ചിറ്റൂർ: തണുപ്പിച്ചതാണെങ്കിലും അല്ലെങ്കിലും സർക്കാർ ഉത്തരവ് പ്രകാരം ഏത് കമ്പനിയുടെ ഒരു ലിറ്റർ കുപ്പിവെള്ളത്തിനും 13 രൂപയാണ് ന്യായവില. പലരും തണുപ്പിച്ചതിന്റെ പേരിൽ 15 രൂപ ഈടാക്കുന്നുണ്ട്. വേനൽക്കാലം വന്നതോടെ പുതിയ തട്ടിപ്പുമായി കുപ്പിവെള്ള കച്ചവടം കൊഴുക്കുകയാണ്.
എം.ആർ.പി 20 രൂപ പ്രിന്റ് ചെയ്ത കുപ്പിവെള്ളം തമിഴ്നാട് കമ്പനിയുടെ പേരിൽ അതിർത്തി പ്രദേശങ്ങളിൽ എത്തിച്ച് വ്യാപകമായി വില്പന നടത്തുന്നതായാണ് പരാതി. ഇത് ഉപഭോക്താക്കളെ പറ്റിക്കുന്നതും നിയമവിരുദ്ധവുമാണ്. 13 രൂപയിൽ കൂടുതൽ ഈടാക്കിയാൽ 5000 രൂപ വരെ പിഴ ഈടാക്കാമെന്നിരിക്കെ ഇതെല്ലാം കാറ്റിൽപ്പറത്തിയാണ് അമിത വില ഈടാക്കുന്നത്. ഇക്കാര്യത്തെ കുറിച്ച് ഉപഭോക്താക്കളുടെ ഇടയിലുള്ള അജ്ഞത മുതലെടുത്താണ് നിയവിരുദ്ധമായി അമിത വില ഈടാക്കുന്നത്.
13 രൂപയിൽ കൂടുതൽ ഈടാക്കിയാൽ താലൂക്ക് ലീഗൽ മെട്രോളജി, ജില്ലാ ലീഗൽ മെട്രോളജി എന്നിവിടങ്ങളിലും, താലൂക്ക് സപ്ലൈ ഓഫീസിലും പരാതി നൽകാവുന്ന കാര്യവും ഉപഭോക്താക്കൾ മനസിലാക്കുന്നില്ല. കുപ്പിവെള്ള വില ചൂഷണത്തിനെക്കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ചിറ്റൂർ പ്രതികരണ വേദി അധികൃതർക്ക് പരാതി നൽകി.