
തെങ്ങുകൾ യഥേഷ്ടമുള്ള കേരളത്തിൽ അതിനെ ആശ്രയിച്ച് ജീവിതം നയിച്ചിരുന്ന വിഭാഗമായിരുന്നു കള്ളുചെത്ത് തൊഴിലാളികൾ. ജീവിതം ഒരു കരയ്ക്കെത്തിക്കാൻ തെങ്ങുകൾ കയറിയിറങ്ങിയ അവരിൽ ഭൂരിഭാഗവും ഇന്ന് തൊഴിൽരഹിതരാണ്. വിദേശ മദ്യഷാപ്പുകളുടെ വരവോടെ കള്ളിന്റെ ഉപഭോഗം കുറയുകയും അതിന്റെ വ്യവസായ സാദ്ധ്യത അസ്തമിക്കുകയും ചെയ്തു. ഇതോടെ പ്രതിസന്ധികൾക്കും തുടക്കമായി. ചെത്തുകാരുടെ അവകാശ സംരക്ഷണത്തിനായി കള്ള് ചെത്ത് തൊഴിലാളി യൂണിയനുകൾ ഉണ്ടെങ്കിലും പ്രവർത്തകർ ഇല്ലാത്തതിനാൽ സംസ്ഥാനത്തെ പല യൂണിയൻ ഓഫീസുകളും പൊടിപിടിച്ച് കിടക്കുകയാണ്.
തൊഴിൽ ഇല്ലായ്മയുടെ പ്രധാനകാരണം ഷാപ്പുകൾ ഇല്ലാത്തതാണെന്ന് തൊഴിലാളികൾ തന്നെ പറയുന്നു. സർക്കാർ ലൈസൻസോടെ നടത്തുന്ന ഷാപ്പുകളുടെ എണ്ണം ഇന്ന് വളരെയധികം കുറഞ്ഞിട്ടുണ്ട്. ഷാപ്പുകൾ എറ്റെടുത്ത് നടത്താൻ ആരും തയ്യാറാവുന്നില്ലെന്നതാണ് വസ്തുത. സർക്കാരിൽ നിന്നും യാതൊരുവിധ ആനുകൂല്യങ്ങളും ലഭിക്കുന്നില്ലെന്നതും തൊഴിൽ സാഹചര്യങ്ങൾ നിലനിറുത്തിക്കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥ സൃഷ്ടിക്കുന്നുണ്ട്. ലഹരി വർജനമാണ് സർക്കാർ ലക്ഷ്യമിടുന്നതെങ്കിൽ വിദേശ മദ്യഷാപ്പുകൾ അടുത്തടുത്തായി തുറന്നിടുന്നതിൽ എന്ത് അർത്ഥമാണുള്ളത് എന്നതാണ് പ്രസക്തമായ ചോദ്യം. തൊഴിലിലെ ഈ അസ്ഥിരത അടിയന്തരമായി പരിഹരിക്കപ്പെട്ടില്ലെങ്കിൽ സംസ്ഥാനത്തെ ആയിരക്കണക്കിന് കുടുംബങ്ങൾ വഴിയാധാരമാകുമെന്ന് ഉറപ്പാണ്.
കള്ളറയാണ് ചിറ്റൂർ
കേരളത്തിൽ ഏറ്റവും കൂടുതൽ കള്ള് ഉത്പാദിപ്പിക്കുന്ന താലൂക്കാണ് ചിറ്റൂർ. സംസ്ഥാനത്ത് തിരുവനന്തപുരം, കണ്ണൂർ ഒഴികെയുള്ള എല്ലാ ജില്ലകളിലേക്കുമുള്ള കള്ള് കൊണ്ടുപോകുന്നതു ഇവിടെ നിന്നാണ്. ആയിരത്തിമുന്നൂറിലധികം ചെത്ത് തൊഴിലാളികൾ ചിറ്റൂരിൽ മാത്രമുണ്ട്. ഉത്പാദനം കുറയുന്നതും തൊഴിലാളിക്ഷാമവും മൂലം കള്ളിന്റെ അളവ് കുറവാണെങ്കിലും കയറ്റിക്കൊണ്ടുപോകുന്ന അളവിൽ കാര്യമായ കുറവില്ലെന്നതിനാൽ വ്യാജകള്ള് നിർമ്മാണം സജീവമാണെന്ന ആക്ഷേപവും വ്യാപകമാണ്. ചിറ്റൂരിൽനിന്നു മറ്റു ജില്ലകളിലേക്കു പ്രതിദിനം 695 പെർമിറ്റിലായി 2,00,261 ലിറ്ററും ജില്ലയ്ക്കകത്തെ മറ്റു റേഞ്ചുകളിലേക്ക് 203 പെർമിറ്റുകളിലായി 60,296 ലിറ്ററും ചിറ്റൂർ സർക്കിൾ പരിധിയിൽ മാത്രം 54 പെർമിറ്റുകളിലായി 15146 ലിറ്റർ കള്ളും കൊണ്ടുപോകാനാണ് അനുമതിയുള്ളത്. ഉത്പാദനം ഇത്രയില്ലെങ്കിലും പോകുന്നത് ഈ അളവിലും അതിലും കൂടുതലുമാണെന്നാണ് ആക്ഷേപം. പാലക്കാട് ജില്ലയിലാകെ ലൈസൻസുള്ള 807 ഷാപ്പുകളാണുള്ളത്. ഇതിൽ വലിയ ഷാപ്പുകളിൽ പ്രതിദിനം 50 മുതൽ 120 ലിറ്ററോളം കള്ള് വിൽക്കും. ചെറിയ ഷാപ്പുകളിൽ അത് 50 ലിറ്ററിൽ താഴെയായി ചുരുങ്ങും.
ചെത്ത് തൊഴിലിനെ മാറ്റിനിറുത്തി പുതുതലമുറ
മദ്ധ്യത്തെ അപേക്ഷിച്ച് ലഹരി കുറഞ്ഞതും ആൽക്കഹോൾ അംശം കുറഞ്ഞതുമായ പാനീയമാണ് കള്ള്. തെങ്ങുകൾ ധാരാളമുള്ള കേരളത്തിൽ വേണ്ടത്ര രീതിയിൽ അവയെ ഉപയോഗപ്പെടുത്തി കള്ള് വ്യവസായത്തെ നിലനിറുത്താൻ സാധിക്കുന്നില്ലെന്നത് വസ്തുതയാണ്. പാലക്കാട് പട്ടാമ്പിക്കടുത്ത് അറുപതോളം കുടുംബങ്ങൾ കള്ള് ചെത്ത് ഉപജീവനമായി സ്വീകരിച്ചവരാണ്. പാരമ്പര്യമായി ലഭിച്ച ഈ തൊഴിലുകൊണ്ടാണ് ഇവരുടെ കുടുംബങ്ങൾ കഴിഞ്ഞിരുന്നത്. എന്നാൽ, ഇന്ന് ഇവരെല്ലാവരും തൊഴിലുറപ്പ് തൊഴിലാളികളാണ്. ചിലർ ജോലിതേടി മറ്റിടങ്ങളിലേക്ക് ചേക്കറിക്കഴിഞ്ഞു.
സുരക്ഷിതമല്ല ഈ ജോലി എന്ന പ്രചാരണങ്ങളാൽ പുതിയ തലമുറയിൽപ്പെട്ട ആരും കള്ള് ചെത്തിലേക്ക് എത്തപ്പെടുന്നില്ല. ഹെവി ഡ്യൂട്ടിയാണ് കള്ള് ചെത്ത് തൊഴിലാളിയുടേത്. രാവിലെയും, ഉച്ചയ്ക്കും, രാത്രിയും ഒക്കെയായി തൊഴിൽ ചെയ്യാൻ ഇവർ നിർബന്ധിതരാവും. ഇതും പുതുതലമുറയിൽപ്പെട്ട ആളുകളെ ഈ മേഖലയിലേക്ക് എത്തുന്നതിൽ നിന്ന് തടയുന്നു. തെങ്ങിൽ നിന്ന് നേരിട്ട് ചെത്തിയെടുക്കുന്ന ഈ പാനീയത്തെ വിവിധ ഉത്പന്നങ്ങളാക്കി മാറ്റി വിപണിയിലെത്തിക്കാൻ കഴിയുമെങ്കിലും അതിന്റെ സാദ്ധ്യതകൾ സർക്കാർ പരിശോധിക്കാത്തത് ദൗർഭാഗ്യകരമാണ്.
കണ്ണീരായി നീര
കേരളത്തിന്റെ പരമ്പരാഗതമായ കള്ള് ചെത്ത് വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനെന്ന പേരിൽ കഴിഞ്ഞ സർക്കാർ കൊണ്ടുവന്ന പദ്ധതിയാണ് നീര പ്രോജക്ട്. തൊഴിലാളികൾക്ക് പ്രത്യേകം പരിശീലനം നൽകി തെങ്ങിൽ നിന്നും നീര ശേഖരിച്ച് സംസ്‌കരണം നടത്തി ഉത്പന്നമായി വിപണിയിലെത്തിക്കാനായിരുന്നു ലക്ഷ്യം. 14 ജില്ലകളെയും ഉൾപ്പെടുത്തി പദ്ധതിക്കായി രൂപീകരിച്ച കമ്പനികൾക്കു പ്രവർത്തന മൂലധനമില്ലെന്നതായിരുന്നു പ്രധാന പ്രശ്നം. നീര ചെത്തുകാർക്കു കൂലി കൊടുക്കാൻ പോലും കഴിയാത്ത അവസ്ഥയാണിപ്പോൾ. ഉത്പന്നം കിയോസ്കുകളിലൂടെ വിറ്റ് പണം തിരികെ എത്തുന്നില്ലെന്നതും വലിയ തിരിച്ചടിയായി. കടകളിൽ 20 രൂപയ്ക്കു വിറ്റാൽ 10 രൂപയാണ് ഉത്പാദകന് കമ്മിഷനായി ലഭിക്കുന്നത്. ഉത്പാദനച്ചെലവുകളും ഗതാഗതച്ചെലവുമെല്ലാം കൂടിച്ചേരുമ്പോൾ ലാഭമില്ലെന്നു മാത്രമല്ല, കണക്കുനോക്കുമ്പോൾ വലിയ ബാദ്ധ്യതയുമുണ്ടാകും.
ഉത്പാദക കമ്പനികളുടെ കൺസോർഷ്യം ഉണ്ടാക്കി പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമം നടന്നെങ്കിലും സർക്കാർ വകുപ്പുകളുടെയും നാളികേര ബോർഡിന്റെയും താത്‌പര്യമില്ലായ്മ മൂലം ഒന്നും വിജയിച്ചില്ല.
പ്രതിഷേധങ്ങൾക്കും കർഷകരുടെ കണ്ണീരിനും ഒടുവിൽ വൈകിയ വേളയിൽ നീരവ്യവസായത്തിനു പുനരുദ്ധാരണ പാക്കേജ് നടപ്പാക്കാൻ സർക്കാർ ശ്രമിച്ചു. കെ.എഫ്.സി വായ്പയ്ക്കു മാത്രം പലിശ ഇളവും മൊറട്ടോറിയവും ലഭിച്ചു. വേറേ പുനരുദ്ധാരണമൊന്നും നടന്നില്ല. മോഹന വാഗ്ദാനങ്ങളിൽ അകപ്പെട്ട് ഈ മേഖലയിൽ കാലെടുത്തു വച്ചവർ ഇന്ന് കടക്കെണിയിലാണ്. ശത്രുക്കളോടു പോലും ഇങ്ങനെയൊന്നും ചെയ്യരുതേ സർക്കാരേ എന്നാണു കർഷകർ കണ്ണീരോടെ കേഴുന്നത്.