valayar-

2017 ജനുവരി 13നും മാർച്ച് നാലിനുമാണ് പതിമ്മൂന്നും ഒമ്പതും വയസ് തികയാത്ത രണ്ട് കുഞ്ഞുങ്ങളെ എനിക്ക് നഷ്ടമായത്. കേസിൽ കുറ്റക്കാരെല്ലാം ശിക്ഷിക്കപ്പെടുമെന്ന് നിയമസഭയിൽ മുഖ്യമന്ത്രി നൽകിയ ഉറപ്പിൽ ഞാൻ വിശ്വസിച്ചു. എന്നാൽ 2019 ഒക്ടോബറിൽ കേസിന്റെ വിധിയിൽ എല്ലാ പ്രതികളും രക്ഷപ്പെട്ടു എന്നറിഞ്ഞപ്പോൾ സങ്കടം അടക്കാനായില്ല. പിന്നീടൊരിക്കൽ മുഖ്യമന്ത്രിയെ കണ്ട് സങ്കടം പറഞ്ഞു. എല്ലാ പ്രതികളെയും കണ്ടെത്തി ശിക്ഷിക്കും എന്നുപറഞ്ഞാണ് അദ്ദേഹം എന്നെ ആശ്വസിപ്പിച്ചത്. എന്നാൽ, പിന്നീട് ഞാൻ കേൾക്കുന്നത് ഈ കേസിന്റെ മുഴുവൻ ചുമതലക്കാരൻ ആയിരുന്ന സോജൻ എന്ന ഡിവൈ.എസ്.പിയെ എസ്.പിയാക്കിയെന്നും അയാൾക്ക് ഐ.പി.എസ് നൽകാൻ സർക്കാർ ശുപാർശ ചെയ്തെന്നുമാണ്. അന്നുമുതൽ ഞാൻ തെരുവിൽ സമരത്തിലാണ്.

ധർമ്മടം തിരഞ്ഞെടുക്കാനുള്ള കാരണം ?

സർക്കാരിന്റെ നീതി നിഷേധത്തിനെതിരെയാണ് എന്റെ പോരാട്ടം. അതിനുമപ്പുറം മുഖ്യമന്ത്രിയോട് നേരിട്ട് ചില ചോദ്യങ്ങൾ ചോദിക്കാനുണ്ട്. പാലക്കാട് ജില്ലയിലെവിടെയെങ്കിലും മത്സരിച്ചതുകൊണ്ട് അത് സാദ്ധ്യമല്ല, അതാണ് ധർമ്മടം തിരഞ്ഞെടുക്കാനുള്ള കാരണം.

രാഷ്ട്രീയ കക്ഷികൾ സമീപിച്ചിരുന്നോ?

ഞാൻ ധർമ്മടത്ത് മത്സരിക്കുന്നത് വാളയാർ സമരസമിതിയുടെ സ്വതന്ത്ര സ്ഥാനാർത്ഥിയായിട്ടാണ്. ഒരു രാഷ്ട്രീയ പാർട്ടിയും സ്ഥാനാർത്ഥിയാകണമെന്ന് ആവശ്യപ്പെട്ട് എന്നെയോ സമരസമിതിയെയോ സമീപിച്ചിട്ടില്ല.

കോൺഗ്രസും ബി.ജെ.പിയും പിന്തുണ പ്രഖ്യാപിച്ചാലോ?

കോൺഗ്രസിന്റെ പിന്തുണ തീർച്ചയായും സ്വീകരിക്കും. രാഷ്ട്രീയത്തിന് അതീതമായൊരു പിന്തുണയാണ് സമരത്തിന് ലഭിച്ചത്. എന്നാൽ സംഘപരിവാർ ശക്തികളുടെ യാതൊരു പിന്തുണയും സ്വീകരിക്കേണ്ടതില്ലെന്നാണ് സമരസമിതിയുടെ നിലപാട്.

അപ്പോൾ വിജയിക്കാൻ വേണ്ടിയല്ലേ മത്സരം?

ജയവും തോൽവിയുമല്ല പ്രധാനം. എന്റെ മക്കൾക്ക് നീതിലഭിക്കണം. പ്രതികളെല്ലാവരും ശിക്ഷിക്കപ്പെടണം. ഈ പോരാട്ടത്തിൽ പൊതുസമൂഹം തനിക്കൊപ്പം നിലകൊള്ളുമെന്നാണ് പ്രതീക്ഷ.