നെന്മാറ: വേനൽ കടുത്തതോടെ ജില്ലയിലെ വിവിധയിടങ്ങളിൽ കുടിവെള്ളക്ഷാമവും രൂക്ഷമായിരിക്കുകയാണ്. വീട്ടാവശ്യത്തിനും കാർഷികാവശ്യത്തിനുമായി കുഴൽകിണർ നിർമ്മിക്കാനുള്ള ഒരുക്കത്തിലാണ് ജനങ്ങൾ. പക്ഷേ, കുഴൽകിണർ നിർമ്മാണത്തിന് ചെലവ് ഇരട്ടിയായതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് സാധാരണക്കാരും ചെറുകിട കർഷകരും. അഞ്ച് ഇഞ്ച് അളവിലുള്ള കുഴൽകിണറിന് ഒരു അടിക്ക് 90 മുതൽ 120 രൂപയോളം വർദ്ധിച്ചിട്ടുണ്ട്.
തമിഴ്നാട്ടിൽ നിന്നുള്ള കുഴൽ കിണർ നിർമ്മാണ സംഘമാണ് ജില്ലയിലെ വിവിധയിടങ്ങളിൽ തമ്പടിച്ചിട്ടുള്ളത്. കംപ്രസറും തമിഴ്നാട്ടിൽ നിന്നാണ് എത്തിക്കുന്നത്. ദൂരത്തിനനുസരിച്ചാണ് മുൻ കാലങ്ങളിൽ കംപ്രസറിന് ചാർജ് ഈടാക്കിയിരുന്നത്. കഴിഞ്ഞവർഷം വരെ കംപ്രസറിന് ഒരു മീറ്ററിന് 75 മുതൽ 80 രൂപയാണ് ഈടാക്കിയിരുന്നത്. എന്നാൽ ഇപ്പോൾ കുഴൽകിണർ ബ്രോക്കർമാരും ബോർവെൽ കംപ്രസർ ഉടമയും ചേർന്ന് ഡീസൽ വിലയിലും മറ്റും ഉണ്ടായ വർദ്ധനയുടെ മറവിൽ വലിയ പകൽകൊള്ളയാണ് നടത്തുന്നത്. വേനൽ ആരംഭിച്ചതും ജലക്ഷാമം അനുഭവപ്പെടാൻ തുടങ്ങിയതും കൂടുതൽപേർ കുഴൽകിണർ നിർമ്മിക്കാൻ തയ്യാറാകുന്നതും ഇവർക്ക് സഹായകരമായിട്ടുണ്ട്.
ഭൂനിരപ്പിൽ നിന്ന് പാറ എത്തുന്നതുവരെയുള്ള താഴ്ചയിലേക്ക് നിശ്ചിത ഗ്രേഡിലുള്ള പി.വി.സി പൈപ്പ് ഇറക്കുന്നതിന് ഒരടി നീളത്തിന് 250 രൂപ നിരക്കിലാണ് നിലവിൽ ചാർജ് ഈടാക്കുന്നത്. കുഴൽകിണർ കുഴിക്കുന്നവർക്ക് ഇതിനുപുറമെ സബ് മേഴ്സിബിൾ പമ്പ് ഇറക്കുന്നതിന് പമ്പിന്റെ വലിപ്പമനുസരിച്ച് ചെലവ് വേറെയും വരും. വേനൽ കടുത്തതോടെ ഭൂഗർഭ ജല ഉപയോഗത്തിന് കൂടുതൽ നിയന്ത്രണം വരുമെന്നതിനാൽ നിരവധിയാളുകൾ ഇപ്പോൾ തന്നെ കുഴൽ കിണർ നിർമ്മാണം ആരംഭിച്ചിട്ടുണ്ട്.
മോട്ടോർ സ്റ്റാർട്ടറുകളും ലഭ്യമാണ്
കാർഷിക ആവശ്യത്തിനായി കുഴിക്കുന്നവരുടെ സൗകര്യാർത്ഥം മൊബൈൽ ഉപയോഗിച്ച് മോട്ടോർ ഓണാക്കാനും ഓഫാക്കാനും വെള്ളം ഇല്ലെങ്കിലും വൈദ്യുതി ഇല്ലെങ്കിലും മോട്ടോർ ഓഫ് ആയ വിവരം ഉടമയെ അറിയിക്കുന്ന പുതിയതരം മോട്ടോർ സ്റ്റാർട്ടറുകളും മാർക്കറ്റിൽ ലഭ്യമാണ്. 4000 രൂപ മുതലാണ് വില. ഇത്തരം സ്റ്റാർട്ടറുകൾ കൂടുതൽ ഉപയോഗിക്കുന്നത് തോട്ടങ്ങളിലെയും കൃഷി സ്ഥലങ്ങളിലെയും ജലസേചനത്തിനാണ്.