
കോങ്ങാട്ടെ സ്ഥാനാർത്ഥി പ്രഖ്യാപനം കാത്ത് യു.ഡി.എഫും എൻ.ഡി.എ.യും
പാലക്കാട്: കർഷക തൊഴിലാളി പ്രക്ഷോഭങ്ങളും സോഷ്യലിസ്റ്റ് ചിന്തയും നക്സലിസവുമെല്ലാം ഇഴചേർന്നതാണ് കോങ്ങാടിന്റെ രാഷ്ട്രീയ ചരിത്രം. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി സമ്പൂർണ പരാജയം ഏറ്റുവാങ്ങിയപ്പോഴും ഭേദപ്പെട്ട മത്സരം കാഴ്ചവെച്ചത് കോങ്ങാട് മാത്രമാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം സൃഷ്ടിക്കാനും എൽ.ഡി.എഫിന് സാധിച്ചു. ടോസിലൂടെ ഭരണം ലഭിച്ച മങ്കര മാത്രമാണ് യു.ഡി.എഫിനൊപ്പമുള്ളത്. കേരളശേരിയിലും പറളിയിലും ബി.ജെ.പി നേട്ടമുണ്ടാക്കി. മണ്ണൂരിൽ സി.പി.ഐ ഇടഞ്ഞുനിൽക്കുന്നതൊഴിച്ചാൽ ഇടത് ക്യാമ്പ് സജീവമാണ്. ഇടതിനൊപ്പം ചേർന്ന കേരള കോൺഗ്രസ് ജോസ് വിഭാഗം ജില്ലാ പഞ്ചായത്ത് കാഞ്ഞിരപ്പുഴ ഡിവിഷനിൽ വിജയം നേടിയതും ശ്രദ്ധേയമാണ്.
നിയമസഭാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോൾ സിറ്റിംഗ് എം.എൽ.എ കെ.വി.വിജയദാസിന്റെ അകാലത്തിലുള്ള വിയോഗത്തിനിടെ സീറ്റ് നിലനിറുത്താൻ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരിയെയാണ് സി.പി.എം നിയോഗിച്ചത്. യു.ഡി.എഫിൽ എ.ഐ.സി.സി അംഗം കെ.എ.തുളസിയുടെ പേരാണ് ആദ്യഘട്ടത്തിൽ ഉയർന്നിരുന്നത്. അതിനിടെ പട്ടാമ്പിക്ക് പകരം കോങ്ങാട് നൽകാമെന്ന് ലീഗിനോട് കോൺഗ്രസ് നേതൃത്വം അറിയിച്ചത് സ്ഥാനാർത്ഥി നിർണയം അനിശ്ചിതത്വത്തിലാക്കി. ലീഗിന് കോങ്ങാട് മത്സരിക്കുന്നതിൽ താല്പര്യമില്ല.
ബി.ജെ.പി.ക്ക് വേണ്ടി 2016ൽ മത്സരിച്ച രേണു സുരേഷിന്റെ പേര് ആദ്യഘട്ടത്തിൽ ഉയർന്നിരുന്നെങ്കിലും ധാരണയായിട്ടില്ല. ഇന്നോ നാളെയോ യു.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർത്ഥി പ്രഖ്യാപനം നടക്കുമെന്നാണ് പ്രതീക്ഷ. ഇതോടെ മണ്ഡലത്തിലെ മത്സര ചിത്രം വ്യക്തമാകും.
മണ്ഡല ചരിത്രം
2011ൽ മണ്ഡല രൂപീകരണ ശേഷം നടന്ന രണ്ട് തിരഞ്ഞെടുപ്പിലും വിജയം കെ.വി.വിജയദാസിനും എൽ.ഡി.എഫിനും ഒപ്പമായിരുന്നു. 2016ൽ 13,271 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോൺഗ്രസിലെ പന്തളം സുധാകരനെ വിജയദാസ് തോല്പിച്ചത്. കാഞ്ഞിരപ്പുഴ, കാരാകുറുശി, തച്ചമ്പാറ, കരിമ്പ, കേരളശേരി, കോങ്ങാട്, മങ്കര, മണ്ണൂർ, പറളി പഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന സംവരണ മണ്ഡലമാണിത്.