
മണ്ണാർക്കാട്: കനത്ത പോരാട്ടം നടക്കുന്ന മണ്ഡലത്തിൽ നിർണായകമായി കാൽലക്ഷം വരുന്ന ക്രൈസ്തവ വോട്ട്. പരമ്പരാഗതമായി ഈ വിഭാഗത്തിന്റെ വോട്ട് ഭൂരിഭാഗവും യു.ഡി.എഫിനാണെന്നാണ് വിലയിരുത്തൽ. മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ വോട്ട് ആർക്ക് വീഴുമെന്നത് വിധി നിർണയത്തിൽ നിർണായകമാണ്.
കേരള കോൺഗ്രസ് മാണി വിഭാഗം ഒപ്പമെത്തിയത് ഏറെ പ്രതീക്ഷയോടെയാണ് ഇടതുമുന്നണി കാണുന്നത്. മലയോര മേഖലയായ അട്ടപ്പാടി, മൈലാംമ്പാടം, തിരുവിഴാംകുന്ന്, എടത്തനാട്ടുകര, കണ്ടമംഗലം തുടങ്ങിയ പ്രദേശങ്ങളിൽ കേരള കോൺഗ്രസിനുള്ള സ്വാധീനം അനുകൂലമാകുമെന്നും കണക്കാക്കുന്നു.
അതേസമയം, ക്രൈസ്തവ വിഭാഗമെന്നും യു.ഡി.എഫിനൊക്കൊപ്പമെന്ന ചരിത്രം ഈ തിരഞ്ഞെടുപ്പിലും തുടരുമെന്ന വിശ്വാസമാണ് വലതുപാളയത്തിൽ. ഉമ്മൻചാണ്ടി തിരഞ്ഞെടുപ്പ് നേതൃത്വം ഏറ്റെടുത്തതും പ്രതീക്ഷയോടെയാണ് പ്രവർത്തകർ കാണുന്നത്. കേരള കോൺഗ്രസ് ജോസഫ്, ജേക്കബ് വിഭാഗ ഒപ്പമുള്ളതും മറ്റൊരു ഘടകമാണ്.
കഴിഞ്ഞ തവണ യു.ഡി.എഫിന്റെ ഭൂരിപക്ഷം 12,500ഓളം വോട്ടാണ് എന്നതിനാൽ ക്രൈസ്തവ വോട്ട് ജയപരാജയം നിർണയിക്കുന്ന ഘടകങ്ങളിൽ പ്രധാനമാണ്. മതമേലദ്ധ്യക്ഷരെ ഉൾപ്പെടെ നേരിൽ കണ്ട് വോട്ടുറപ്പിക്കാനുള്ള ശ്രമം ഇരുമുന്നണികളും നടത്തുന്നുണ്ട്.
മണ്ഡലത്തിൽ നിർണായക ശക്തിയായ പാർട്ടിയുടെ മുഴുവൻ വോട്ടും ഇടതുമുന്നണിക്ക് ലഭിക്കും. പതിനായിരത്തോളം വരുന്ന വോട്ട് ബാങ്കുണ്ട്. മറ്റ് കുടിയേറ്റ കർഷകരും മുന്നണിക്കനുകൂലമാണ്. ഇത് ഇടതിന്റെ വിജയത്തിന് നിർണായക ഘടകമാകും.
-അഡ്വ.ജോസ് ജോസഫ്, സംസ്ഥാന ജന.സെക്രട്ടറി, കേരള കോൺ.(എം)