
പാലക്കാട്: സംസ്ഥാനത്ത് വന്യജീവി സംരക്ഷണത്തിനായി നിരവധി പദ്ധതികൾ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും പലതും നടപ്പാകുന്നില്ല. ട്രെയിൻ തട്ടിയും മറ്റും കാട്ടാനകൾ ചരിയുമ്പോൾ റെയിൽപ്പാളവേലി സ്ഥാപിക്കൽ പോലുള്ള നടപടികൾ എങ്ങുമെത്തിയിട്ടില്ല. പാലക്കാട് ഡിവിഷനിൽ കഞ്ചിക്കോട് മുതൽ മധുക്കര വരെ രണ്ട് റെയിൽവേ ലൈനുകളാണുള്ളത്. ഇതിൽ ബി ലൈൻ വനമേഖലയോട് ചേർന്ന് വെള്ളവും ഭക്ഷണവും തേടി കാട്ടാനകൾ നാട്ടിലേക്ക് ഇറങ്ങുന്നത് പതിവാണ്. ഇത്തരത്തിൽ വരുമ്പോഴാണ് ട്രെയിൻതട്ടി അപകടമുണ്ടാകുന്നത്.
2017, 2018, 2019 വർഷങ്ങളിലാണ് അഞ്ച് കാട്ടാനകൾ ചരിഞ്ഞത്. കഴിഞ്ഞദിവസം എട്ടിമടയ്ക്കും മധുക്കരയ്ക്കും ഇടയിൽ ട്രെയിൻ തട്ടി പരിക്കേറ്റ കൊമ്പനാന ചരിഞ്ഞിരുന്നു. സെക്‌ഷനിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ സംഭവിക്കുന്നതും ബി ലൈനിലാണെന്ന് അധികൃതർ പറഞ്ഞു. ഇത് ഒഴിവാക്കാൻ പ്രഖ്യാപനങ്ങളല്ലാതെ ഒരുസുരക്ഷാ നടപടിയും വനംവകുപ്പ് കഞ്ചിക്കോട് മധുക്കര മേഖലയിൽ നടപ്പാക്കിയിട്ടില്ല.
അപകടങ്ങൾ കുറയ്ക്കുന്നതിന് കേരള, തമിഴ്നാട് വനംവകുപ്പുകൾ ആവശ്യപ്പെട്ടതനുസരിച്ച് റെയിൽവേ ഈ മേഖലയിൽ ട്രെയിനുകളുടെ വേഗം നിയന്ത്രിച്ചിട്ടുണ്ട്. പകൽ മണിക്കൂറിൽ 65 കിലോമീറ്ററും രാത്രി 45 കിലോമീറ്ററുമാണ് വേഗത.
തമിഴ്‌നാട്ടിൽ എല്ലാം ഡബിൾ ഒ.കെ
തമിഴ്നാടിന്റെ പരിധിയിൽപെടുന്ന സ്ഥലത്ത് വനംവകുപ്പിന്റെ നിർദ്ദേശപ്രകാരം എലിഫന്റ് റാമ്പ് സ്ഥാപിച്ചിട്ടുണ്ട്. വനംവകുപ്പ് തന്നെ കാമറകൾ സ്ഥാപിച്ച് ആനകളുടെ സഞ്ചാരം നിരീക്ഷിച്ച് റെയിൽവേയെ വിവരം അറിയിക്കുന്നുണ്ട്. കൂടാതെ തേനീച്ചകളുടെ ശബ്ദമുണ്ടാക്കുന്ന ഓഡിയോ അലാറവും തമിഴ്നാട് വനംവകുപ്പ് സ്ഥാപിച്ചിട്ടുണ്ട്.
ട്രാക്കിനോട് ചേർന്നുള്ള ആനത്താരകളിൽ വഴി വീതിയുള്ളതിനാൽ ട്രെയിൻ വരുമ്പോൾ ആനകൾക്ക് മാറി നിൽക്കാനാവും. വെള്ളത്തിനായി കാട്ടിൽ കൃത്രിമക്കുളവും നിർമ്മിച്ചിട്ടുണ്ടെന്ന് റെയിൽവേ അധികൃതർ പറഞ്ഞു.
എന്നാൽ കേരള അതിർത്തിയിൽ വാച്ചർമാരും വനംവകുപ്പ് ഉദ്യോഗസ്ഥരും നടത്തുന്ന പട്രോളിംഗ് മാത്രമാണ് നിലവിൽ നടക്കുന്നത്.
പ്രദേശത്ത് പരിശോധനയ്ക്കായി സംഘത്തെ നിയോഗിച്ചിട്ടുണ്ട്. റെയിൽപാളം കടന്ന് കാട്ടാനകൾ ജനവാസമേഖലയിലേക്ക് ഇറങ്ങുന്നത് തടയാൻ കഴിഞ്ഞാൽ ട്രെയിൻ തട്ടിയുള്ള അപകടങ്ങൾ ഒരുപരിധി വരെ കുറയ്ക്കാൻ സാധിക്കും.
ഡി.എഫ്.ഒ, പാലക്കാട്.