പാലക്കാട്: കൊടുംചൂടിന് നേരിയ ആശ്വാസമായി ജില്ലയിൽ വിവിധയിടങ്ങളിൽ മഴ പെയ്തു. ബുധനാഴ്ച രാത്രിയാണ് ഇടിയോട് കൂടിയ മഴ പെയ്തത്. 129.8 മി.മീ മഴയാണ് ജില്ലയിൽ ആകെ പെയ്തത്. ഇതോടെ തുടർച്ചയായി 40 ഡിഗ്രിയിൽ പൊള്ളിയ ജില്ലയിൽ ചൂട് അല്പം കുറഞ്ഞു. 37 ഡിഗ്രിയാണ് ഇന്നലത്തെ ഉയർന്ന താപനില. മുണ്ടൂർ ഐ.ആർ.ടി.സിയിലാണ് 37 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്. 23 ഡിഗ്രിയാണ് കുറഞ്ഞ ചൂട്. ആർദ്രത 69%.
പട്ടാമ്പിയിലും മലമ്പുഴയിലും ചൂട് കുറഞ്ഞു. ബുധനാഴ്ച 37.2 ഡിഗ്രിയായിരുന്ന പട്ടാമ്പിയിൽ ഇന്നലെ 34.8 ഡിഗ്രി ആണ് കൂടിയ താപനില. കുറഞ്ഞ 21.4. ആർദ്രത രാവിലെ 91%. മലമ്പുഴയിലും 34.8 ഡിഗ്രി സെൽഷ്യസാണ് ഇന്നലെ ഉയർന്ന താപനില. കുറഞ്ഞത് 21.5 ഡിഗ്രി. ആർദ്രത 41%. ജില്ലയിൽ കൂടുതൽ മഴ ലഭിച്ചത് മലമ്പുഴയിലാണ്.
കൊല്ലങ്കോട്: കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ കനത്ത കാറ്റും മഴയിലും മേഖലയിൽ വ്യാപകമായ നാശനഷ്ടം. മുതലമട കുറ്റിപ്പാടം സ്വദേശി ചാമിയുടെ വീട് തകർന്നു. നിരവധി വാഴകളും നെൽക്കൃഷിയും നശിച്ചു.