ഐസക് വർഗീസ് മണ്ണാർക്കാട് മണ്ഡലത്തിൽ ഇത്തവണ മത്സരരംഗത്തുണ്ടാകുമെന്ന സൂചന നൽകി വീണ്ടും സജീവമാകുന്നു. സ്ഥാനാർത്ഥിത്വത്തിൽ നിന്നും പിന്നോട്ടില്ലെന്ന സന്ദേശവുമായി മണ്ഡലത്തിൽ ബുക്ക് ലെറ്റുകൾ വിതരണം ചെയ്താണ് ഐസക് കളം നിറയുന്നത്. 'ജനഭൂമി ' എന്ന പേരിലുള്ള ബുക്ക് ലെറ്റുകളാണ് മണ്ണാർക്കാട്ടെ വീടുകളിലും വിവിധ വ്യാപാര സ്ഥാപനങ്ങളിലും എത്തിച്ചിരിക്കുന്നത്. 'ഐസക് വർഗ്ഗീസ് മണ്ണാർക്കാട്ടെ സ്ഥാനാർത്ഥിയാവുമ്പോൾ' എന്ന തലക്കെട്ടോടെ 20 പേജുള്ള ബുക്ക് ലെറ്റാണ് തയ്യാറാക്കിയിരിക്കുന്നത്. ജനകീയ പ്രശ്നങ്ങളിൽ ഐസക് വർഗീസ് നടത്തിയ ശ്രദ്ധേയ ഇടപെടലുകൾ, കൊവിഡ് ബാധിത കേരളത്തിൽ നടത്തിയ പ്രവർത്തനങ്ങൾ എന്നവയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. മത - സാമൂഹ്യ - സാംസ്ക്കാരിക - രാഷ്ട്രീയ മേഖലകളിലെ നേതാക്കളുമായി വേദി പങ്കിടുന്ന ചിത്രങ്ങളും ബുക്കിലുണ്ട്. രാഷ്ട്രീയ പാർട്ടികൾ പിന്തുണച്ചാലും ഇല്ലെങ്കിലും നിയമസഭ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി രംഗത്തുണ്ടാകുമെന്ന സന്ദേശം നൽകാനാണ് ഐസക്കിന്റെ ശ്രമമെന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്.