kori
അമ്പിട്ടൻതരിശിലെ ക്വാറി

വടക്കഞ്ചേരി: മലയോര മേഖലയായ അമ്പിട്ടൻതരിശിലെ ക്വാറിയിൽ നിയമങ്ങളെല്ലാം കാറ്റിൽ പറത്തി പാറപൊട്ടിക്കൽ തകൃതി,​ പ്രദേശവാസികൾ ആശങ്കയിൽ. റവന്യൂ വകുപ്പിനും ജിയോളജി വകുപ്പിനും ജില്ലാ കളക്ടർക്കും ഉൾപ്പെടെ പരാതി നൽകിയിട്ടും യാതൊരു നടപടിയുമുണ്ടായില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. കിഴക്കഞ്ചേരി വില്ലേജിൽ ഉൾപ്പെട്ട അമ്പിട്ടൻ തരിശിൽ സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് അനിയന്ത്രിതമായി പാറപൊട്ടിക്കുന്നത്. പകൽ സമയങ്ങളിൽ അനുവദനീയമായതിലും കൂടുതൽ അളവിൽ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചാണ് പാറപൊട്ടിക്കുന്നത്. വലിയ ശബ്ദത്തോടെ പാറ പൊട്ടിതെറിക്കുമ്പോൾ പ്രദേശത്ത് കുലുക്കം അനുഭവപ്പെടാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. കല്ലുമായി പോകുന്ന വാഹനങ്ങളിൽ നിന്ന് പൊടിപാറുന്നതുമൂലം പകൽസമയത്ത് വീടിന്റെ വാതിലും ജനലുമൊന്നും തുറന്നിടാൻ കഴിയാത്ത അവസ്ഥയാണ്.

കിഴക്കഞ്ചേരി വേളാമ്പുഴ മുതൽ അമ്പിട്ടൻതരിശ് വരെയുള്ള ഭാഗങ്ങളിൽ നിരവധി കുടുംബങ്ങൾ താമസിക്കുന്നുണ്ട്. നിത്യവും പാറപൊട്ടിക്കൽ തുടരുന്നതിനാൽ മിക്കവീടുകളുടെയും ചുവരുകളിൽ വിള്ളലും ജനൽ ചില്ലുകൾ തകരുകയും ചെയ്തിട്ടുണ്ട്. പ്രദേശവാസികൾ ജില്ലാ കളക്ടർക്ക് രേഖാമൂലം പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട വകുപ്പുകളുടെ നേതൃത്വത്തിൽ പ്രാഥമിക അന്വേഷണം നടത്തിയെങ്കിലും റിപ്പോർട്ട് സമർപ്പിക്കുകയോ തുടർ നടപടികൾ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. നിലവിൽ പാറപൊട്ടിക്കുന്നതിന് അനുമതിയില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. എന്നാൽ ക്വാറിക്ക് പ്രവർത്തിക്കുന്നതിനാവശ്യമായ അനുമതിയുണ്ടെന്നാണ് ഉടമ പറയുന്നത്. വലിയതോതിൽ പൊട്ടിച്ചെടുക്കുന്ന പാറകളെ മെറ്റലും മണലുമാക്കി അയൽ ജില്ലകളിലേക്കും അന്യസംസ്ഥാനങ്ങളിലേക്കും കയറ്റി വിടുകയാണ് പതിവ്. പാറപൊട്ടിക്കലിന്റെ ഭാഗമായി പ്രദേശത്തെ വനഭൂമിയും സ്വകാര്യഭൂമിയും ക്വാറി മാഫിയകൾ കൈയ്യേറിയതായും പരാതിയുണ്ട്. ജില്ലാ ഭരണകൂടെ അടിയന്തരമായി വിഷയത്തിൽ ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നാണ് ഇപ്പോഴത്തെ ആവശ്യം.