e

പാലക്കാട്: തലശ്ശേരിയിൽ ബി.ജെ.പി സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയതിൽ കോലീബി ഗൂഢോലോചന സംശയിക്കുന്നതായി മന്ത്രി കെ.കെ.ശൈലജ. ജില്ലയിൽ എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മന്ത്രി ആരോപണം ഉന്നയിച്ചത്. പലവട്ടം പരിശോധിച്ചാണ് പത്രിക സമർപ്പിക്കുന്നതെന്നും അതിൽ ഇത്തരം തെറ്റ് കടന്നുകൂടുന്നതിൽ അസ്വഭാവികതയുണ്ടെന്നും മന്ത്രി സംശയം ഉന്നയിച്ചു. ഒരിക്കലും ശരിയാകരുതെന്ന് കരുതി പത്രിക സമർപ്പിച്ചതായി തോന്നുന്നു. മുമ്പും കോൺഗ്രസും ബി.ജെ.പിയും ഒത്തുചേർന്ന് വോട്ട് ചെയ്തതായി കേട്ടിട്ടുള്ള സ്ഥലമാണിതെന്നും കെ.കെ.ശൈലജ പറഞ്ഞു. യു.ഡി.എഫ് പ്രകടന പത്രിക ഗിമ്മിക്കാണെന്നും അവർ കുറ്റപ്പെടുത്തി.

യു.ഡി.എഫ് ഉള്ള സമയത്തെ ആശുപത്രികളുടെ സ്ഥിതി എല്ലാവർക്കും അറിയാവുന്നതാണ്. ഇടതുസർക്കാർ ആശുപത്രികളെ രോഗി സൗഹൃദമാക്കി. കുടുംബാരോഗ്യ കേന്ദ്രങ്ങളടക്കം ആധുനികവത്ക്കരിച്ചു. സഹാചര്യത്തിന്റെ ആവശ്യകതയ്ക്കനുസരിച്ചാണ് വനിതാ മുഖ്യമന്ത്രി എന്ന ആവശ്യം ഉയരേണ്ടത്. കഴിഞ്ഞ അഞ്ചുവർഷം നയിച്ച പിണറായി വിജയൻ കേരളത്തിന് വളരെ ആവശ്യമാണെന്നും ഇപ്പോൾ മറ്റെന്തങ്കിലും ഒരാവശ്യത്തിന് പ്രസക്തിയില്ലെന്നും മന്ത്രി പറഞ്ഞു.