farmer

ഇന്ത്യയിൽ നെല്ലിന് ഏറ്റവും കൂടുതൽ താങ്ങുവില നൽകുന്ന സംസ്ഥാനമാണ് കേരളം. ഈ ഏപ്രിൽ മുതൽ കിലോയ്ക്ക് 28 രൂപയാണ് നെല്ലളക്കുന്ന കർഷകരുടെ കൈകളിലെത്തുക. ഒറ്റനോട്ടത്തിൽ കർഷക സൗഹൃദമാണ് കേരളമെന്ന് തോന്നുമെങ്കിലും യാഥാർത്ഥ്യം മറ്റൊന്നാണ്. നെല്ലിന്റെ താങ്ങുവില ഉയർത്തിയെങ്കിലും അതിന്റെ നേട്ടം കർഷകന് ലഭിക്കുന്നുണ്ടോ എന്നത് പരിശോധിക്കപ്പെടേണ്ടതാണ്.

കൊയ്‌ത്തുകാലമാവുമ്പോൾ നാടിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ളവർ പാടവരമ്പത്തെത്തും,​ കർഷകന്റെ പാത്രത്തിൽ കൈയിട്ടുവാരാൻ. മില്ലുടമകൾ, യൂണിയൻകാർ, ഇടനിലക്കാർ എന്നിങ്ങനെ വ്യത്യസ്ത വേഷങ്ങളിലാവും ഇവരെത്തുക. താങ്ങുവില ഉറപ്പാക്കാനും വിപണനവുമായി ബന്ധപ്പെട്ട ചൂഷണങ്ങൾ അവസാനിപ്പിക്കാനും കാർഷിക മേഖലയിലെ കോർപ്പറേറ്റ് വത്കരണത്തിനുമെതിരെ ഡൽഹിയിൽ നടക്കുന്ന ഐതിഹാസിക സമരത്തിന് കേരളവും ഐക്യദാർഢ്യം പ്രഖ്യാപിക്കുമ്പോഴാണ് നമ്മുടെ നാട്ടിലെ ഈ ദുരവസ്ഥ എന്നോർക്കണം.

യൂണിയൻകാർക്ക് മൂക്കുകയറിടാതെ സർക്കാർ

നിലവിൽ നെല്ലിന്റെ സംഭരണവില 27.48 രൂപയാണ്. ഏപ്രിൽ മുതൽ കിലോയ്ക്ക് 52 പൈസയുടെ വിലവർദ്ധനയുണ്ടാകും. എന്നാൽ, കൊയ്‌ത്തുകൂലിയിലും ചുമട്ടുകൂലിയിലുമുണ്ടാകുന്ന വർദ്ധന പരിഗണിക്കുമ്പോൾ കിലോയ്ക്ക് 10 പൈസയെങ്കിലും അധികം കിട്ടിയാൽ അത്രയും ലാഭമെന്ന് നെൽക്കർഷകർ പറയുന്നു. നെല്ലിന്റെ കൈകാര്യച്ചെലവായി സർക്കാർ നൽകുന്ന തുക ആനുപാതികമായി വർദ്ധിപ്പിക്കാത്തതാണ് ഇതിനു കാരണം. നെല്ലുസംഭരണം തുടങ്ങിയ കാലത്ത് നിശ്ചയിച്ച 12 രൂപയാണ് ഒരു ക്വിന്റലിന് കൈകാര്യച്ചെലവായി ലഭിക്കുന്നത്. ലോറി സൗകര്യമുള്ള പാടങ്ങളിൽപ്പോലും ക്വിന്റലിന് 150 രൂപയോളം വാരുകൂലിയും ചുമട്ടുകൂലിയുമായി നൽകേണ്ടിവരുന്നുണ്ട്. രണ്ടുചാക്ക് നെല്ല് ചുമന്ന് ലോറിയിൽ കയറ്റുന്നതിന് യൂണിയൻകാർ ഈടാക്കുന്നത് 120 രൂപയാണ്. നോക്കുകൂലി അവസാനിപ്പിക്കുമെന്ന് പറയുന്ന സർക്കാർ ഈ പകൽക്കൊള്ള കണ്ടില്ലെന്ന് നടിക്കുന്നു. രണ്ടുചാക്ക് സിമന്റ് ലോഡ് ചെയ്യുന്നതിന് സംസ്ഥാനത്ത് അംഗീകൃത നിരക്കുണ്ട്, ക്വിന്റലിന് 24 - 30 രൂപ. നെല്ലിന് പക്ഷേ, അതിന്റെ ഇരട്ടിത്തുക നൽകേണ്ട അവസ്ഥയാണ്.

കേരളത്തിലെ എല്ലാ ജില്ലകളിലും നെല്ല്, അരി, രാസവളം, റേഷൻ സാധനങ്ങൾ, സിമന്റ് തുടങ്ങിയവയുടെ 50 കിലോ ചാക്കിനു കയറ്റിറക്ക് കൂലി തീരുമാനിച്ചിട്ടുണ്ട്. അതിന്റെ നാലിരട്ടിയാണ് പലയിടങ്ങളിലും കർഷകരിൽനിന്നു വാങ്ങുന്നത്. ചോദ്യം ചെയ്താൽ നെല്ല് കയറ്റില്ലെന്നും ഭീഷണിപ്പെടുത്തും. നെല്ല് കയറ്റുന്നതിന് കർഷകൻ കൂലി കൊടുക്കേണ്ടതില്ലെന്ന് കേരള ഹൈക്കോടതി വിധിയുണ്ടെങ്കിലും സപ്ലൈകോയുടെ ഭാഗത്തുനിന്ന് വ്യക്തമായ തീരുമാനം വന്നിട്ടില്ലെന്നത് തിരിച്ചടിയാണ്. ചുമട്ടുതൊഴിലാളികളുടെ അമിതമായ കൂലി മൂലം ഒരു സീസണിൽ പാലക്കാട് ജില്ലയിൽ മാത്രം ഏകദേശം രണ്ടുകോടി രൂപയാണ് കർഷകർക്കു നഷ്ടം.

മില്ലുകാർക്കുവേണ്ടി

സംഭരണം വൈകിപ്പിക്കുന്നു

വൈകി ആരംഭിക്കുന്നതും വൈകി അവസാനിക്കുന്നതും വൈകിമാത്രം പണം നൽകുന്നതുമായ പ്രതിഭാസമായി നെല്ല് സംഭരണം മാറി. സംസ്ഥാനത്ത് ജൂണിൽ വിരിപ്പുകൃഷിയും ഒക്ടോബറിൽ പുഞ്ചക്കൃഷിയും തുടങ്ങുമെന്നു കൃഷിവകുപ്പിനും സപ്ലൈകോയ്ക്കും അറിയാം. നെല്ലുസംഭരണപദ്ധതി രേഖകളിൽ ഇതു വ്യക്തമാക്കിയിട്ടുമുണ്ട്. 110 - 130 ദിവസം മൂപ്പുള്ള വിത്തുകൾ ഈ കാലയളവിൽ വിതച്ചാൽ സെപ്‌തംബറിൽ നെല്ല് സംഭരണത്തിനു പാകമാകും. എന്നാൽ സംഭരണം പിന്നെയും വൈകുന്നതുകൊണ്ടു മഴ നനയാതിരിക്കാൻ നെല്ല് കിടപ്പുമുറിയിലും മറ്റും സൂക്ഷിക്കേണ്ട അവസ്ഥയാണ്. ഒരാഴ്ചയിൽ കൂടുതൽ സൂക്ഷിക്കുമ്പോൾ നെല്ലിന്റെ തൂക്കം കുറയുന്നതു കൊണ്ടുള്ള നഷ്ടം വേറെയും.

സെപ്‌തംബർ ഒന്നിനു സംഭരണം ആരംഭിക്കണമെന്ന് സംസ്ഥാന സർക്കാർ 2016–17ൽ രൂപീകരിച്ച കമ്മിറ്റി നിർദ്ദേശിച്ചിട്ടുണ്ട്. പക്ഷേ, അത് യഥാസമയം നടപ്പാക്കാൻ സർക്കാരിന് ഉത്സാഹമില്ലെന്നതാണ് പ്രധാന പ്രശ്നം. സംഭരണം വൈകുമ്പോൾ കൊയ്തെടുത്ത നെല്ല് സ്വകാര്യ മില്ലുടമകൾക്കും മറ്റ് ഇടനിലക്കാർക്കും അവർ പറയുന്ന വിലയ്ക്കു കൊടുക്കേണ്ടി വരുന്നു. അടുത്ത സീസണിൽ വിളവിറക്കാൻ അതല്ലാതെ കർഷകന് മറ്റ് മാർഗങ്ങളൊന്നുമില്ല. ഒരേക്കറിലെ ശരാശരി വിളവായ 2200 കിലോ നെല്ലിനു താങ്ങുവില 27.48 രൂപ പ്രകാരം 60,456 രൂപ കിട്ടണം. ഇത് 17 രൂപയ്ക്കു ഇടനിലക്കാർക്കും മറ്റും നൽകുമ്പോൾ ലഭിക്കുക 37,400 രൂപ മാത്രം. കർഷകന് നഷ്ടം 23,056 രൂപയും. സംഭരണം യഥാസമയം നടത്തിയാൽ ഈ നഷ്ടം ഒഴിവാക്കാം.

സെപ്‌തംബറിൽ നെല്ല് സംഭരിക്കണമെങ്കിൽ ആഗസ്റ്റിൽ മില്ലുകാരുമായി കരാർ ഒപ്പിടണം. അതോടൊപ്പം വില കൊടുക്കാൻ ബാങ്കുകളുമായും കരാറിലേർപ്പെടണം. ഇൗ അടുത്തകാലത്ത് പറഞ്ഞ സമയത്തിൽ സംഭരണം നടന്നതായി കർഷകർക്ക് ഓർമ്മയില്ല. ഇത് അന്നമൂട്ടുന്നവരോടുള്ള കടുത്ത അനീതിയാണ്.

ഈർപ്പത്തിന്റെ പേരിൽ വിലപേശൽ

ഈർപ്പത്തിന്റെ പേരിലുള്ള തർക്കങ്ങളാണ് മറ്റൊരു തലവേദന. ഈർപ്പത്തിന്റെ പേരിൽ വലിയ ചൂഷണമാണ് മില്ലുകാർ നടത്തുന്നത്. ശരിയായ വിധത്തിൽ ഈർപ്പം നിർണയിച്ച് തർക്കങ്ങൾ ഒഴിവാക്കുന്നതിനു ചുമതലപ്പെട്ട പാഡി ഓഫീസർമാരാവട്ടെ, കാഴ്ചക്കാരായി നിൽക്കുകയും ചെയ്യും. ഈർപ്പം അല്‌പം കൂടിയാൽ നെല്ല് എടുക്കില്ലെന്നു പറയുന്ന ഏജന്റ് തന്നെ 50 കിലോയ്ക്ക് അഞ്ച് കിലോ കിഴിച്ചാൽ എടുക്കാമെന്ന് വിലപേശും. കൃഷി ഉദ്യോഗസ്ഥർ പരിശോധിച്ചശേഷം കൊണ്ടുപോകുന്ന ഉണങ്ങിയ നെല്ല് രണ്ടു ദിവസം കഴിഞ്ഞ് നിറമില്ലെന്നും മറ്റും പറഞ്ഞ് തിരിച്ചു കൊണ്ടുപോകാൻ പറയുന്നതുമൊക്കെ സംഭരണകാലത്തെ പതിവുകാഴ്ചകളാണ്. ഇത്തരം സന്ദർഭങ്ങളിൽ പാവം കർഷകന്റെ ‘വിഷമം’ മനസിലാക്കിയ ഏജന്റ് സഹായിക്കാമെന്ന നാട്യത്തിൽ ഒരു ക്വിന്റലിന് 10 കിലോ കൂടി കിഴിവ് ചെയ്യണമെന്നാവശ്യപ്പെട്ടാൽ സമ്മതിക്കുകയല്ലാതെ കർഷകനു വേറെ വഴിയില്ല. ഇതുമൂലം കർഷകന് ഒരു ക്വിന്റലിന് 275 രൂപയോളം നഷ്ടമുണ്ടാകുന്നു. പരാതിയുമായി സപ്ലൈകോ ഓഫീസിൽ ചെന്നാൽ മില്ലുകാരെ സഹായിക്കുന്ന തരത്തിലാവും മറുപടി. കൃഷി ഉദ്യോഗസ്ഥർ പരിശോധിച്ച് ഉറപ്പു വരുത്തിയ നെല്ല് മറ്റാർക്കും ഗുണപരിശോധന നടത്താനോ നിരസിക്കാനോ അധികാരമില്ലെന്നു ഹൈക്കോടതി വ്യക്തമായി പറഞ്ഞിട്ടുണ്ട്. എന്നാൽ ഇതൊക്കെ മറച്ചുവച്ചുകൊണ്ട് മില്ലുകാരും സപ്ലൈകോ ഉദ്യോഗസ്ഥരും കർഷകരെ ചതിക്കുകയാണ്. കർഷകരുടെ വിഷയത്തിൽ രാഷ്ട്രീയ ലാഭം നോക്കാതെ നടപടിയെടുക്കാൻ ഭരണകൂടം ഇനിയും വൈകിക്കൂടാ.