e

വടക്കഞ്ചേരി: പരിസ്ഥിതിലോല പ്രദേശം (ഇ.എസ്.എ), പരിസ്ഥിതി ലോല മേഖല (ഇ.എസ്.ഇസെഡ്) വിജ്ഞാപനങ്ങളെ ചൊല്ലി കർഷകരുടെ ചോദ്യങ്ങൾക്ക് മുന്നിൽ നിസഹായരായി സ്ഥാനാർത്ഥികൾ. 2019ലെ കർഷകർക്ക് അനുകൂലമായ കോടതി വിധി മറികടക്കാൻ സർക്കാർ കൊണ്ടുവന്ന ഓർഡിനൻസിനെ കുറിച്ചുള്ള ആശങ്ക അകറ്റാൻ രാഷ്ട്രീയ കക്ഷികൾക്കാകുന്നില്ല.

ഭൂപരിഷ്കരണ നിയമപ്രകാരം കിട്ടിയ പട്ടയങ്ങളുടെ നിയമ പരിരക്ഷ എടുത്തുകളയാൻ വനം വകുപ്പിന് ആര് അധികാരം നൽകിയെന്നും ഏതൊരു പട്ടയത്തിന്റെയും നിയമസാദ്ധ്യത ചോദ്യംചെയ്യാൻ അധികാരം കല്പിച്ചുനൽകുന്ന,​ 2020ൽ സംസ്ഥാന സർക്കാർ പ്രാബല്യത്തിൽ കൊണ്ടുവന്ന ഓർഡിനൻസിനെ കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് മുന്നിൽ സ്ഥാനാർത്ഥികളും നേതാക്കളും വ്യക്തമായ ഉത്തരം നൽകാതെ തടിതപ്പുകയാണ്.

മാർച്ചിൽ കാലാവിധി തീരുന്ന ഓർഡിനൻസിനെ ഭരണത്തുടർച്ച ലഭിച്ചാൽ നിയമമാക്കുമോ എന്നതാണ് കർഷകരുടെ ആശങ്ക. ഓർഡിനൻസ് നിയമമായാൽ കൃഷി ഭൂമിയിലേക്ക് അധിക നിയന്ത്രങ്ങളുമായി കടന്നുകയറാൻ വനം വകുപ്പിന് അധികാരം നൽകുമെന്ന് വിവിധ കർഷക സംഘടനകൾ ആരോപിക്കുന്നു.

1977 വരെയുള്ള കുടിയേറ്റങ്ങളെ ആന്റണി സർക്കാരിന്റെ കാലത്ത് അംഗീകരിച്ച് നിയമമാക്കിയതാണ്. ആ നിയമ പ്രകാരം കൃഷി ഭൂമിക്ക് പട്ടയം വേണമെന്ന ആവശ്യവുമായി കർഷകർ ലാന്റ് ട്രൈബ്യൂണലിനെ സമീപിക്കുമ്പോളാണ് 1971ന് മുമ്പ് താമസമാക്കിയ കർഷകന്റെ ഭൂമി പിടിച്ചെടുക്കാൻ വനം വകുപ്പിന് സർക്കാർ അവസരം ഉണ്ടാക്കി കൊടുക്കുന്നെന്ന വൈരൂദ്ധ്യം നിലനിൽക്കുന്നത്.

തങ്ങൾ കർഷക അനുകൂലികളാണെന്ന് പറയുകയും നിയമ നിർമ്മാണത്തിലൂടെയും നിലപാടുകളിലൂടെയും അതല്ലായെന്ന് തെളിയിക്കുന്നതാണ് സംസ്ഥാന സർക്കാരിന്റെ പ്രവർത്തിയെന്ന് കർഷകർ ആരോപിക്കുന്നു.