ldf

പട്ടാമ്പി/ഷൊർണൂർ/ശ്രീകൃഷ്ണപുരം: തിരഞ്ഞെടുപ്പ് പൊതുയോഗങ്ങളിൽ എൽ.ഡി.എഫിന്റെ അഞ്ചുവർഷത്തെ ഭരണ നേട്ടങ്ങൾ ഓരോന്നായി വിശദമാക്കിയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗം കത്തിക്കയറിയത്. ഇന്നലെ കൂറ്റനാടും പട്ടാമ്പിയിലും ഷൊർണൂരും ശ്രീകൃഷ്ണപുരത്തും കോങ്ങാടും സംഘടിപ്പിച്ച പൊതുയോഗങ്ങളിൽ പ്രധാനമായും പ്രസംഗിച്ചത് സർക്കാരിന്റെ ഭരണ നേട്ടങ്ങൾ തന്നെയാണ്. 40 ഡിഗ്രിയിൽ വെന്തുരുകുന്ന ജില്ലയിലെ തിരഞ്ഞെടുപ്പ് ചൂടിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികൾക്കും പ്രവർത്തകർക്കും ആവേശമേകിയാണ് ഓരോ പൊതുയോഗങ്ങളിലും അദ്ദേഹം പ്രസംഗിച്ച് മുന്നേറിയത്.
സർക്കാരിന്റെ നേട്ടങ്ങളെ നുണപ്രചാരണങ്ങളിലൂടെ ഇല്ലാതാക്കാൻ യു.ഡി.എഫും ബി.ജെ.പി.യും വൃഥാശ്രമം നടത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു. കിഫ്ബിക്കെതിരെ കേന്ദ്രം നടത്തുന്ന നീക്കം വിലപ്പോവില്ല. കോ.ലീ.ബി രഹസ്യ ധാരണ പരസ്യമായ സാഹചര്യമാണ് കേരള രാഷ്ട്രീയത്തിൽ. ഭരണത്തുടർച്ച തടയാൻ കെട്ടിച്ചമച്ച കഥകളും ആരോപണങ്ങളും ഉയർത്തുകയാണ് യു.ഡി.എഫും ബി.ജെ.പിയും. വികസന പ്രവർത്തനങ്ങളെ സ്തംഭിപ്പിക്കാനാണ് ഇവർ പരിശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

പട്ടാമ്പിയിൽ നടന്ന യോഗത്തിൽ ടി.പി.ഷാജി അദ്ധ്യക്ഷനായി. സ്ഥാനാർത്ഥി മുഹമ്മദ് മുഹ്സിൻ, കെ.ഇ.ഇസ്മയിൽ, എൻ.പി.വിനയകുമാർ തുടങ്ങിയവർ സംബന്ധിച്ചു.

ഷൊർണൂരിൽ പി.കെ.ശശി എം.എൽ.എ അദ്ധ്യക്ഷനായി. സി.പി.എം ജില്ലാ സെക്രട്ടറി സി.കെ.രാജേന്ദ്രൻ, ഏരിയാ സെക്രട്ടറി എസ്.കൃഷ്ണദാസ്, സ്ഥാനാർത്ഥി പി.മമ്മിക്കുട്ടി, നഗരസഭാദ്ധ്യക്ഷൻ എൻ.കെ.ജയപ്രകാശ്, വി.കെ.ചാമുണ്ണി, എം.ആർ.മുരളി, കെ.സുഭാഷ്, ആർ.അഭിലാഷ് പങ്കെടുത്തു.

ശ്രീകൃഷ്ണപുരത്ത് പി.ഉണ്ണി എം.എൽ.എ അദ്ധ്യക്ഷനായി. സ്ഥാനാർത്ഥി കെ.പ്രേംകുമാർ,​ വി.കെ.ചന്ദ്രൻ, എം.ഹംസ, എൻ.ഹരിദാസ്, വി.പി.ജയപ്രകാശ്, എ.ശിവപ്രകാശ്, കെ.സുരേഷ് സംസാരിച്ചു.