c

ഷൊർണൂർ: കൊവിഡിനെ തുടർന്ന് ക്ലാസ് മുറികൾ വീട്ടിനുള്ളിലേക്കും ബ്ലാക്ക് ബോർഡിൽ കണ്ണുനട്ടിരുന്ന കുട്ടികൾ ഡിജിറ്റൽ സ്‌ക്രീനുകളിലേക്കും മാറിയപ്പോൾ ആദ്യം അമ്പരപ്പായിരുന്നു. ഈ രീതി ശരിയാകുമോ എന്ന സംശയമായിരുന്നു അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും. 2021 ജൂൺ ഒന്നിന് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിക്ടേഴ്സ് ചാനൽ വഴി ഫസ്റ്റ് ബെൽ എന്ന പേരിൽ ഓൺലൈനായി പുതിയ അദ്ധ്യായന വർഷം തുടങ്ങിയ ശേഷം വളരെ വേഗത്തിൽ പരമ്പരാഗത രീതിയെക്കാൾ അനുയോജ്യമായ പാഠ്യരീതിയായി ക്ലാസുകൾ വിലയിരുത്തപ്പെട്ടു.

ഒന്നുമുതൽ ഏഴുവരെ ക്ലാസുകൾക്ക് അരമണിക്കൂർ, എട്ട്, ഒമ്പതിന് ഒരുമണിക്കൂർ, പത്തിന് ഒന്നര മണിക്കൂർ, പ്ലസ്ടുവിന് രണ്ടുമണിക്കൂറുമാണ് ക്ലാസുകൾ വിക്ടേഴ്സ് ചാനൽ വഴി നൽകിയത്. എന്നാൽ അദ്ധ്യയന വർഷത്തിന്റെ അവസാനം ഓൺലൈൻ പഠനത്തിനൊപ്പം ഓടിയെത്താനാവാതെ കിതയ്ക്കുകയാണ് വിദ്യാർത്ഥികളോടൊപ്പം രക്ഷിതാക്കളും അദ്ധ്യാപകരും.

ലോവർ പ്രൈമറിയിൽ സ്‌കൂളുകളിൽ പത്തുമുതൽ നാലുമണിക്കൂർ സമയമാണ് നൽകിയിരുന്നത്. ഓൺലൈൻ ക്ലാസ് അരമണിക്കൂറും തുടർന്നുള്ള പഠനപ്രവർത്തനങ്ങളും കണക്കാക്കുമ്പോൾ നാലുമണിക്കൂർ പഠനസമയം കൃത്യമായിരുന്നു. എന്നാൽ മാർച്ചിൽ പാഠഭാഗങ്ങൾ തീർക്കണമെന്ന ലക്ഷ്യത്തിൽ പഠനസമയം ദീർഘിപ്പിച്ചതാണ് രക്ഷിതാക്കളെയും വിദ്യാർത്ഥികളെയും വലയ്ക്കുന്നത്. കുട്ടികളുടെ പഠനത്തിന് രക്ഷിതാക്കളാണ് മേൽനോട്ടം വഹിക്കുന്നത്. സമൂഹമാദ്ധ്യമങ്ങൾ വഴി അദ്ധ്യാപകർ വിലയിരുത്തലും മൂല്യനിർണയവും നടത്തുന്നു.

സാങ്കേതിക പരിജ്ഞാനം കുറഞ്ഞ രക്ഷിതാക്കൾക്കും അവരുടെ കുട്ടികൾക്കും പഠനസമയം ദീർഘിപ്പിച്ചതോടെ ക്ലാസുകൾ ഫലപ്രദമാക്കാനാവാത്ത അവസ്ഥയാണ്. വീട്ടിൽ കൂടുതൽ കുട്ടികൾ വിദ്യാർത്ഥികളുണ്ടെങ്കിൽ പഠനം വലിയ ബുദ്ധിമുട്ടാണ്.

പ്രൈപറി ക്ലാസുകളിലെ കുട്ടികളുടെ പഠനമാണ് പ്രതിസന്ധിയിലായത്. ഇതോടൊപ്പം വിവിധ മത്സര പരീക്ഷകൾക്കുള്ള തയ്യാറെടുപ്പും കുട്ടികൾക്ക് മാനസിക സമ്മർദം നൽകുന്നു. സിലബസ് കുറച്ച് പഠനഭാരം കുറയ്ക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്നാണ് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം.