നെല്ലിയാമ്പതി: നൂറടിപ്പുഴയിലെ ചെക്ക് ഡാമിൽ വ്യാഴാഴ്ച ചരിഞ്ഞ കാട്ടാനയുടെ ജഡം പോസ്റ്റുമോർട്ടത്തിന് ശേഷം സമീപ വനമേഖലയിൽ സംസ്കരിച്ചു. വനം വകുപ്പ് മൃഗഡോക്ടർ ഡേവിഡിന്റെ നേതൃത്വത്തിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ വയറ്റിൽ കൊമ്പനാനയുടെ കുത്തേറ്റ് ആഴത്തിലുള്ള മൂന്ന് മുറിവുണ്ടായതായി സ്ഥിരീകരിച്ചു. ഇണ ചേരുന്നതിനിടെ കൊമ്പനാന ആക്രമിച്ചതാകാമെന്ന് കരുതുന്നു. ഇതുകൂടാതെ നാല് ചെറിയ മുറിവുമുണ്ട്. ഒരു മാസം പഴക്കമുള്ള മുറിവ് പഴുത്ത് വ്രണമായ നിലയിലാണ്. കഴുത്തിന്റെ ഭാഗത്തെ ആഴത്തിലുളള മുറിവാണ് മരണകാരണം.
ആന്തരിക അവയവങ്ങൾക്ക് ക്ഷതം ഏൽക്കുകയും മുറിവിലൂടെ ധാരാളം രക്തം നഷ്ടപ്പെടാൻ ഇടയായതും മരണകാരണമായി. 40 വയസുള്ള പിടിയാനയാണ് ചരിഞ്ഞത്.
മണലാരു എസ്റ്റേറ്റിനകത്തെ നൂറടിപ്പുഴയിലെ ഗരുഡ ചെക്ക്ഡാമിൽ ബുധനാഴ്ച രാവിലെയാണ് പിടിയാനയെ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ ആന ചരിഞ്ഞു. ആനയെ കണ്ട സ്ഥലത്തുനിന്ന് 15 മീറ്റർ മാറിയാണ് ജഡം കണ്ടത്. വ്യാഴാഴ്ച രാത്രിയോടെ ക്രെയിൻ, മണ്ണുമാന്തി യന്ത്രം എന്നിവയുടെ സഹായത്തോടെ ജഡം കരയ്‌ക്കെത്തിച്ചു. വെറ്ററിനറി സർജനും വനംവകുപ്പ് ഉദ്യോഗസ്ഥരും വ്യാഴാഴ്ച നെല്ലിയാമ്പതിയിൽ എത്തിയെങ്കിലും രാത്രിയായതിനാൽ പോസ്റ്റുമോർട്ടം വെള്ളിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.