ഷൊർണൂർ: മണ്ഡലത്തിൽ ഇത്തവണ പോരാട്ടം പരിചയ സമ്പത്തും യുവത്വവും തമ്മിലാണ്. ചുവന്ന മണ്ണിൽ കാലുറപ്പിച്ച് വോട്ടുതേടുന്ന ഇടതു സ്ഥാനാർത്ഥി പി.മമ്മിക്കുട്ടിയുടെ നിയമസഭയിലേക്കുള്ള രണ്ടാം മത്സരമാണിത്. തിരഞ്ഞെടുപ്പ് രംഗത്തെ ആഴവും പരപ്പും ചുഴികളുമെല്ലാം ഗ്രഹിക്കാനാവുന്ന അദ്ദേഹത്തിന് മണ്ഡലം നിലനിറുത്തുമെന്ന കാര്യത്തിൽ സംശയമില്ല.
ഇന്നലെ രാവിലെ അനങ്ങനടി പഞ്ചായത്തിലായിരുന്നു പ്രചാരണം. പാവുക്കോണത്ത് കുടുംബയോഗങ്ങളോടെ തുടക്കം. വീട്ടമ്മമാരോടും കുട്ടികളോടും കുശലം പറഞ്ഞും വയോദ്ധികരെ ചേർത്ത് നിറുത്തിയും ലളിതമായ വോട്ടഭ്യർത്ഥന. പി.കെ.ശശി എം.എൽ.എ നടപ്പാക്കിയ വികസന നേട്ടങ്ങളും അചഞ്ചലമായ മണ്ഡലത്തിന്റെ ചരിത്രവും കൊണ്ട് ജയം ഉറപ്പെന്ന വിശ്വാസത്തിൽ മമ്മിക്കുട്ടി ജനഹൃദയങ്ങളിലേക്കിറങ്ങുന്നു. സി.പി.എം.അനങ്ങനടി ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി.കെ.മുഹമ്മദ് ഉൾപ്പടെയുള്ളവർ സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു.
യുവത്വത്തിലൂടെ മണ്ഡലം പിടിച്ചെടുക്കുകയെന്ന ലക്ഷ്യവുമായാണ് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടി.എച്ച്.ഫിറോസ് ബാബു യു.ഡി.എഫ് സ്ഥാനാർത്ഥിയാകുന്നത്. മണ്ഡലത്തിൽ ഒന്നാംഘട്ട പ്രചാരണം പൂർത്തീകരിച്ചു. ജനങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും ഇത്തവണ ജയം നേടാനാവുമെന്നും ഫിറോസ് ബാബു പറഞ്ഞു. ഇന്നലെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന്റെ തിരക്കിലായിരുന്നു സ്ഥാനാർത്ഥി.
ഉച്ചയ്ക്ക് ഒറ്റപ്പാലം ബ്ലോക്ക് ഓഫീസിൽ അസി.റിട്ടേണിംഗ് ഓഫീസർ പി.അഷ്‌റഫ് മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. യു.ഡി.എഫ് നേതാക്കളായ മരയ്ക്കാർ മാരായമംഗലം, കെ.കെ.എ.അസീസ്, വി.കെ.പി.വിജയനുണ്ണി, കെ.അഷ്‌റഫ്, ഷൊർണൂർ വിജയൻ എന്നിവർ സംബന്ധിച്ചു.
ഷൊർണൂരിൽ താമര വിരിയുമെന്ന പ്രതീക്ഷയാണ് എൻ.ഡി.എ ക്യാമ്പ്. ചാനൽ ചർച്ചകളിലൂടെ സുപരിചിതനായ സ്ഥാനാർത്ഥി സന്ദീപ് വാര്യർക്ക് ആ മോഹം പൂവണിയിക്കാനാകുമെന്നാണ് പ്രവർത്തകർ പറയുന്നത്. ഇന്നലെ രാവിലെ ഷൊർണൂർ പുൽക്കുന്നിമഠം പട്ടികജാതി കോളനിയിലായിരുന്നു പ്രചാരണം തുടങ്ങിയത്. കെട്ടിവയ്ക്കുന്നതിന് കോളനി നിവാസികൾ സമാഹരിച്ച തുക കുഞ്ഞമ്മു അമ്മ സന്ദീപിന് കൈമാറി. വോട്ടർമാർക്കിടയിൽ നിന്ന് ലഭിക്കുന്ന പ്രതികരണം മണ്ഡലം മാറ്റമാഗ്രഹിക്കുന്നതിന്റെ ലക്ഷണമായാണ് ബി.ജെ.പി വിലയിരുത്തുന്നത്.
സംസ്ഥാന സമിതി അംഗം രുഗ്മിണി, കൗൺസിലർ നിഷ ശശികുമാർ, എസ്.സി മോർച്ചാ ജില്ലാ പ്രസിഡന്റ് കൃഷ്ണൻകുട്ടി തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. ഉച്ചയ്ക്ക് ഒറ്റപ്പാലം ബ്ലോക്ക് ഓഫീസിൽ അസി.റിട്ടേണിംഗ് ഓഫീസർ പി.അഷ്‌റഫ് മുമ്പാകെ പത്രിക സമർപ്പിച്ചു.