
പാലക്കാട്: 40 ഡിഗ്രിയിൽ തിളച്ചുമറിയുന്ന ജില്ലയിൽ ചൂടിന്റെ കാഠിന്യം മൂലം പല പ്രദേശങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമാണ്.
നിലവിൽ അമ്പലപ്പാറ, മുതുതല, തിരുവേഗപ്പുറ, വടകരപ്പതി, കണ്ണമ്പ്ര, പറളി, മങ്കര എന്നിവിടങ്ങളിലാണ് കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കുന്നത്. ഇവിടങ്ങളിൽ പഞ്ചായത്തിന്റെ കീഴിലുള്ള ചെറിയ ജലനിധി പദ്ധതികൾ മാത്രമേയുള്ളൂ.
ജില്ലയിൽ ഒരു ദിവസം 180 (എം.എൽ.ഡി) ദശളക്ഷം ലിറ്റർ വെള്ളമാണ് ആവശ്യമായി വേണ്ടത്. ഒരാൾക്ക് 150 ലിറ്റർ വെള്ളമാണ് ലഭിക്കുക. എന്നാൽ 150 ലിറ്ററിൽ കൂടുതലും ഉപയോഗിക്കുന്നവരുണ്ട്. കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്ന ഒരു വിഭാഗം ഉള്ളിടത്താണ് ഇത്തരത്തിൽ പലരും വെള്ളം ദുരുപയോഗം ചെയ്യുന്നത്. കുടിവെള്ള ക്ഷാമത്തിന് പരിഹാരമായാണ് ഗ്രാമീണ മേഖലിലെ എല്ലാ കുടുംബങ്ങൾക്കും തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ കുടിവെള്ളം ലഭ്യമാക്കുന്ന ജൽ ജീവൻ മിഷൻ പദ്ധതി പുരോഗമിക്കുന്നത്. ഒന്നാംഘട്ടം ഈ മാസം പൂർത്തിയാകും. പദ്ധതി പൂർത്തിയാകുന്നതോടെ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകും.
വാട്ടർ അതോറിറ്റിയുടെ കീഴിൽ ജില്ലയിലെ 88 പഞ്ചായത്തുകളിലായി 59 കുടിവെള്ള പദ്ധതികൾ വഴി 2,40,000 കണക്ഷനാണുള്ളത്. ഇതുകൂടാതെ ജൽ ജീവൻ വഴി 50,000 കണക്ഷൻ നൽകി. 2024ൽ പദ്ധതി പൂർത്തിയാകുമ്പോൾ 88 പഞ്ചായത്തിൽ 4,20,000 കുടുംബങ്ങൾക്ക് കണക്ഷൻ ലഭിക്കും.
-ആർ.ജയചന്ദ്രൻ, സൂപ്രണ്ടിംഗ് എൻജിനീയർ, വാട്ടർ അതോറിറ്റി, പാലക്കാട്.
ഭൂഗർഭ ജലനിരപ്പിന് കാര്യമായ വ്യതിയാനമില്ല
ഭൂഗർഭ ജലവകുപ്പ് നടത്തുന്ന ജലനിരപ്പിലുള്ള വ്യതിയാനങ്ങളുടെ പരിശോധനയിൽ ജില്ലയിൽ ഇതുവരെ വ്യതിയാനങ്ങളൊന്നും ഇല്ലെന്നാണ് പരിശോധന ഫലങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. ഹൈഡ്രോളജി പ്രൊജക്ടിന്റെ ഭാഗമായി ജലനിരപ്പിലുള്ള വ്യതിയാനം, ജലത്തിന്റെ ഗുണമേന്മ എന്നിവ പരിശോധിക്കാനായി ജില്ലയിൽ വിവിധ ഭാഗങ്ങളിലായി 60 ഓളം നിരീക്ഷണ കിണറുകളാണുള്ളത്. ഈ കിണറുകളിലാണ് അധികൃതർ മാസം തോറും പരിശോധന നടത്തത്. ഇവയിൽ നിന്നെല്ലാം ജലത്തിന്റെ ഗുണമേന്മയ്ക്കു പുറമെ എല്ലാവർഷവും നാല് പ്രാവശ്യം മൺസൂൺ കാലാവസ്ഥയ്ക്ക് മുമ്പും ശേഷവും രാസഗുണമേന്മ പരിശോധനയും നടത്താറുണ്ട്. നിരീക്ഷണ കിണറുകൾക്ക് പുറമെ ആഴം കുറഞ്ഞ പീസോ മീറ്ററുകൾ സ്ഥാപിച്ച് ഡിജിറ്റർ ലെവൽ റെക്കോർഡർ വഴിയും ജലനിരപ്പിലുള്ള വ്യതിയാനം ദിനംപ്രതി പരിശോധിച്ചു വരുന്നുണ്ട്.
-ജില്ലാ ഭൂഗർഭജല വകുപ്പ്, പാലക്കാട്.