
പാലക്കാട്: വേനൽ കടുത്തതോടെ നഗരത്തിൽ ഉൾപ്പെടെ മിക്കയിടങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷം. സ്വകാര്യ ടാങ്കർ ലോറികളിലെ കുടിവെള്ളത്തെയാണ് പുഴയോര മേഖലയിലുള്ളവർ പോലും ആശ്രയിക്കുന്നത്. ഇത്തരത്തിൽ വിതരണം ചെയ്യുന്ന വെള്ളം ശുദ്ധമാണോയെന്ന് അറിയാനായി ജില്ലാ ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പരിശോധന ശക്തമാക്കി. ടാങ്കർ ലോറികളിലെ കുടിവെള്ളത്തിനു പുറമെ, ജ്യൂസ് കടകൾ, ഹോട്ടലുകൾ, മറ്റ് പാനീയങ്ങൾ വില്ക്കുന്ന കടകൾ എന്നിവയിലും വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡ് ജില്ലയിൽ പരിശോധന ആരംഭിച്ചിട്ടുണ്ട്.
വേനൽ കടുത്തതോടെ നിലവിൽ പല കുടിവെള്ള സ്രോതസുകളും വറ്റിതുടങ്ങി. ഇതോടെ കിണറുകളിൽ ഉൾപ്പെടെ കോളിഫോം ബാക്ടീരിയയുടെ അളവും കൂടിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. ഇൗ വെള്ളവും ടാങ്കർലോറികൾ വഴി വിതരണം ചെയ്യാൻ സാദ്ധ്യതയുണ്ട്. ഇതെല്ലാം തടയാനാണ് പരിശോധന ശക്തമാക്കിയിരിക്കുന്നത്. വെള്ളത്തിന്റെ മൈക്രോ ബയോളജി സാമ്പിൾ എടുത്ത് എറണാകുളത്തെ ലാബിലേക്ക് അയക്കും. കൂടാതെ സ്വകാര്യ ടാങ്കർ ലോറികളിൽ കുടിവെള്ളം വിതരണം ചെയ്യുന്നവരുടെ രജിസ്‌ട്രേഷൻ പരിശോധനയും ശക്തമാക്കിയതായി അധികൃതർ അറിയിച്ചു. രജിസ്‌ട്രേഷൻ ലഭിക്കാൻ ഗുണന്മേമ പരിശോധന നടത്തിയതിന്റെ സാക്ഷ്യപത്രം നിർബന്ധമാണ്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ 'ഫോസ് കോസ്' എന്ന വെബ്‌സൈറ്റ് വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്.
വെള്ളംകുടി മുട്ടാതിരിക്കാൻ
ജലവിതരണത്തിനായി ഉപയോഗിക്കുന്ന വാഹനത്തിൽ രജിസ്‌ട്രേഷൻ നമ്പറും ലൈസൻസും സൂക്ഷിക്കണം.
വിതരണം ചെയ്യുന്ന വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിച്ചതിന്റെ സർട്ടിഫിക്കറ്റും കരുതണം
പരിശോധനയിൽ വാഹനങ്ങൾക്ക് രജിസ്‌ട്രേഷൻ ഇല്ലെന്ന് കണ്ടെത്തിയാൽ വിതരണം നിർത്തിവയ്ക്കും. കൂടാതെ വാഹന ഉടമയ്ക്ക് 5000 രൂപ പിഴയും അടയ്‌ക്കേണ്ടി വരും.
വാളയാറിലെ ഭക്ഷ്യപരിശോധന കേന്ദ്രത്തിലെ പരിശോധനയും നല്ലരീതിയിൽ പുരോഗമിക്കുന്നുണ്ട്. പഴം, മത്സ്യം, പച്ചക്കറി, എണ്ണ, പാക്കറ്റുകളിലാക്കി എത്തുന്ന ഭക്ഷ്യവസ്തുക്കൾ എന്നിവയാണ് മൊബൈൽ ലാബ് വഴി പരിശോധിക്കുന്നത്.
മൊബൈൽ ലാബിൽ മായം കണ്ടെത്തുന്നതിന്റെ സാബിൾ കൂടുതൽ പരിശോധനയ്ക്കായി എറണാകുളത്തെ ലാബിലേക്ക് അയക്കും.