
പാലക്കാട്: പാലക്കാട്- കോയമ്പത്തൂർ റെയിൽ പാതയിലേക്ക് കാട്ടാനകൾ ഇറങ്ങുന്നതിന് ശാശ്വത പരിഹാരം കാണാൻ ഇതുവരെ കഴിഞ്ഞില്ല. മേഖലയിൽ ട്രെയിൻ തട്ടി കാട്ടാനകൾ ചരിയുന്നത് കൂടുതലും വനത്തോട് ചേർന്നുളള ബി ട്രാക്കിലാണ്. ഇതിന് പരിഹാരമായി റെയിൽപ്പാളവേലി സ്ഥാപിക്കൽ പോലുള്ള നിരവധി പദ്ധതി പ്രഖ്യാപിക്കുന്നുണ്ടെങ്കിലും പലതും നടപ്പാകുന്നില്ല.
കൂട്ടമായോ ഒറ്റയ്‌ക്കോ കാടിറങ്ങുന്ന ആനകളെ തുരത്താൻ വനംവകുപ്പ് പലവിധ പരീക്ഷണം നടത്തിയിരുന്നു. ആദ്യഘട്ടത്തിൽ റെയിൽവേ ട്രാക്കിനോട് ചേർന്ന് കടുവയുടെ ശബ്ദം റെക്കോഡ് ചെയ്ത് സ്പീക്കറിലൂടെ കേൾപ്പിക്കുന്നതിന് യന്ത്രം സ്ഥാപിച്ചു. ഇത് ഫലം കാണാതായപ്പോൾ ട്രെയിനിൽ പ്രത്യേക ഹോൺ സ്ഥാപിച്ചു. ഒടുവിൽ കാട്ടുതേനീച്ചയുടെ ശബ്ദം പുറപ്പെടുവിക്കുന്ന ഉപകരണം സ്ഥാപിച്ചതും പരാജയപ്പെട്ടു. നിലവിൽ ട്രാക്കിൽ പരിശോധന നടത്താനായി റയിൽവേ വാച്ചർമാർക്ക് പുറമെ ആദിവാസി വിഭാഗത്തിൽ നിന്നുള്ളവരെയും നിയമിച്ചിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.
തമിഴ്നാട് മേഖലയിൽ നിന്ന് വനപാലകർ ഓടിച്ചുവിടുന്ന അക്രമകാരികളായ കാട്ടാനകൾ വാളയാർ, കഞ്ചിക്കോട് മേഖലയിലേക്കാണ് എത്തുന്നത്. കാടിനകത്ത് ഭക്ഷണവും വെള്ളവും ലഭിക്കാതെ വരുന്നതോടെ ആനകൾ കൂട്ടമായി നാട്ടിലെത്തുന്നു. രാത്രി കിലോമീറ്ററുകൾ താണ്ടി ജനവാസമേഖലയിലെത്തുന്ന ആനകൾ വ്യാപക കൃഷിനാശം വരുത്തുന്നതോടൊപ്പം മനുഷ്യജീവനും ഭീഷണിയാകുന്നു.
അഞ്ചുവർഷം: ചരിഞ്ഞത് ആറ് കാട്ടാന
പാലക്കാട് ഡിവിഷനിൽ കഞ്ചിക്കോട് മുതൽ മധുക്കര വരെ രണ്ട് റെയിൽവേ ലൈനുകളാണുള്ളത്. ഇതിൽ ബി ലൈൻ വനമേഖലയോട് ചേർന്നാണ്. വെള്ളവും ഭക്ഷണവും തേടി കാട്ടാനകൾ നാട്ടിലേക്കിറങ്ങുന്നത് ഇതുവഴിയാണ്. ഇങ്ങനെ വരുമ്പോഴാണ് അപകടമുണ്ടാകുന്നത്. അഞ്ചുവർഷത്തിനിടെ ആറ് കാട്ടാനകളാണ് ഇവിടെ ചരിഞ്ഞത്. ആറാമത്തേത് കഴിഞ്ഞാഴ്ചയാണ് എട്ടിമടയ്ക്കും മധുക്കരയ്ക്കും ഇടയിൽ ട്രെയിൻ തട്ടി ചരിഞ്ഞത്. 2020ൽ ലോക്ക് ഡൗണിനെ തുടർന്ന് ട്രെയിൻ സർവീസ് ഇല്ലാതിരുന്നത് അപകട വ്യാപ്തി കുറച്ചിരുന്നു.
വാളയാർ, കഞ്ചിക്കോട് വനമേഖലയിൽ 16 വർഷത്തിനിടെ 28 കാട്ടാനകളാണ് ട്രെയിൻ തട്ടി ചരിഞ്ഞത്. തമിഴ്നാട് വനമേഖലയിൽ നിന്ന് വരുന്ന ആനകളാണ് ഇവയിൽ ഭൂരിഭാഗവും. ബി ലൈൻ ട്രാക്കിൽ സുരക്ഷ ഉറപ്പുവരുത്തണമെന്നത് വർഷങ്ങളായുള്ള ആവശ്യമാണ്. ഇതിന് റെയിൽവേയുടെ ഭാഗത്തുനിന്ന് തുടർ നടപടി ഉണ്ടായില്ല. അപകടം കുറയ്ക്കുന്നതിന് കേരള, തമിഴ്നാട് വനം വകുപ്പുകൾ ആവശ്യപ്പെട്ടതനുസരിച്ച് ഈ മേഖലയിൽ ട്രെയിനുകളുടെ വേഗം നിയന്ത്രിച്ചിട്ടുണ്ട്.
-ഡി.എഫ്.ഒ, പാലക്കാട്.