വടക്കഞ്ചേരി: നെന്മാറ, അയിലൂർ, കയ്പഞ്ചേരി പാടശേഖരങ്ങളിൽ കൊയ്ത്തിനൊപ്പം സപ്ലൈകോ നെല്ല് സംഭരണത്തിനും തുടക്കമായി. വ്യാപകമായി സംഭരണം അടുത്ത ദിവസങ്ങളിൽ തുടങ്ങും. നെന്മാറയിൽ പത്തു പാടശേഖര സമിതികളിലും അയിലൂരിൽ മൂന്നു പാടശേഖരങ്ങളിലുമാണ് നെല്ല് സംഭരണം തുടങ്ങിയത്.
നെന്മാറയിലെ വല്ലങ്ങി, വിത്തനശ്ശേരി, മാട്ടായി, കോതശേരി, അകമ്പാടം, ചന്ദലൂർ, അയിനംപ്പാടം, തേവർമണി, ചേരുംകാട്, കല്ലങ്കോട് സമിതികളിലും അയിലൂർ അടിപ്പെരണ്ട, അരിയക്കോട്, തോടുകാട് സമിതികളിലുമാണ് സംഭരണത്തിന് തുടക്കമായത്. നാമമാത്ര കർഷകർക്കേ ഉണക്കി സൂക്ഷിയ്ക്കുന്നതിനുള്ള സൗകര്യങ്ങമുള്ള കളപ്പുരയുള്ളൂ. ചെറുകിട കർഷകർ കൊയ്ത ഉടനെ സ്വകാര്യ മില്ലുകാർക്ക് കുറഞ്ഞ വിലയ്ക്ക് കൊടുക്കേണ്ട സ്ഥിതിയാണ്. ഈ സാഹചര്യം മുതലെടുക്കുന്ന കച്ചവടക്കാരും പ്രദേശത്ത് സജീവം. ഇതൊഴിവാക്കാൻ സംഭരണം വേഗത്തിലാക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു. നെല്ലുണക്കി പതിരുകളഞ്ഞ് കാറ്റത്തിടാനും മറ്റുമായുള്ള പണിക്ക് നല്ലൊരു തുക ചിലവാകും. തൊഴിലുറപ്പു പണി തുടങ്ങിയതോടെ പാടത്ത് തൊഴിലാളികളെ കിട്ടാത്ത അവസ്ഥയിലാണ്.
പലയിടങ്ങളിലും യന്ത്രക്കൊയ്ത്തിന് വാടക ഏകീകരണമില്ലെന്ന പരാതിയുണ്ട്. ഇതിന് പിന്നിൽ ഏജന്റുമാരുടെ കളിയാണെനും കർഷകർ പറയുന്നു. ചെറിയ തോതിൽ പാടശേഖരങ്ങളിൽ വെള്ളമുള്ളതിനാൽ ചെയിൻ ഘടിപ്പിച്ച യന്ത്രമാണ് ഉപയോഗിക്കുന്നത്.