
പാലക്കാട്: തുടർ ഭരണത്തിന് ഇടതുപക്ഷവും ഭരണം പിടിക്കാൻ യു.ഡി.എഫും കൂടുതൽ സീറ്റ് നേടി നില മെച്ചപ്പെടുത്താൻ എൻ.ഡി.എയും ലക്ഷ്യമിട്ടിറങ്ങുമ്പോൾ രാഷ്ട്രീയ മാപിനിയിൽ പാലക്കാടിന്റെ ചൂട് ദിനംപ്രതി ഉയരുകയാണ്. പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കുമൊടുവിൽ മുന്നണികൾ സ്ഥാനാർത്ഥി പ്രഖ്യാപം പൂർത്തിയാക്കി പ്രചരണം സജീവമാക്കി.
ജില്ലയിൽ വനിതാ പ്രാതിനിധ്യം കുറവാണെങ്കിലും യുവാക്കൾക്ക് അവസരം നൽകാൻ മൂന്നുമുന്നണികളും ശ്രദ്ധിച്ചിട്ടുണ്ട്. മത്സരം വീറും വാശിയുമുള്ളമാകുമെന്ന സൂചനയാണിത് നൽകുന്നത്. തൃത്താല, പാലക്കാട്, മലമ്പുഴ, ഒറ്റപ്പാലം, മണ്ണാർക്കാട് മണ്ഡലങ്ങളിലാണ് ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നത്. ഇതിൽ തൃത്താലയിലെ രാജേഷ്- ബൽറാം മത്സരം ഇരുമുന്നണികൾക്കും അഭിമാന പോരാട്ടം കൂടിയാണെന്നത് കൗതുകം വർദ്ധിപ്പിക്കുന്നു.
നെഞ്ചിടിപ്പോടെ മലമ്പുഴ
ബി.ജെ.പിയുടെ എ പ്ലസ് മണ്ഡലത്തിൽ സ്ഥാനാർത്ഥി പ്രഖ്യാപനം വരുന്നതിന് മുമ്പേ സംസ്ഥാന ജന.സെക്രട്ടറി സി.കൃഷ്ണകുമാർ പ്രചരണത്തിന് തുടക്കമിട്ടിരുന്നു. പ്രാദേശിക ഘടകങ്ങളുടെ എതിർപ്പ് മറികടന്നാണ് ഉരുക്കുകോട്ട നിലനിറുത്താൻ ഇടതുപക്ഷം എ.പ്രഭാകരനെ സ്ഥാനാർത്ഥിയാക്കിയത്. ആദ്യം ഘടകകക്ഷിക്ക് നൽകിയ സീറ്റ് പ്രതിഷേധങ്ങൾക്കൊടുവിലാണ് കോൺഗ്രസ് തിരിച്ചെടുത്ത് ഐ.എൻ.ടി.യു.സി നേതാവ് എസ്.കെ.അനന്തകൃഷ്ണനെ മത്സര രംഗത്തിറക്കിയത്.
കടലാസിലെ കണക്കിൽ ഇടതുപക്ഷത്തിന് കോട്ടമില്ല. സമീപകാല തിരഞ്ഞെടുപ്പ് ചരിത്രവും വോട്ടുവിഹിതവും പരിശോധിച്ചാൽ മുന്നണികളുടെ നെഞ്ചിടിപ്പ് കൂടുമെന്നതാണ് യാഥാർത്ഥ്യം. അകത്തേത്തറ, എലപ്പുള്ളി, കൊടുമ്പ്, മലമ്പുഴ, പുതുശേരി, പുതുപ്പരിയാരം, മുണ്ടൂർ, മരുതറോഡ് പഞ്ചായത്തുകൾ ഉൾപ്പെടുന്ന മണ്ഡലത്തിൽ 2016ൽ 2,02828 വോട്ടർമാരുണ്ടായിരുന്നു. വി.എസ്.അച്യുതാനന്ദന് 73,299 (45.90%) വോട്ട് ലഭിച്ചു. ബി.ജെ.പിയുടെ സി.കൃഷ്ണകുമാർ 46,157 (28.90) വോട്ടുനേടി രണ്ടാമതെത്തി. കോൺഗ്രസിന്റെ വി.എസ്.ജോയിക്ക് ലഭിച്ചത് 28.90% വോട്ടുമാത്രം.
വി.എസ്.മത്സരിക്കാത്ത തിരഞ്ഞെടുപ്പിൽ മലമ്പുഴയുടെ മനസ് ആർക്കൊപ്പമെന്നതാണ് ഇനി അറിയാനുള്ളത്. കഴിഞ്ഞ ലോക്‌സഭാ-തദ്ദേശ തിരഞ്ഞെടുപ്പുകളിലെ പ്രകടനം ബി.ജെ.പിക്ക് വലിയ പ്രതീക്ഷ നൽകുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ അകത്തേത്തറ, മലമ്പുഴ, എലപ്പുള്ളി, മുണ്ടൂർ, പുതുപ്പരിയാരം പഞ്ചായത്തുകളിൽ വോട്ടുവിഹിതം ഗണ്യമായി വർദ്ധിപ്പിച്ചത് അവർക്ക് ആത്മവിശ്വാസമേകുന്നു. കഴിഞ്ഞ തവണ മൂന്നാമതായി പിന്തള്ളപ്പെട്ട യു.ഡി.എഫ് തിരിച്ചുവരവിന് തയ്യാറെടുക്കുമ്പോൾ കടുത്ത മത്സരമാകും ഫലം. കഴിഞ്ഞ തവണ വി.എസിന് 27000ലധികം വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു. ഇത്തവണ ആര് വിജയിച്ചാലും നേരിയ ഭൂരിപക്ഷമേ ഉണ്ടാകുവെന്നാണ് ലഭിക്കുന്ന സൂചന.
വാശിയോടെ തൃത്താല
പതിറ്റാണ്ടുകൾക്ക് ശേഷം രണ്ടുവട്ടം വലതിനൊപ്പം ചേർന്ന മണ്ഡലം തിരിച്ചുപിടിച്ചെ മതിയാകൂവെന്ന വീറും വാശിയും നിലനിറുത്തിയാണ് തൃത്താലയിലെ എൽ.ഡി.എഫ് പോരാട്ടം. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ മാസ് എൻട്രിയുമായെത്തിയ എം.ബി.രാജേഷ് വോട്ടർമാരെ നേരിൽ കണ്ട് വോട്ടഭ്യർത്ഥന നടത്തിയും സൈബറിടങ്ങളിലും സജീവമാണ്.
ഒരു പതിറ്റാണ്ടായി ഒപ്പം നിൽക്കുന്ന മണ്ഡലം വിട്ടുകൊടുക്കുന്നത് ചിന്തിക്കാനാകില്ല യു.ഡി.എഫിന്. ഹാട്രിക് ലക്ഷ്യമിടുന്ന ബൽറാമിലൂടെ മണ്ഡലം ഒപ്പം നിറുത്താമെന്ന് മുന്നണി കണക്കാക്കുന്നു. കേന്ദ്രസർക്കാരിനെ നിശിതമായി വിമർശിക്കുന്ന യുവനേതാക്കൾ നേർക്കുനേർ അങ്കം കുറിക്കുമ്പോൾ മുസ്ലിം ന്യൂനപക്ഷത്തിന്റെ വോട്ട് നിർണായക ഘടകമാകും. എൻ.ഡി.എ.യ്ക്കായി യുവനേതാവ് ശങ്കു ടി.ദാസിനെയാണ് ബി.ജെ.പി കളത്തിലിറക്കിയത്. എൻ.ഡി.എ വോട്ടുവിഹിതം വർദ്ധിപ്പിക്കുന്നതും എൽ.ഡി.എഫ്-യു.ഡി.എഫ് ജയപരാജയത്തെ സ്വാധീനിച്ചേക്കാം.