പാലക്കാട്: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റ് പുനർനിർമ്മാണത്തിൽ അപാകതയുണ്ടെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി ഇ.ശ്രീധരൻ. ഒരു വാണിജ്യ സ്ഥാപനം എന്ന പോലെ വരുമാനത്തിനായാണ് സ്റ്റാൻഡ് നിർമ്മിച്ചിരിക്കുന്നത്. യാത്രക്കാർക്ക് നിൽക്കുന്നതിനോ ബസുകൾ നിർത്തി ഇടുന്നതിനോ ആവശ്യമായ സൗകര്യം ഒരുക്കുന്നതിൽ അധികൃതർ പരാജയപ്പെട്ടു. 760 കിലോ മീറ്ററുള്ള കൊങ്കൺ റെയിൽവേ തങ്ങൾ ഏഴുവർഷം കൊണ്ട് നിർമ്മിച്ചു. എന്നാൽ, ആറുവർഷം പിന്നിട്ടിട്ടും സ്റ്റാൻഡ് നിർമ്മാണം പൂർത്തിയാക്കാൻ കഴിയാത്തത് കേരളത്തിലെ വികസന മുരടിപ്പിന്റെ ഉത്തമ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.
2014 ഡിസംബറിൽ, ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് ഷാഫി പറമ്പിൽ എം.എൽ.എ കെ.എസ്.ആർ.ടി.സി പുനർനിർമ്മിക്കാൻ തീരുമാനിച്ചത്. ബസ് സ്റ്റാൻഡ് പൊളിച്ച് ആറുവർഷം പിന്നിട്ടിട്ടും പുനർനിർമ്മാണം പൂർത്തിയാവാത്ത സാഹചര്യത്തിലാണ് മെട്രോമാൻ ഇ.ശ്രീധരൻ ഇവിടെ സന്ദർശനം നടത്തിയത്