പാലക്കാട്: ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനം വരുംമുമ്പേ പാലക്കാട് നിയോജക മണ്ഡലത്തിൽ സിറ്റിംഗ് എ.എൽ.എ ഷാഫി പറമ്പിൽ തിരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. അഞ്ചുദിവസം നീണ്ടുനിൽക്കുന്ന യു.ഡി.എഫ് പ്രചാരണ പദയാത്രയായ 'തുടർ യാത്രയ്ക്കാണ് ' തിങ്കളാഴ്ച പിരായിരിയിലെ പൂടൂരിൽ തുടക്കമായി. കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ചന്ദ്രൻ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. ഇന്നലെ പിരായിരി പഞ്ചായത്തിൽ നിന്നാരംഭിച്ച യാത്ര ആദ്യദിനം ഇരുപത്തിമൂന്ന് കേന്ദ്രങ്ങളിൽ പര്യടനം നടത്തി വൈകീട്ട് മേപ്പറമ്പിൽ സമാപിച്ചു. ഇന്ന് പാലക്കാട് ടൗണിലും 12ന് മാത്തൂർ പഞ്ചായത്തിലും 13ന് വീണ്ടും പാലക്കാട് നഗരത്തിലും 14ന് കണ്ണാടി പഞ്ചായത്തിലുമായാണ് യാത്ര പര്യടനം നടത്തുക.
വിമത സ്വരമുയർത്തിയ മുൻ ഡി.സി.സി പ്രസിഡന്റ് എ.വി.ഗോപിനാഥിന് പാലക്കാട് നൽകി തന്നെ പട്ടാമ്പിയിലേക്ക് പരിഗണിക്കുന്നുവെന്ന വാർത്ത ഷാഫി പറമ്പിൽ തള്ളി. താൻ പട്ടാമ്പിയിലേക്ക് മാറുമെന്ന വാർത്തകൾ അഭ്യൂഹം മാത്രമാണ്. പട്ടാമ്പിയിലേക്ക് മാറാമായിരുന്നെങ്കിൽ അതെനിക്ക് നേരത്തെ ആവാമായിരുന്നു. ചെറിയ പ്രായത്തിൽ ഒരു തുടക്കക്കാരനായി വന്നപ്പോൾ എല്ലാ പതർച്ചകളിലും ചേർത്തുപിടിച്ച പ്രദേശമാണ് പാലക്കാട് മണ്ഡലം. അകമറിഞ്ഞ് പിന്തുണ നൽകിയിട്ടുണ്ട്. യു.ഡി.എഫ് കേരളം മുഴുവൻ തോറ്റപ്പോഴും പതിനേഴായിരം വോട്ടിന് എന്നെ ജയിപ്പിച്ച ജനതയാണ്. അവർക്ക് എന്നെവേണ്ടായെന്ന് പറയുന്നിടത്തോളം കാലം ഞാൻ ഇവിടെ നിന്ന് പോകാൻ ഉദ്ദേശിക്കുന്നില്ല. പാലക്കാട് നിയോജകമണ്ഡലത്തിൽ ഏത് വലിയ സ്ഥാനാർത്ഥി വന്നാലും ജനങ്ങളാണ് അന്തിമതീരുമാനം എടുക്കുന്നത്. അവരിൽ എനിക്ക് വിശ്വാസം ഉണ്ടെന്നും ഇവിടെ മത്സരിക്കാൻ ഒരു ആശങ്കയുമില്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു.