w

പാലക്കാട്: പ്രകൃതിക്ക് ദോഷകരമാകുന്ന വിധം ഇ-മാലിന്യം കുന്നുകൂടാതിരിക്കാൻ ഹരിത മിഷന്റെ നേതൃത്വത്തിൽ ക്ലീൻ കേരള കമ്പനിയുടെ സഹായത്തോടെ മാലിന്യശേഖരണ- സംസ്കരണ പ്രവർത്തനം പുരോഗമിക്കുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ജില്ലയിൽ നിന്ന് ശേഖരിച്ച് സംസ്കരിച്ചത് 9182 കിലോ ഇ-മാലിന്യം. സംസ്ഥാനത്താകെ സംസ്‌കരിച്ചത് 1239.88 മെട്രിക് ടൺ ഇ-മാലിന്യം.

2014 മുതലാണ് സംസ്ഥാനത്ത് ഇ-മാലിന്യസംസ്‌കരണം കൃത്യമായി നടപ്പിലാക്കി തുടങ്ങിയത്. സർക്കാർ സ്ഥാപനങ്ങൾ, സ്‌കൂളുകൾ എന്നിവിടങ്ങളിൽ നിന്നാണ് ക്ലീൻ കേരള കമ്പനി നേരിട്ട് ഇ-മാലിന്യം ശേഖരിക്കുന്നത്. കൂടാതെ വിവിധയിനം ക്യാമ്പുകൾ സംഘടിപ്പിച്ച് തദ്ദേശ സ്ഥാപനങ്ങൾ ശേഖരിക്കുന്ന ഇ-മാലിന്യങ്ങളും ക്ലീൻ കേരള കമ്പനിക്കാണ് നൽകുന്നത്. തദ്ദേശ സ്ഥാപനങ്ങൾ ശേഖരിക്കുന്നതിൽ കൂടുതലും ട്യൂബ് ലൈറ്റുകൾ, ബൾബുകൾ തുടങ്ങിയ അപകടകരമായ ഇ-മാലിന്യങ്ങളാണ്. ഇവ ഏറ്റേടുക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങൾ ക്ലീൻ കേരള കമ്പനിക്ക് ഒരു കിലോയ്ക്ക് 50 രൂപ നൽകണം. 40 രൂപ നിരക്കിൽ ക്ലീൻ കേരള കമ്പനി ഇവ സംസ്‌കരണത്തിനായി എറണാകുളത്തുള്ള കെ.ഇ.ഐ.എല്ലിന് (കേരള എൻവിറോ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്) നൽകും.

ഉപയോഗശൂന്യമായ കമ്പ്യൂട്ടർ, ടെലിവിഷൻ, റഫ്രിജറേറ്റർ, മൊബൈൽ ഫോൺ തുടങ്ങിയവയാണ് പുനരുപയോഗത്തിന് സാധ്യമാകുന്ന ഇ-മാലിന്യം. ഇവ സ്ഥാപനങ്ങളിൽ നിന്ന് ഏറ്റെടുക്കുമ്പോൾ ക്ലീൻ കേരള കമ്പനി സ്ഥാപനങ്ങൾക്ക് കിലോയ്ക്ക് പത്തുരൂപ നൽകും. ഇത്തരത്തിൽ ശേഖരിക്കുന്ന മാലിന്യം ക്ലീൻ കേരള കമ്പനി സംസ്‌കരിക്കുന്നതിനായി ടെണ്ടർ വിളിച്ച് ദേശീയ മലീകരണ നിയന്ത്രണ ബോർഡിന്റെ സർട്ടിഫിക്കേഷനുള്ള ഏജൻസിക്ക് കൈമാറും. തുടർന്ന് ഏജൻസിയിൽ നിന്ന് കിലോയ്ക്ക് 40 രൂപ ഈടാക്കും. ഇലക്ടോണിക് മാലിന്യങ്ങളിൽ 70% കമ്പ്യൂട്ടർ മാലിന്യങ്ങളാണ്. -വൈ.കല്യാണകൃഷ്ണൻ,

ജില്ലാ കോ-ഓർഡിനേറ്റർ,

ഹരിത മിഷൻ.

കഴിഞ്ഞവർഷം ജില്ലയിൽ നീക്കം ചെയ്ത അപകടകരമായ മാലിന്യം- 6 ടൺ

ചിറ്റൂർ-തത്തംമംഗലം മുനിസിപ്പാലിറ്റി- 2.5 ടൺ

മലമ്പുഴ പഞ്ചായത്ത്- 2 ടൺ

പാലക്കാട് സിവിൽ സ്റ്റേഷൻ- 1.5 ടൺ