mdma

പാലക്കാട്: ബംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് സ്വകാര്യബസിൽ കടത്തിക്കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ. പട്ടാമ്പി സ്വദേശിയും ഐ.ടി ജീവനക്കാരനുമായ സുഹൈലാണ് (25) അറസ്റ്റിലായത്. ഇയാളിൽ നിന്ന് 120 ഗ്രാം മെത്തലീൻ ഡയോക്സി മെത് ആംഫ്റ്റമൈനാണ് (എം.ഡി.എം.എ) എക്സൈസ് സംഘം പിടികൂടിയത്.

കോയമ്പത്തൂർ - പാലക്കാട് ഹൈവേയിൽ വാഹനപരിശോധനയ്‌ക്കിടെയാണ് മയക്കുമരുന്ന് പിടിച്ചത്. പ്രതി മുമ്പും വൻതോതിൽ ലഹരി വസ്തുക്കൾ കടത്തിയിട്ടുണ്ടെന്ന് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയതായി എക്സൈസ് സംഘം പറഞ്ഞു. എറണാകുളത്തെ നിശാപാർട്ടികളിലും ഡി.ജെ പാർട്ടികളിലും വിതരണം ചെയ്യാനാണ് മയക്കുമരുന്നെത്തിച്ചത്. ഒരാഴ്ചയ്‌ക്കിടെ പിടികൂടുന്ന മൂന്നാമത്തെ എം.ഡി.എം.എ കേസാണിത്. മയക്കുമരുന്ന് കടത്തിന് പിന്നിലുള്ളവരെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചെന്നും തുടരന്വേഷണം ശക്തമാക്കുമെന്നും പാലക്കാട്‌ എക്സൈസ് അസിസ്റ്റന്റ് കമ്മിഷണർ എ. രമേഷ് പറഞ്ഞു.

പാലക്കാട് എ.ഇ.സി സ്‌ക്വാഡ് ഇൻസ്‌പെക്ടർ കെ.എസ്. പ്രശോഭിന്റെയും പാലക്കാട്‌ എക്‌സൈസ് റേഞ്ച് ഓഫീസ് ഇൻസ്‌പെക്ടർ എച്ച്. വിനുവിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് മയക്കുമരുന്ന് പിടിച്ചത്.