
ഇനിയും താളം വീണ്ടെടുക്കാതെ ട്രെയിൻ ഗതാഗതം
ഒറ്റപ്പാലം: യാത്രക്കാരില്ലാതെയും യാത്രയയപ്പുകാരില്ലാതെയും പ്രധാന സ്ഥലങ്ങളിലെ റെയിൽവെ സ്റ്റേഷനുകൾ അടക്കം വിജനമായ കാഴ്ച. കേരളത്തിലെ ഏറ്റവും വലിയ റെയിൽവെ സ്റ്റേഷനായ ഷൊർണൂർ ജംഗ്ഷനിൽ പോലും നാമമാത്രമായ യാത്രക്കാരാണെത്തുന്നത്.
ഓരോ അരമണിക്കൂറിലും ഒരു തീവണ്ടി കടന്ന് വന്നിരുന്ന റെയിൽവെ കവലയായിരുന്നു ഷൊർണൂർ. പ്രതിദിനം 150ൽ പരം തീവണ്ടികൾ, 3000ത്തിലേറെ യാത്രക്കാർ, അതിന്റെ ഇരട്ടി യാത്രയയപ്പുകാർ, ലക്ഷങ്ങളുടെ വരുമാനം എന്നിങ്ങനെ ഏറെ തിരക്കിലായിരുന്നു ഷൊർണൂർ ജംഗ്ഷൻ. നാലുദിശകളിലായി രാജ്യത്തിന്റെ നാനാഭാഗത്തേക്ക് കുതിച്ചുപാഞ്ഞിരുന്ന അനേകം ദീർഘദൂര ട്രെയിനുകൾ ഒരു വർഷമായി നിലച്ചിരിക്കുകയാണ്.
ലോക്ക് ഡൗണിനെ തുടർന്ന് നിശ്ചലമായ റെയിൽ ഗതാഗതം ഇതുവരെയും താളം വീണ്ടെടുത്തിട്ടില്ല. ഒരു വർഷം പിന്നിടുമ്പോൾ ട്രെയിനുകൾ പലതും ഓടിത്തുടങ്ങിയെങ്കിലും യാത്രക്കാർ പഴയ രീതിയിലില്ല. മുംബൈ, ഡെൽഹി എന്നിങ്ങനെ ദീർഘദൂര തീവണ്ടികൾ ഓടിത്തുടങ്ങിയെങ്കിലും യാത്രക്കാർ തീരെ കുറവാണെന്ന് റെയിൽവെ പറയുന്നു. കേരളത്തിലെ കൊവിഡ് വർദ്ധനവിനെ തുടർന്ന് തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, ഡെൽഹി മുതലായ സംസ്ഥാനങ്ങൾ ഇവിടെ നിന്നുള്ള യാത്രക്കാർക്ക് കർശന നിബന്ധന ഏർപ്പെടുത്തിയിരുന്നു. ഇതും യാത്രക്കാർ കുറയുന്നതിന് കാരണമായി.
ഷൊർണൂർ-കണ്ണൂർ, ഷൊർണൂർ-കൊച്ചി റൂട്ടുകളിൽ മെമു പാസഞ്ചർ ആരംഭിക്കുന്നതോടെ റെയിൽവെ സ്റ്റേഷനുകൾ സജീവമാകുമെന്ന പ്രതീക്ഷയിലാണ് റെയിൽവെ. റെയിൽവെ സ്റ്റേഷനുകളുടെ ശൂന്യത സ്റ്റാൾ നടത്തിപ്പുകാരുടെയും, യാത്രക്കാരെ കാത്ത് കഴിയുന്ന ഓട്ടോ-ടാക്സി ഡ്രൈവർമാരുടെ ഉപജീവനത്തെയും സാരമായി ബാധിച്ചു. റെയിൽ ഗതാഗതം എന്ന് പഴയ പടിയാവുമെന്ന ചിന്തയിലാണ് ഇവർ.