ele

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചരിത്രത്തിൽ മൂന്നാംതവണ ചൂണ്ടുവിരലിൽ മഷി പുരട്ടാനൊരുങ്ങുകയാണ് ഷൊർണൂർ മണ്ഡലം. തിരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം അവശേഷിക്കേ പോർക്കളത്തിന്റെ പൂർണ ചിത്രം ഇനിയും തെളിഞ്ഞില്ലെന്നതാണ് യാഥാർത്ഥ്യം. 2011ലെ മണ്ഡല പുനർനിർണയത്തിന് ശേഷം രൂപീകരിച്ച ഷൊർണൂരിൽ കഴിഞ്ഞ രണ്ടുതവണയും വിജയം ഇടതിനൊപ്പമായിരുന്നു. കഴിഞ്ഞ തവണ കാൽലക്ഷത്തിനടുത്ത് വോട്ടിന്രെ ഭൂരിപക്ഷത്തോടെയാണ് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ.ശശി വിജയച്ചെങ്കൊടി പാറിച്ചത്.

സ്ഥാനാർത്ഥി നിർണയം വേഗത്തിൽ പൂർത്തിയാക്കി പ്രചരണത്തിൽ ഒരടി മുന്നിലാണ് ഇടതുപക്ഷം. സിറ്റിംഗ് എം.എൽ.എ പി.കെ.ശശിക്ക് പകരം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.മമ്മിക്കുട്ടിയെയാണ് എൽ.ഡി.എഫ് കോട്ടകാക്കാൻ നിയോഗിച്ചത്. പല പേരുകളും യു.ഡി.എഫ് നേതൃത്വത്തിന് മുന്നിലെത്തിയിട്ടുണ്ടെങ്കിലും സ്ഥാനാർത്ഥിയാരെന്ന് അറിയാൻ ഔദ്യോഗിക പ്രഖ്യാപനം വരെ കാത്തിരിക്കണം. യുവപരീക്ഷണത്തിന് യു.ഡി.എഫ് തയ്യാറാകുമോ എന്നും കാത്തിരുന്നു കാണണം. തദ്ദേശ തിരഞ്ഞെടുപ്പിൽ നഗരസഭയിൽ നടത്തിയ മുന്നേറ്റം ബി.ജെ.പിക്കും വലിയ പ്രതീക്ഷ നൽകുന്നു.

വികസനം വോട്ടാക്കാൻ എൽ.ഡി.എഫ്

ഷൊർണൂർ, ചെർപ്പുളശേരി നഗരസഭകൾ, ചളവറ, വാണിയംകുളം, അനങ്ങനടി, തൃക്കടീരി, വെള്ളിനേഴി, നെല്ലായ പഞ്ചായത്തുകളും ഉൾക്കൊള്ളുന്ന മണ്ഡലമാണ് ഷൊർണൂർ. ഭാരതപ്പുഴയിലെ തടയണയുൾപ്പെടെയുള്ള കുടിവെള്ള പദ്ധതികളും റോഡ് നവീകരണവും മണ്ഡലത്തിലെ മറ്റ് വികസന നേട്ടങ്ങളും ഉയർത്തിക്കാട്ടിയാണ് എൽ.ഡി.എഫ് പ്രചരണം. അവസാന വർഷത്തോടെയാണ് ഇതിൽ പല പദ്ധതികളും പൂർത്തിയാക്കിയത് എന്ന വിമർശനമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്.

മമ്മിക്കുട്ടിയെ നേരിടാൻ ആരെല്ലാം?

സി.പി.എം ജില്ല സെക്രട്ടേറിയേറ്റ് അംഗം പി.മമ്മിക്കുട്ടിയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. 2011ൽ തൃത്താലയിൽ വി.ടി.ബൽറാമിനെതിരെ മത്സരിച്ച മമ്മിക്കുട്ടി കമ്യൂണിസ്റ്റ് പ്രവർത്തകനായ പാച്ചത്ത് മുഹമ്മദിന്റെയും ആമിനുവിന്റെയും മകനാണ്. കെ.എസ്.വൈ.എഫിലൂടെയാണ് ഇടത് രാഷ്ട്രീയത്തിലെത്തിയത്. സഹകരണ ക്ഷേമനിധി ബോർഡ് വൈസ് ചെയർമാനാണ്. സ്ഥാനാർത്ഥി പ്രഖ്യപനത്തിന് പിന്നാലെ അദ്ദേഹം മണ്ഡലത്തിൽ പ്രചരണത്തിന് തുടക്കമിട്ടു.

യു.ഡി.എഫിൽ കോൺഗ്രസ് മത്സരിക്കുന്ന മണ്ഡലത്തിൽ യുവാക്കൾ അല്ലെങ്കിൽ പുതുമുഖങ്ങളെ പരീക്ഷിക്കാനുള്ള സാദ്ധ്യതയാണുള്ളത്. കഴിഞ്ഞ തവണ മത്സരിച്ച് പരാജയപ്പെട്ട സി.സംഗീതയുടെ പേരും ജില്ലാ നേതൃത്വം കെ.പി.സി.സി.ക്ക് നൽകിയ ലിസ്റ്റിലുണ്ട്. കൂടാതെ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടി.എച്ച്.ഫിറോസ് ബാബുവിന്റെ പേരും ഉയരുന്നു. ബി.ജെ.പി ഓരോ തിരഞ്ഞെടുപ്പിലും തങ്ങുടെ വോട്ടുവിഹിതം വർദ്ധിപ്പിക്കുന്ന മണ്ഡലമാണിത്. ഷൊർണൂർ, വാണിയംകുളം മേഖലയിൽ പാർട്ടിക്ക് വലിയ മുന്നേറ്റമുണ്ടായിട്ടുണ്ട്.

2016ൽ എൻ.ഡി.എയിൽ ബി.ഡി.ജെ.എസ് ആണ് മത്സരിച്ചത്. അന്ന് വി.പി.ചന്ദ്രൻ 28,836 വോട്ട് നേടി മിന്നുന്ന പ്രകടനം കാഴ്ചവച്ചു. ഇപ്രാവശ്യം ബി.ഡി.ജെ.എസിന് ജില്ലയിൽ നെന്മാറ മാത്രമാണ് നൽകിയത്. ഷൊർണൂരിൽ ത്രികോണ മത്സരം ശക്തമാക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി.

മണ്ഡല ചരിത്രം

പട്ടാമ്പി, ശ്രീകൃഷ്ണപുരം മണ്ഡലങ്ങൾ വിഭജിച്ചാണ് 2011ൽ ഷൊർണൂർ രൂപീകരിച്ചത്. 2011ൽ സി.പി.എം സ്ഥാനാർത്ഥി കെ.എസ്.സലീഖയാണ് ആദ്യ എം.എൽ.എ, ഭൂരിപക്ഷം-13493. 2016ലെ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം പതിനായിരത്തിലധികം വർദ്ധിപ്പിച്ചാണ് എൽ.ഡി.എഫ് മണ്ഡലം നിലനിറുത്തിയത്. അന്ന് പി.കെ.ശശിയുടെ വിജയം 24547 വോട്ടിനായിരുന്നു. വീണ്ടുമൊരു തിരഞ്ഞെടുപ്പിന് വേദിയൊരുങ്ങുമ്പോൾ തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം ഇടതുമുന്നണിക്ക് ഊർജ്ജം പകരുന്നുണ്ട്. പ്രചരണത്തിൽ ഒരുപടി മുന്നിലെത്താൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് ഇടതുക്യാമ്പ്.