child

വാളയാർ: ദേശീയപാതയോരത്ത് ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ കുട്ടിയുടെ അമ്മയും അസാം സ്വദേശിയുമായ 35കാരിയെ അങ്കമാലിയിൽ നിന്ന് പൊലീസ് പിടികൂടി. ഇന്നലെ രാവിലെ 11ന് ടോൾ പ്ളാസയ്ക്ക് സമീപം ചുള്ളിമട പേട്ടക്കാടിനടുത്ത് കുറ്റിക്കാട്ടിലാണ് ജനിച്ച് കുറച്ചുസമയം മാത്രമായ പെൺകുഞ്ഞിനെ കണ്ടെത്തിയത്.
അസാമിൽ നിന്ന് പെരുമ്പാവൂരിലേക്ക് ജോലിക്ക് വന്ന സംഘം സഞ്ചരിച്ച ബസിലാണ് യുവതിയെത്തിയത്. പ്രസവിച്ചയുടനെ കുഞ്ഞിനെ ഉപേക്ഷിച്ചതായാണ് വിവരം. ബസ് ടോൾ പ്ലാസയിൽ പ്രാഥമികാവശ്യങ്ങൾക്കായി നിറുത്തിയപ്പോഴാണ് യുവതി ഇറങ്ങിയത്. തുടർന്ന് അരുവിയുടെ സമീപത്തുനിന്ന് ഒരു സ്ത്രീ ബസിൽ കയറിപോകുന്നത് സമീപവാസി കണ്ടിരുന്നു. കുറ്റിക്കാട്ടിൽ നിന്ന് കരച്ചിൽ കേട്ടെത്തിയവരാണ് കുഞ്ഞിനെ കണ്ടെത്തിയത്.
വിവരമറിഞ്ഞെത്തിയ പൊലീസ് കുഞ്ഞിനെ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലേക്കും വിദഗ്ദ്ധ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുഞ്ഞ് ആരോഗ്യവതിയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ഇതിനിടെ സി.സി.ടി.വി ദൃശ്യം പരിശോധിച്ചും മോട്ടോർ വാഹന വകുപ്പുമായി ബന്ധപ്പെട്ടും ബസ് കണ്ടെത്തി അങ്കമാലി പൊലീസ് യുവതിയെ കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലാക്കി. ഇവർക്കൊപ്പം ബന്ധുവും സുഹൃത്തും ഉണ്ടായിരുന്നു. സംഭവത്തിൽ ബാലാവകാശ നിയമപ്രകാരം വാളയാർ പൊലീസ് കേസെടുത്തു.