
പാലക്കാട്: മുന്നണികൾ സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കി പ്രചരണ ചൂടിലേക്ക് ഇറങ്ങാനുള്ള തയ്യാറെടുപ്പിലാണ്. കാടിളക്കിയുള്ള പ്രചരണം സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിപ്പിക്കാൻ ഇടയാക്കരുതെന്ന ബോധ്യമുണ്ടാകണം രാഷ്ട്രീയ പാർട്ടികൾക്ക്.
ചുവരെഴുത്തുകളും പോസ്റ്റർ പതിപ്പിക്കലും ഗൃഹസന്ദർശനങ്ങളും തിരഞ്ഞെടുപ്പ് കൺവെൻഷനുകളുമൊക്കെയായി പ്രചരണരംഗത്ത് എതിരാളികളെ ബഹുദൂരം പിന്നിലാക്കാനുള്ള ഓട്ടത്തിനിടെ കൊവിഡ് മാനദണ്ഡങ്ങളെല്ലാം പാഴ്വാക്കാവുന്നതിന്റെ നേർകാഴ്ചയ്ക്കാണ് നാം സാക്ഷിയാകുന്നത്. പ്രചാരണത്തിനായി ഇറങ്ങുന്ന നേതാക്കളും അണികളും കൊവിഡ് മാനദണ്ഡം തോന്നിയ പോലെയാണ് പാലിക്കുന്നത്. സാമൂഹിക അകലം പാലിക്കാൻപോലും ആരം തയ്യാറാകുന്നില്ല. ഭൂരിഭാഗം പേരുടെയും മാസ്‌കുകൾ കൈയിലോ കഴുത്തിലോ ആണുള്ളത്. ഇതിനെതിരെ ആരോഗ്യവകുപ്പും പൊലീസും ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
നിലവിൽ കൈകഴുകൽ, സാനിറ്റൈസർ ഉപയോഗം എന്നിവ അപൂർവ കാഴ്ചയാണ്. കൊവിഡ് വ്യാപനം നിലനിൽക്കുന്ന സാഹച്യത്തിൽ മാനദണ്ഡങ്ങൾ ലംഘിക്കുന്നത് രോഗവ്യാപനം കൂട്ടാൻ ഇടയാക്കുമെന്ന ബോധം ആർക്കുമില്ല. നേരത്തെ ഒക്ടോബർ വരെ ജില്ലാ കളക്ടർ നിയോഗിച്ച വിവിധ വകുപ്പ് ജീവനക്കാരുടെ സംഘം പഞ്ചായത്തുകൾതോറും പരിശോധന നടത്തിയിരുന്നെങ്കിലും നിലവിൽ പൊലീസിന്റെ നേതൃത്വത്തിൽ മാത്രമാണ് ജില്ലയിൽ പരിശോധന നടക്കുന്നത്. മാസക് ധരിക്കാത്തവരെ കണ്ടെത്തുന്ന പരിശോധനയ്ക്കു പുറമെ ജനങ്ങൾക്ക് നിർദ്ദേശങ്ങളും കർശന താക്കിതും നൽകുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കുന്നു. ഈ വർഷം മാർച്ച് എട്ടുവരെ കൊവിഡ് മനദണ്ഡം പാലിക്കാത്തതിനെതിരെ ആകെ 69 കേസുകളും മാസ്ക് ധരിക്കാത്തതിനെതിരെ 8906 കേസുകളുമാണ് റിപ്പോർട്ട് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
മാസം - മാനദണ്ഡം പാലിക്കാത്ത കേസ് - മാസ്ക് ധരിക്കാത്ത കേസ് എന്നീ ക്രമത്തിൽ
ജനുവരി - 47 - 4026
ഫെബ്രുവരി - 17 - 4430
മാർച്ച് (എട്ടുവരെ) - 05 - 450
ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം ജില്ലയിൽ അതത് സ്റ്റേഷൻ പരിധികൾ കേന്ദ്രീകരിച്ച് പരിശോധന തുടരുന്നുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ കൂടാതെ ചടങ്ങുകൾ മാത്രമായാണ് ഉത്സവങ്ങളും നടക്കുന്നതെങ്കിലും നിരവധി ജനങ്ങളാണ് മാനദണ്ഡങ്ങൾ പാലിക്കാതെ എത്തുന്നത്. നിയമലംഘനം കണ്ടാൽ കേസെടുത്ത് കോടതിയിൽ പിഴയടയ്ക്കാൻ നോട്ടീസ് നൽകും. എസ്.പി ഓഫീസ്, പാലക്കാട്
ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ കുറവു വന്നിട്ടുണ്ടെങ്കിലും ജാഗ്രതാ പാലിക്കാതിരുന്നാൽ സ്ഥിതിഗതികൾ രൂക്ഷമാക്കും. അതിനാൽ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. കൊവിഡ് വാക്സിൽ കുത്തിവെപ്പ് തുടങ്ങിയിട്ടുണ്ടെങ്കിലും ജാഗ്രതാ തുടരണം. ആരോഗ്യപ്രവർത്തകർക്ക് പുറമെ 45നും 60 വയസിനുമിടയിലുള്ളവർക്കാണ് കുത്തിവയ്പ്പ് നടത്തിവരുന്നത്. ജില്ലാ ആരോഗ്യവകുപ്പ്, പാലക്കാട്