
മത്സരച്ചൂടേറി മണ്ണാർക്കാട്
മണ്ണാർക്കാട്: ദിവസങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്കൊടുവിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി ഹാട്രിക് തേടി മുസ്ലിം ലീഗിലെ അഡ്വ.എൻ.ഷംസുദ്ദീൻ കളത്തിലിറങ്ങുമ്പോൾ മണ്ഡലത്തിലെ മത്സരച്ചൂടേറുകയാണ്. ഇടത് സ്ഥാനാർത്ഥി സി.പി.ഐ ജില്ലാ സെക്രട്ടറി കെ.പി.സുരേഷ് രാജ് തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞ തവണ ഏറ്റുമുട്ടിയവർ തന്നെ വീണ്ടും ഏറ്റുമുട്ടുന്നുവെന്നതും മണ്ഡലത്തെ ശ്രദ്ധേയമാകുന്നു.
ഷംസുദ്ദീൻ സ്വന്തം നാടായ തിരൂരിലേക്ക് മാറുമെന്നും ലോക്‌സഭ സ്ഥാനാർത്ഥിയായി മലപ്പുറത്ത് മത്സരിക്കുമെന്നും അഭ്യൂഹം പരന്നിരുന്നു. ഇത്തരം ചർച്ച നേതൃത്വത്തിന് മുന്നിലുണ്ടായിരുന്നു. എന്നാൽ ഷംസുദ്ദീന്റെ അഭാവത്തിൽ മണ്ഡലം നിലനിറുത്തുക എന്നത് വെല്ലുവിളിയാകുമെന്ന് നേതൃത്വം തിരിച്ചറിയുകയായിരുന്നു. ഷംസുദ്ദീൻ അല്ലാതെ മറ്റൊരാളെ പരിഗണിക്കുകയാണെങ്കിൽ അത് മണ്ഡലത്തിൽ നിന്നുള്ള വ്യക്തി ആകണമെന്ന് പ്രാദേശിക നേതൃത്വം വാശി പിടിച്ചു. ഇതിനായി ആറോളം പേരുടെ ലിസ്റ്റ് നൽകി സമ്മർദ്ദമുണ്ടാക്കി. ഈ ആറുപേരിൽ ആരെ തിരഞ്ഞെടുത്താലും അത് പ്രാദേശിക തർക്കത്തിനിടയാക്കുമെന്ന് മനസിലാക്കിയാണ് സംസ്ഥാന നേതൃത്വം ഷംസുദ്ദീനെ തന്നെ രംഗത്തിറക്കിയത്.
ജില്ലയിലെ കത്തുന്ന ചൂടിനിടെ അതിനേക്കാൾ ചൂടേറിയ മത്സരത്തിനാണ് മണ്ഡലത്തിൽ കളമൊരുങ്ങിയത്.
വികസനം വോട്ടാക്കാൻ ലീഗ്
മണ്ഡലത്തിന് പുറത്ത് നിന്നെത്തി തുടർച്ചയായ രണ്ട് വിജയങ്ങളിലൂടെ ജനപ്രീതി പിടിച്ചു പറ്റിയ എം.എൽ.എ.യാണ് ഷംസുദ്ദീൻ. പാർട്ടിക്കതീതമായ പിന്തുണ ഷംസുദ്ദീന് കരുത്ത് പകരും. മൂന്നാം തവണയും ജയിക്കുകയും യു.ഡി.എഫ് അധികാരത്തിൽ വരികയും ചെയ്താൽ മന്ത്രി സ്ഥാനം ലഭിക്കുമെന്ന പ്രചാരണം അണികൾ നടത്തുന്നുണ്ട്.
പത്ത് വർഷത്തെ വികസന പ്രവർത്തനം തന്നെയാണ് പ്രധാന പ്രചാരണ ആയുധമെന്ന് ഷംസുദ്ദീൻ പറയുന്നു.
തിരിച്ചടിക്കാൻ സി.പി.ഐ
കഴിഞ്ഞ തവണ ഏറ്റുമുട്ടിയപ്പോഴത്തെ തോൽവിക്ക് കണക്കുതീർക്കാനുറച്ചാണ് കെ.പി.സുരേഷ് രാജിന്റെ നേതൃത്വത്തിൽ ഇടതുമുന്നണി പ്രവർത്തകർ രംഗത്തുള്ളത്. ഏത് വിധേനയും മണ്ഡലം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ പ്രാദേശിക സി.പി.എം-സി.പി.ഐ നേതൃത്വവും പ്രവർത്തകരും ഏറെ ഒത്തിണക്കത്തോടെ രംഗത്തുള്ളത് മുന്നണിയുടെ വിജയത്തിന് ആക്കം കൂട്ടുമെന്നാണ് നേതാക്കളുടെ വിലയിരുത്തൽ.
സ്ഥാനാർത്ഥിത്വം നേരത്തെ പ്രഖ്യാപിച്ചതും പ്രചാരണത്തിൽ മുന്നിലെത്തിയതുമെല്ലാം മുന്നണിക്ക് അനുകൂലമാകുമെന്നാമ് പ്രതീക്ഷ. തുടർ ഭരണമെന്ന മുദ്രാവാക്യവും ജനം ഏറ്റെടുത്തെന്ന് സുരേഷ് രാജ് പറയുന്നു.