
പാലക്കാട്: സമയം രാവിലെ എട്ടര, സുൽത്താൻപേട്ടയിലെ വിനായകക്ഷേത്രത്തിൽ പതിവിലധികം തിരക്കുണ്ട്. ഭഗവാനെ തൊഴുതും മടങ്ങാൻ കൂട്ടാക്കാതെ ഭക്തർ ആരെയോ കാത്തുനിൽക്കുകയാണ്. പടിഞ്ഞാറേ ദിക്കിൽ നിന്ന് ഒരു ശബ്ദം ... ''പാലക്കാടിന്റെ വികസന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ മെട്രോമാൻ ഇ.ശ്രീധരന് നിങ്ങളുടെ വിലയേറിയ ഓരോ വോട്ടും നൽകി വിജയിപ്പിക്കണമേ എന്ന് അഭ്യർത്ഥിക്കുന്നു... അപേക്ഷിക്കുന്നു".. അനൗൺസ്മെന്റ് വാഹനം ആദ്യമെത്തി, തൊട്ടുപിറകെ KL9 AR 5408 നമ്പർ മെറൂൺ ഇന്നോവയിൽ മെട്രോമാൻ.
കാറിൽ നിന്ന് ഇറങ്ങിയപാടെ കൈകൂപ്പി എല്ലാവരേയും അഭിവാദ്യംചെയ്തു. പിന്നീട് ക്ഷേത്ര സന്നിധിയിലേക്ക് . 15മിനിട്ട് പൂജകൾക്കും മറ്റുമായി ചെലവഴിച്ചശേഷം മടക്കം.
ഇന്നോവ നേരെ സുൽത്താൻപേട്ട ജംഗ്ഷനിലേക്ക്,അരിമ്പാറ വീട്ടിൽ കുടുംബസംഗമമാണ്.അവിടെ വീട്ടുകാർക്കൊപ്പം അല്പസമയം ചെലവഴിച്ചു. ന്യൂജെനറേഷനും ഓൾഡ് ജെനറേഷനും ഒപ്പം സെൽഫിയെടുത്തു.
ചരിത്ര ഭൂമികയായ ടിപ്പുസുൽത്താൻ കോട്ടയായിരുന്നു അടുത്ത ലക്ഷ്യം. 10.10ഓടെ മെട്രോമാൻ കോട്ടയുടെ കവാടത്തിലുടെ അകത്തേക്ക്, 20 മിനിട്ടോളം അവിടെ ചെലവഴിച്ചു. പിന്നീട് ഹനുമാൻ ക്ഷേത്രത്തിലെ ദർശനത്തിന് ശേഷം പുറത്തെത്തിയ ശ്രീധരൻ പിരായിരി പഞ്ചായത്തിലെ കൊടുന്തിരപ്പുള്ളിയിലെ യോഗത്തിൽ പങ്കെടുത്തു.
കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റ്, കുടിവെള്ള പ്രശ്നം, ഗതാഗത സൗകര്യങ്ങളുടെ അഭാവം എന്നിവ വോട്ടർമാർ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി. അതെല്ലാം ശ്രദ്ധയോടെ കേട്ട് പരിഹാരമാർഗങ്ങളും ചർച്ച ചെയ്താണ് യോഗസ്ഥലം വിട്ടത്.
10.45 ഓടെ വിശ്വകർമ്മപുരിയിലെ കുടുംബയോഗത്തിലും ശേഷം ഉപാസനാ നഗറിലെ യോഗത്തിലും പങ്കെടുത്തു . രാഷ്ട്രീയ നേതാക്കളെപോലെ നീട്ടിയും കുറുക്കിയും ആക്ഷേപഹാസ്യ രൂപേണയുമുള്ള ശൈലിയല്ല മെട്രോമാന്റേത്. കാഴ്ചയിലെ ശാന്തസ്വഭാവം സംസാരത്തിലും ആളുകളുമായുള്ള ഇടപഴകലിലും പ്രകടം. വിശ്വകർമ്മപുരിയിലെ യോഗത്തിന് ശേഷം ദേശീയ ചാനലിന് പ്രത്യേക അഭിമുഖം നൽകി. റിപ്പോർട്ടറുടെ ചോദ്യങ്ങൾക്ക് അളന്നുമുറിച്ചുള്ള മറുപടികളായുന്നു. ഉച്ചവരെയുള്ള പ്രചാരണ പരിപാടികൾ പൂർത്തിയാക്കി അദ്ദേഹം ഫ്ലാറ്റിലേക്ക് മടങ്ങി. ഉച്ചയൂണിന് ശേഷം വിശ്രമം. എസ്.പി.ഓഫീസിന് എതിർവശത്തെ ഫ്ലാറ്റിൽ മൂന്നാംനിലയിൽ ഗംഗോത്രി എന്ന പേരിലുള്ള ഫ്ലാറ്റിലാണ് ഇ.ശ്രീധരന്റെ താമസം. വീടെത്തി ഫ്രഷ് ആയ ശേഷമാണ് മെട്രോമാൻ മനസുതുറന്നത്.
പാലക്കാടിനെ മാതൃകാ സിറ്റിയാക്കും
''വികസനമാണ് എന്റെ രാഷ്ട്രീയം. സ്വന്തം നാടായ പാലക്കാടിനെ രാജ്യത്തെ മാതൃകാ സിറ്റിയാക്കുകയാണ് ലക്ഷ്യം. അതിനാദ്യം പാർപ്പിടം, വെള്ളം, വൈദ്യുതി, ഗതാഗതം തുടങ്ങി അടിസ്ഥാന സൗകര്യം ഉറപ്പാക്കണം. കേരളത്തിലെ വ്യവസായ മേഖലയെ പുരോഗതിയിലേക്ക് നയിക്കുകയാണ് മറ്റൊരു ലക്ഷ്യം. അതുവഴി തൊഴിലവസരങ്ങളും വർദ്ധിപ്പിക്കണം. വിവിധ മേഖലകളിലുള്ള എന്റെ പരിചയസമ്പത്ത് നാടിന്റെ പുരോഗതിക്കായി ഉപയോഗിക്കുകയാണ് ലക്ഷ്യം''. രാഷ്ട്രീയ കാഴ്ചപ്പാടിനെക്കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടി ഇങ്ങനെ,
തന്റെ സ്ഥാനാർത്ഥിത്വം പാലക്കാട്ടുകാർ ഏറ്റെടുത്തുകഴിഞ്ഞു. എതിരാളികൾ യുവാക്കളാണെങ്കിലും അവരെ ബഹുദൂരം പിന്നിലാക്കാമെന്ന ആത്മവിശ്വാസമുണ്ട്. 75000 വോട്ടുകൾ താൻ പെട്ടിയിലാക്കുമെന്നും ആത്മവിശ്വാസത്തോടെ അദ്ദേഹം പറയുന്നു.