chembu
വിൽക്കാനാവാതെ നശിച്ചുപോകുന്ന ചേമ്പ്

മംഗലംഡാം: കിഴങ്ങുവിളകൾ പറിച്ചെടുക്കാതെ ഉപേക്ഷക്കേണ്ട ഗതകേടിലാണ് കർഷകർ. കപ്പ, ചേന, ചേമ്പ്, കാച്ചിൽ, മധുരക്കിഴങ്ങ്, ഇഞ്ചി, മഞ്ഞൾ എന്നിവയ്‌ക്കൊന്നിനും വിലയില്ല. പറിച്ചെടുക്കാനുള്ള ചെലവുപോലും കിട്ടാത്ത സ്ഥിതിയിൽ പലരും വിളവ് ഉപേക്ഷിക്കുകയാണ്. ഒരു കാലത്ത് ആഹാരവും ആശ്രയവുമായിരുന്ന വിളകൾ ഇന്ന് കർഷകർക്ക് നൽകുന്നത് ദുരിതവും കടക്കെണിയും മാത്രമാണ്.

പ്രതികൂല കാലാവസ്ഥയും കാട്ടുപന്നിയുടെ ശല്യവുമൊക്കെ മറികടന്ന് ഉല്പാദിപ്പിച്ച വിളകളാണ് നശിക്കുന്നത്. കൊവിഡിനെ തുടർന്നുള്ള അടച്ചിടൽ കാലത്ത് യുവകർഷകർ മണ്ണിലിറങ്ങി ആവേശത്തോടെ പണിയെടുത്തിരുന്നു. ഈ ഉല്പന്നങ്ങളും വിലയില്ലാതെ നശിക്കുകയാണ്.

ഹോസ്റ്റലുകൾ അടഞ്ഞതും ഹോട്ടൽ വ്യവസായം മെച്ചപ്പെടാത്തതുമാണ് വിലയിടിവിന്റെ കാരണമായി വ്യാപാരികൾ ചൂണ്ടിക്കാണിക്കുന്നത്.

മൊത്തമായി വാങ്ങാൻ ആളില്ല.

കപ്പയുടെ ചില്ലറ വില്പന വില 12-15 രൂപ മാത്രമാണ്. ഉരുളൻ ചേമ്പിന് 20ഉം. ചീയൽ വന്ന് വ്യാപകമായി നശിച്ചുപോയിട്ടും ബാക്കിയുള്ള ഉല്പാദിപ്പിച്ച ഇഞ്ചിക്ക് ആവശ്യക്കാരില്ല.

വാട്ടുകപ്പയാക്കി പിടിച്ചുനിൽക്കാനുള്ള ശ്രമവും വിഫലമാവുകയാണ്. കേവലം 50 രൂപ മാത്രമാണ് ഉണക്കുകപ്പയുടെ വില. നാലുകിലോ കപ്പ ഉണങ്ങിയാലാണ് ഒരു കിലോ കിട്ടുക. ഇതിന് 20 രൂപ കൂലിയാകും. കർഷകർ സ്വന്തമായി വിലക്കുറവിന്റെ ബോർഡ് വെച്ച് വിള നശിക്കാതെ വിറ്റഴിക്കാൻ ശ്രമിക്കുന്നുണ്ട്. താങ്ങുവില പ്രഖ്യാപനം പ്രതീക്ഷ നൽകിയെങ്കിലും അതിന് നടപടിയായില്ല.