പാലക്കാട്: കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചടങ്ങുകളോടെ ജില്ലയിലെ ശിവക്ഷേത്രങ്ങളിലെല്ലാം ശിവരാത്രി ആഘോഷങ്ങൾ നടന്നു. രാവിലെയും വൈകീട്ടും മിക്ക ക്ഷേത്രങ്ങളിലും ഭക്തരുടെ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. യാക്കര വിശ്വേശ്വര ക്ഷേത്രത്തിൽ ശിവരാത്രി ഉത്സവത്തോടനുബന്ധിച്ച് രാവിലെ വിശേഷാൽ പൂജകൾ, യാമപൂജ, ലക്ഷാർച്ചന, മഹാരുദ്രാഭിഷേകം എന്നിവ നടന്നു. കല്ലേക്കാട് കുറിച്ചിമല മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രി വിളക്ക് പഞ്ചദിനത്തോടനുബന്ധിച്ച് രാവിലെ വിശേഷാൽ പൂജകൾ, വൈകീട്ട് നാദസ്വരം, പുഷ്പാഭിഷേകം, ശിവരാത്രി വിളക്ക്, തിടമ്പുക്ഷേത്ര പ്രദക്ഷിണം, പഞ്ചാരിമേളം എന്നിവ നടന്നു. കുനിശ്ശേരി അങ്കാളപരമേശ്വരി ക്ഷേത്രത്തിൽ രാവിലെ വിശേഷാൽ പൂജകൾ, വൈകീട്ട് അഞ്ചിന് നാദസ്വരക്കച്ചേരി, ചുറ്റുവിളക്ക്, നിറമാല എന്നിവ നടന്നു. കൊട്ടേക്കാട് പാഞ്ചാലിയമ്മൻ ക്ഷേത്രത്തിൽ രാവിലെ മുതൽ വൈകീട്ട് വരെ വിശേഷാൽ പൂജകൾ നടന്നു. കണ്ണാടി തുപ്പല്ലൂർ ശിവക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ, അഖണ്ഡനാമജപം എന്നിവ നടന്നു. കൊടുമ്പ് ഓലശ്ശേരി ദേവർവട്ടം ശിവക്ഷേത്രം, മുണ്ടൂർ വിക്രമുണ്ഡേശ്വരം ക്ഷേത്രം, കല്ലേക്കാട് കുറിച്ചിമല മഹാദേവക്ഷേത്രം, വടക്കന്തറ സന്താനകാമാക്ഷിയമ്മൻ ക്ഷേത്രം, കൊടുന്തിരപ്പുള്ളി അത്താഴനല്ലൂർ ശിവക്ഷേത്രം എന്നിവിടങ്ങളിലും വിശേഷാൽ പൂജകൾ, പ്രസാദവിതരണം, ദീപാരാധന എന്നിവ നടന്നു.