വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാത വികസനം ഒക്ടോബറിൽ പൂർത്തിയാക്കുമെന്ന് ഹൈക്കോടതിയിൽ ഉറപ്പ് നൽകിയിട്ടുണ്ടെങ്കിലും കരാർ കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധി തിരിച്ചടിയാകുമെന്ന് ആശങ്ക. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇഴഞ്ഞുനീങ്ങുന്ന ജോലി ഏതുനിമിഷവും നിലച്ചേക്കുമെന്ന് അവസ്ഥയിലാണ്.
അടുത്തമാസം കുതിരാനിലെ ഒരു തുരങ്കം തുറക്കുമെന്നും കമ്പനി കോടതിയിൽ ഉറപ്പ് നൽകിയിട്ടുണ്ടെങ്കിലും ഇക്കാര്യവും സംശയത്തിലാണ്. വാടകയിനത്തിലും തൊഴിലാളികളുടെ ശമ്പളയിനത്തിലും കമ്പനി നൽകാനുള്ള കുടിശിക 25 കോടി രൂപയ്ക്ക് മുകളിലാണ്. ഇന്ന് വാടകക്കുടിശികയുടെ ഒരുഭാഗം നൽകാമെന്നാണ് കരാർ കമ്പനിയായ കെ.എം.സി ഉറപ്പ് നൽകിയിട്ടുള്ളത്. തുക ലഭിച്ചില്ലെങ്കിൽ സമരം തുടങ്ങാനാണ് തീരുമാനം. ഇതോടെ ജോലി നിലച്ചേക്കും.
ലോറികൾ, യന്ത്രോപകരണങ്ങൾ, സ്ഥലം, പ്ലാന്റുകൾ തുടങ്ങിയവയെല്ലാം കരാർ കമ്പനി വാടകയ്ക്കാണ് എടുത്തിട്ടുള്ളത്. തൊഴിലാളികൾക്ക് പത്തുമാസത്തെ ശമ്പളം കുടിശികയാണ്. വാഹന ഉടമകളും തൊഴിലാളികളും ഇടയ്ക്ക് സമരവുമായി രംഗത്തെത്തുമ്പോൾ കുറച്ച് തുക നൽകി പ്രശ്നം പരിഹരിക്കും. ബാക്കി തുക നിശ്ചിത തിയ്യതിക്കുള്ളിൽ നൽകുമെന്ന് ഉറപ്പ് പറയുമെങ്കിലും നൽകില്ല. വീണ്ടും തീയ്യതി നീട്ടിക്കൊണ്ടുപോകുന്നതാണ് രീതി.
തൊഴിലാളികളുടെ ശമ്പളക്കുടിശിക ഏപ്രിൽ പത്തിനുള്ളിൽ നൽകാമെന്നാണ് കെ.എം.സി അറിയിച്ചിട്ടുള്ളത്. ഇടതുതുരങ്കം തുറക്കുന്നതുവരെ എങ്ങനെയെങ്കിലും ജോലി നീട്ടിക്കൊണ്ടുപോകാനുള്ള കമ്പനിയുടെ തന്ത്രമാണ് ഉറപ്പുനൽകലെന്നും തൊഴിലാളികൾക്ക് സംശയമുണ്ട്. തുരങ്ക നിർമ്മാണം ഉപകരാറെടുത്ത പ്രഗതി കമ്പനിക്കും കെ.എം.സി നാലുകോടി കുടിശിക നൽകാനുണ്ട്.
നിർമ്മാണത്തിലെ അപാകം ചൂണ്ടിക്കാട്ടി പ്രഗതിയെ കെ.എം.സി ഒരുവർഷം മുമ്പ് മാറ്റിയിരുന്നു. കുടിശിക നൽകാതിരിക്കാനുള്ള തന്ത്രമായിരുന്നു പുറത്താക്കലെന്ന് പ്രഗതി കമ്പനി അധികൃതർ പറയുന്നു. കുടിശിക നൽകിയില്ലെങ്കിൽ നിയമപരമായി മുന്നോട്ടുപോകാനാണ് പ്രഗതിയുടെ തീരുമാനം. പണം ലഭ്യമാക്കാനുള്ള നടപടി നടക്കുന്നുണ്ടെന്നും ഈ മാസം അവസാനത്തോടെ പണം കിട്ടുമെന്നുമാണ് കെ.എം.സി അധികൃതരുടെ വിശദീകരണം. ഇതിനുമുമ്പും ഇത്തരത്തിൽ ഉറപ്പ് നൽകിയിട്ടുണ്ടെങ്കിലും നടപ്പായിട്ടില്ല.