pinaryi-

പട്ടാമ്പി: പാലക്കാട്ടെ എൻ.ഡി.എ സ്ഥാനാർത്ഥി ഇ.ശ്രീധരൻ പറയുന്നത് ജൽപനങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇ.ശ്രീധരൻ രാജ്യത്തെ പ്രധാന ടെക്‌നോക്രാറ്റാണ്. എത്ര എൻജിനിയറിംഗ് വിദഗ്ദ്ധനായാലും ബി.ജെ.പിയിൽ ചേർന്നാൽ എന്തും വിളിച്ചുപറയുന്ന അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.

വാളയാർ പെൺകുട്ടികളുടെ അമ്മ തനിക്കെതിരെ മത്സരിക്കുന്നതിൽ ഒന്നും പറയാനില്ല. ഈ വിഷയത്തിൽ അവർക്ക് തൃപ്തികരമാകും വിധമാണ് സർക്കാർ ഇതുവരെ പ്രവർത്തിച്ചത്.

ശബരിമലയുടെ പേരിൽ മതധ്രുവീകരണത്തിന് തദ്ദേശതിരഞ്ഞെടുപ്പ് കാലത്ത് ശ്രമം നടന്നു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനും ബി.ജെ.പിയും കോൺഗ്രസും ഇതാവർത്തിക്കുന്നു. സുപ്രീംകോടതി അന്തിമവിധി വന്നശേഷം ചർച്ച നടത്തി തീരുമാനിക്കാം എന്നാണ് ഇടതുനയം. ഇക്കാര്യത്തിൽ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി ആശയക്കുഴപ്പമില്ല.

സംസ്ഥാനത്തെ ഇടതുപക്ഷത്തെ തകർക്കാൻ കോൺഗ്രസും ബി.ജെ.പിയും കേരള മോഡൽ ധാരണയിലാണ്. കോൺഗ്രസിന് ബി.ജെ.പിയെ ഉപേക്ഷിക്കാനാവില്ല. ആഗോളവത്കരണം ഉൾപ്പടെ ബി.ജെ.പി തുടരുന്ന നയം കോൺഗ്രസിന്റേതാണ്. തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് തീറെഴുതിയപ്പോൾ ശശി തരൂർ എം.പി അനുകൂലിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.