kai

പാലക്കാട്:ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കൈപ്പത്തി ചിഹ്നത്തിന് മാതൃകയായത് പാലക്കാട്ടെ ഏമൂർ ഹേമാംബിക ദേവീ ക്ഷേത്രത്തിലെ കൈപ്പത്തി പ്രതിഷ്ഠ ! ഇലക്‌ഷൻ കമ്മിഷൻ നിർദ്ദേശിച്ച മൂന്ന് ചിഹ്നങ്ങളിൽ നിന്ന് കൈപ്പത്തി തിരഞ്ഞെടുത്തത് ഇന്ദിരാഗാന്ധിയാണ്. അതിന് പ്രചോദനമായത് കോൺഗ്രസ്‌ നേതാവ് പി.ചിദംബരത്തിന്റെ ഭാര്യാമാതാവും കവയിത്രിയുമായ സൗന്ദര്യ കൈലാസം പറഞ്ഞ ഹേമാംബികാ ക്ഷേത്ര വിശേഷങ്ങളും.അടിയന്തരാവസ്ഥയ്‌ക്ക് ശേഷം 1977ൽ നടന്ന തിരഞ്ഞെടുപ്പിൽ ഇന്ദിരയും കോൺഗ്രസും കനത്ത പരാജയം ഏറ്റുവാങ്ങി. ജനതാപാർട്ടി അധികാരത്തിലേറിയെങ്കിലും ആ പരീക്ഷണം പരാജയപ്പെട്ടു. 'ഇന്ദിരയെ വിളിക്കൂ, ഇന്ത്യയെ രക്ഷിക്കൂ' എന്ന കോൺഗ്രസ് മുദ്രാവാക്യം രാജ്യത്താകെ പടർന്നു. 1980ൽ ഏഴാം ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പിന് കളമൊരുങ്ങി. കോൺഗ്രസ് പിളർന്നതിനാൽ പശുവും കിടാവും ചിഹ്നം പാർട്ടിക്ക് നഷ്ടമായി. കോൺഗ്രസിന്റെ ആവശ്യപ്രകാരം തിരഞ്ഞെടുപ്പ് കമ്മിഷൻ അന്ന് കൈപ്പത്തി, സൈക്കിൾ, ആന എന്നീ ചിഹ്നങ്ങളാണ് നിർദ്ദേശിച്ചത്. ഇന്ദിരാഗാന്ധി കൈപ്പത്തി തിരഞ്ഞെടുത്തു.സുപ്രീംകോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് പി.എസ്.കൈലാസത്തിന്റെ ഭാര്യ സൗന്ദര്യ കൈലാസത്തിന് നെഹ്റു കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്നു. സൗഹൃദ സംഭാഷണത്തിനിടെ ഏമൂർ ഹേമാംബിക ഭഗവതി ക്ഷേത്രത്തിലെ കൈപ്പത്തി പ്രതിഷ്ഠയെ കുറിച്ച് അവർ ഇന്ദിരാഗാന്ധിയോട് പറഞ്ഞു. ഇന്ത്യയിൽ കൈപ്പത്തി പ്രതിഷ്ഠയുള്ള ഏക ക്ഷേത്രമാണിത്. രണ്ടു കൈപ്പത്തികൾ കൊണ്ട് ഹേമാംബിക ദേവി ഭക്തരെ അനുഗ്രഹിക്കുന്ന രീതിയിലാണ് പ്രതിഷ്ഠ. ആ വിശേഷങ്ങൾ കൈപ്പത്തി ചിഹ്നമാക്കാൻ ഇന്ദിരാഗാന്ധിയെ സ്വാധീനിച്ചു എന്നാണ് കരുതുന്നത്.

അന്ന് സ്വീകരിച്ച കൈപ്പത്തി ചിഹ്നം ഇന്ദിരയെയും കോൺഗ്രസിനെയും അനുഗ്രഹിച്ചു. ഉരുക്കുവനിതയായ ഇന്ദിരയുടെ നേതൃത്വത്തിൽ 1977നേക്കാൾ 286 സീറ്റുകൾ കൂടുതൽ നേടി കോൺഗ്രസ് ഗംഭീരമായി തിരിച്ചുവന്നു. പിന്നീട് കെ.കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ ഇന്ദിരാഗാന്ധി ഏമൂർ ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തിയതും ചരിത്രമാണ്.

രാജകീയമായ വരവേൽപ്പാണ് അന്ന് ഇന്ദിരാഗാന്ധിക്ക് ക്ഷേത്രത്തിൽ ഒരുക്കിയിരുന്നത്. പാലക്കാട് രാജകുടുംബാംഗങ്ങളും അവിടെ എത്തിയിരുന്നു. കുറച്ചു നേരം ക്ഷേത്രത്തിൽ ചെലവിട്ട ഇന്ദിരാഗാസി ഒരു ഓട്ടുമണി ക്ഷേത്രത്തിനു സമർപ്പിച്ചു. സന്ദർശക ഡയറിയിൽ ഒപ്പിട്ടു മടങ്ങുമ്പോൾ ക്ഷേത്രത്തിന്റെ സ്മരണയ്ക്കായി രാജകുടുംബം ഇന്ദിരാഗാന്ധിക്ക് കൈപ്പത്തി പതിച്ച ഒരു ലോക്കറ്റ് സമർപ്പിച്ചു.