oommanchandy

പുരാതന ഗ്രീസുകാർക്കിടയിൽ കുപ്രസിദ്ധിനേടിയ ഒരു 'കെട്ടു'ണ്ടായിരുന്നു. അഴിക്കുംതോറും മുറുകുകയും മുറുകുംതോറും അഴിയുകയും ചെയ്യുന്നൊരു ഊരാക്കുരുക്ക്. ഗോർഡിയൻ നോട്ട് എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. ഗ്രീസിൽ ജനിച്ചുവളർന്ന് ഏഷ്യയേയും യൂറോപ്പിനേയും അടക്കി ഭരിക്കാൻ പ്രാപ്തനായ ഒരു യുവാവിന് മാത്രമേ ഈ കെട്ടഴിക്കാൻ കഴിയൂ എന്നതായിരുന്നു പ്രവചനം. ചക്രവർത്തി പദം മോഹിച്ചെത്തിയ പലരും കെട്ടഴിക്കാൻ പഠിച്ചപണി പതിനെട്ടും നോക്കിയെങ്കിലും ഫലംകണ്ടില്ല. ഒടുവിൽ അലക്‌സാണ്ടറെന്ന ചെറുപ്പക്കാരനെത്തി. അയാൾ കുരുക്ക് തിരിച്ചും മറിച്ചും നോക്കി. ശേഷം,​ അരയിലെ വാളെടുത്ത് ഒറ്റവെട്ട്. ഗോർഡിയസിന്റെ കെട്ട് രണ്ടുതുണ്ടായി. അതുപോലെ കോൺഗ്രസിലെ ഗ്രൂപ്പ് പോരിന്റെ കെട്ടഴിക്കാനും മറ്റൊരു അലക്‌സാണ്ടർ തന്നെ വേണ്ടിവരുമെന്നാണ് തോന്നുന്നത്.

ഗ്രൂപ്പ് പോര് ഒരു പകർച്ചവ്യാധി പോലെ കോൺഗ്രസിനെ കാർന്നുതിന്നാൻ തുടങ്ങിയിട്ട് കാലമേറെയായി. പൊടിക്കൈകളും ഒറ്റമൂലികളും കൊണ്ടും ഈ വ്യാധി ഗുണപ്പെടുമെന്ന് ഇനിയും കരുതുക വയ്യ. നേതാക്കൾ ഗ്രൂപ്പ് കളിച്ചും തമ്മിലടിച്ചും പാർട്ടി ഇപ്പോൾ സിംഹവാലൻ കുരങ്ങന്റെ അവസ്ഥയിലെത്തി. ഒരു കാലത്ത് രാജ്യമൊന്നാകെ ഭരിച്ചിരുന്ന കോൺഗ്രസ് പാർട്ടി ഇപ്പോൾ നാലോ അഞ്ചോ സംസ്ഥാനത്തേക്ക് മാത്രമായി ഒതുങ്ങിയത് അതിന്റെ ഉത്തമ ഉദാഹരണമാണ്. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ 170 കോൺഗ്രസ് എം.എൽ.എമാരാണ് വിവിധ സംസ്ഥാനങ്ങളിൽ കൂറുമാറി ബി.ജെ.പിയിലേക്ക് പോയതെന്നാണ് രാജ്യത്തെ രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തനങ്ങളെ നിരീക്ഷിക്കുന്ന അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് എന്ന സംഘടന വെളിപ്പെടുത്തിയത്. കോൺഗ്രസിനെ നയിക്കാൻ നേതാക്കൾ ഇല്ലാഞ്ഞിട്ടല്ല, മറിച്ച് അവരുടെ സമീപനങ്ങളും നിലപാടുകളും പ്രവർത്തന രീതികളുമാണ് ഈ പ്രസ്ഥാനത്തെ മുമ്പെങ്ങും കാണാത്തവിധം തളർത്തിക്കൊണ്ടിരിക്കുന്നത്.

ആരോപണങ്ങൾ ഗുരുതരം

തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവും സ്ഥാനാർത്ഥി നിർണയവും സംബന്ധിച്ച ആലോചനകൾക്ക് തുടക്കം കുറിക്കുമ്പോൾ തന്നെ വിവിധ കോണുകളിൽ നിന്ന് ആരോപണങ്ങളും ആക്ഷേപങ്ങളും ഉയർന്നുവരും. അതിന്റെയെല്ലാം അടിസ്ഥാനം ഗ്രൂപ്പും. ക്രമേണ അത് വിമതഭീഷണിയിലേക്കും പരിണമിക്കുന്നത് പതിവാണ്. ഇത്തവണയും അതിനൊരു മാറ്റമുണ്ടായില്ല. പാലക്കാട് ഗോപിനാഥിൽ ആരംഭിച്ച് പി.സി.ചാക്കോയിൽ അത് അവസാനിച്ചുവെന്ന് പറയാം.

'' കോൺഗ്രസ്‌ നേതൃത്വം നിഷ്‌ക്രിയമാണ്‌. പാർട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക്‌ ആരോഗ്യ പ്രശ്‌നങ്ങളുണ്ട്. രാഹുൽ ഗാന്ധിയുടെ പ്ലാനുകളെന്താണെന്ന് ആർക്കുമറിയില്ല. കെ.സി.വേണുഗോപാൽ ഉൾപ്പെടെയുള്ളവർക്ക് ഇടപെടുന്നതിനും പരിമിതികളുണ്ട്. പാർട്ടിയുടെ നിർജീവാവസ്ഥയെ വിമർശിക്കുന്നവരെ ശത്രുക്കളായി കാണുകയാണ് നേതൃത്വം" കോൺഗ്രസിൽ നിന്ന് രാജിവെച്ച പി.സി.ചാക്കോയുടെ വാക്കുകളാണിത്.

കോൺഗ്രസിന്റെ അന്ത്യകൂദാശക്ക് സമയമായെന്നാണ് പാലക്കാട്ടെ മുൻ ഡി.സി.സി പ്രസിഡന്റ് എ.വി.ഗോപിനാഥ് പറഞ്ഞത്. സാമ്പത്തിക നേട്ടത്തിനായി സീറ്റ് കച്ചവടമാണ് നടക്കുന്നത്. സാധാരണക്കാരായ പ്രവർത്തകരുടെ ചോര ഊറ്റിക്കുടിച്ച് തടിച്ചുവളർന്നവരാണ് ഇപ്പോൾ നേതൃത്വത്തിലുള്ളത്. ഗ്രൂപ്പില്ലാതെ കോൺഗ്രസിൽ നിലനിൽക്കാനാവില്ലെന്ന സ്ഥിതിയാണെന്നും അദ്ദേഹം തുറന്നടിച്ചു. ഇവരുടെ ആരോപണങ്ങൾ ഗുരുതരമാണ്. അടിയന്തരമായി അവ പരിഹരിക്കപ്പെടേണ്ടതുമാണ്. അതിൽ വീഴ്ച വരുത്തിയാൽ വലിയ വിലകൊടുക്കേണ്ടിവരുന്നത് ഉറപ്പാണ്.

കലാപം തുടരും

കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ.സുധാകരനും മുതിർന്ന നേതാവ് ഉമ്മൻചാണ്ടിയും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും ഉൾപ്പെടെയുള്ള നേതാക്കൾ ഇടപെട്ടതിന്റെ അടിസ്ഥാനത്തിൽ എ.വി.ഗോപിനാഥിനെ അനുനയിപ്പിക്കാൻ കഴിഞ്ഞെങ്കിലും പാർട്ടിയിലെ കലാപം ഇനിയും കെട്ടടങ്ങിയിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. ഉമ്മൻചാണ്ടിയുടെ സന്ദർശനത്തോടെ പ്രശ്നങ്ങൾക്ക് ഉടനെ പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് ഗോപിനാഥ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയത്. ഈ തിരഞ്ഞെടുപ്പ് കഴിഞ്ഞും ഉറപ്പ് പാലിക്കാൻ നേതൃത്വം തയ്യാറായില്ലെങ്കിൽ പാലക്കാട്ടെ കോൺഗ്രസിൽ ഒരു പൊട്ടിത്തെറിക്ക് സാദ്ധ്യതയേറെയാണ്. അങ്ങനെ സംഭവിച്ചാൽ 42 വർഷം തുടർച്ചയായി കോൺഗ്രസ് ഭരിക്കുന്ന പെരിങ്ങോട്ടുകുർശി പഞ്ചായത്തും ആറു സഹകരണസംഘങ്ങളും ഒരു സഹകരണ ബാങ്കും ഉൾപ്പെടെ കൈമോശം വരും.

ഗോപിനാഥിന്റെ

അയോഗ്യതയെന്ത്?

ഗ്രൂപ്പിലല്ലാതെ കോൺഗ്രസിൽ നിൽക്കാൻ പറ്റാത്ത സ്ഥിതിയാണുള്ളത്. ഗ്രൂപ്പില്ലാത്ത സജീവപ്രവർത്തകരെ വേട്ടയാടുകയാണ് നേതൃത്വം, അതിന്റെ ഇരയാണ് താനും. തന്നോടൊപ്പമുള്ള 50ഓളം പാർട്ടി പ്രവർത്തകരെ വിവിധ സമയങ്ങളിലായി ഇത്തരത്തിൽ സസ്‌പെന്റ് ചെയ്യുകയോ പൂർണമായും മാറ്റി നിറുത്തുകയോ ചെയ്തിട്ടുണ്ട്. ഇവർക്കെതിരെയുള്ള അച്ചടക്ക നടപടി പിൻവലിച്ച് പാർട്ടിയിൽ തിരിച്ചെടുക്കണം. ഗ്രൂപ്പ് താത്പര്യങ്ങൾക്ക് അതീതമായി നിൽക്കുന്ന പാവപ്പെട്ട പാർട്ടി പ്രവർത്തകരെ സംരക്ഷിക്കാൻ സാഹചര്യമൊരുക്കിയില്ലെങ്കിൽ പ്രത്യാഘാതം ഗുരുതരമാകും. തങ്ങളുടെ രക്തംകുടിച്ച് പാർട്ടിയിലെ ഒരുപറ്റം ആളുകൾ തടിച്ചുകൊഴുത്തു. ഇനിയും രക്തം നൽകാൻ തയ്യാറല്ല. പാർട്ടിക്കുള്ളിലെ പ്രശ്‌നങ്ങൾ ഇനിയും പരിഹരിച്ചില്ലെങ്കിൽ കോൺഗ്രസ് പ്രസ്ഥാനം ഇതോടെ തകർന്നടിയും. ഒരു മാസം മുമ്പ് ഡിസിസി പ്രസിഡന്റാകാൻ ഒരുങ്ങാൻ രമേശ് ചെന്നിത്തല പറഞ്ഞതാണ്. എന്നാൽ രാത്രി ആയപ്പോഴേക്കും കാര്യങ്ങൾ മാറി മറഞ്ഞു. തന്റെ പേര് ലിസ്റ്റിൽ നിന്ന് വെട്ടി. കഴിഞ്ഞ പത്തുവർഷമായി ഇത്തരത്തിൽ അവഗണന. നേരിടുകയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്രയുടെ ഒരു വിവരവും നേതൃത്വം താനുമായി പങ്കുവച്ചിരുന്നില്ല. തന്റെ മേഖലയിലെ പര്യടനം പോലും അറിയിച്ചിരുന്നില്ല. തന്റെ അയോഗ്യത എന്താണെന്ന് നേതൃത്വം വ്യക്തമാക്കണമെന്നുമാണ് ഗോപിനാഥിന്റെ ആവശ്യം.

തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ പ്രശ്ന പരിഹാരം

ഉമ്മൻചാണ്ടി നേരിട്ടെത്തി ചർച്ചനടത്തുകയും നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ പ്രശ്ന പരിഹാരമുണ്ടാകുമെന്നും ഉറപ്പ് നൽകിയതായാണ് വിവരം. ജില്ലയിലെ സംഘടനാസ്ഥിതി വിലയിരുത്തിയതിന് ശേഷമാണ് അദ്ദേഹം ഇത്തരമൊരു ഉറപ്പ് നൽകിയത്. ഹൈക്കമാന്റിനോടും കെ.പി.സി.സി നേതൃത്വത്തോടും ഇതുസംബന്ധിച്ച കാര്യങ്ങൾ അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്. വോട്ടെണ്ണൽ കഴിഞ്ഞ് ദിവസങ്ങൾക്കകം പാർട്ടിയെ നവീകരിക്കാനുള്ള ഉചിതമായ തീരുമാനമുണ്ടായില്ലെങ്കിൽ പാലക്കാട്ടെ കോൺഗ്രസിൽ വീണ്ടുമൊരു പൊട്ടിത്തെറിക്ക് സാദ്ധ്യതയുണ്ടെന്ന അപായ സൂചന നൽകുന്നുണ്ട് എ.വി.ഗോപിനാഥ് എന്ന നേതാവ്. അത് സംഭവിച്ചാൽ, താഴെത്തട്ടിലുള്ള പ്രവർത്തകരുടെ കൊഴിഞ്ഞുപോക്ക് തടയാനാകില്ല. സംഘടനാ സംവിധാനം ദുർബലമാകും. ഗ്രൂപ്പുകൾക്ക് അതീതമായൊരു നേതൃത്വം ഉയർന്നുവരേണ്ടത് അനിവാര്യതയാണ്.