പാലക്കാട്: ചാനലുകളിൽ വരുന്ന സർവേകളിൽ എൽ.ഡി.എഫിന് മുൻതൂക്കമുണ്ടാകും പക്ഷേ, ജനഹിതം യു.ഡി.എഫിന് അനുകൂലമായിരിക്കും. മെയ് രണ്ടിന് തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ അത് മനസിലാകുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി പറഞ്ഞു. പാലക്കാട് മണ്ഡലത്തിലെ യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പി.ആർ വർക്കുകൾ നടത്തി ടെലിവിഷൻ ചാനലുകളിൽ സർക്കാരിനെ പുകഴ്ത്തിയുള്ള പരസ്യങ്ങൾ യാഥാർത്ഥ്യവുമായി ഒരു ബന്ധവുമില്ലാത്തതാണ്. പണംകൊണ്ട് കേരളത്തെ കീഴടക്കാനാണ് ബി.ജെ.പിയുടെ ശ്രമമെങ്കിൽ ആ പരിപ്പ് കേരളത്തിൽ ചെലവാകില്ല. അവകാശങ്ങൾക്ക് വേണ്ടി പോരാടുന്ന മികച്ച നിയമസഭാംഗമാണ് ഷാഫി പറമ്പിൽ എന്നും കെ.സി വേണുഗോപാൽ പറഞ്ഞു. യൂത്ത് കോൺഗ്രസിന് ജീവൻ നൽകിയ നേതാവാണ് ഷാഫി പറമ്പിൽ, പാലക്കാട് മണ്ഡലം ഷാഫി ഉറപ്പിച്ചു കഴിഞ്ഞുവെന്നും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി. ആർ പ്രസാദ് അധ്യക്ഷത വഹിച്ചു. വി.കെ.ശ്രീകണ്ഠൻ എം.പി മുഖ്യാഥിതിയായി. രമ്യ ഹരിദാസ് എം.പി, സ്ഥാനാർഥി ഷാഫി പറമ്പിൽ, മുൻ എം.പി വി.എസ്.വിജയരാഘവൻ, മുസ്‌ലിം ലീഗ് സീനിയർ ജില്ലാ വൈസ് പ്രസിഡന്റ് എം.എം.ഹമീദ്, കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.