ഒറ്റപ്പാലം: വാർത്തകളിലും നിലപാടുകളിലും എല്ലാ കാലത്തും സത്യസന്ധതയും നിഷ്പക്ഷതയും പുലർത്തുന്ന കേരളകൗമുദി സത്യദേവതയ്ക്ക് മുന്നിൽ ദിനവും വിളക്ക് വയ്ക്കുന്ന പത്രമാണെന്ന് പ്രശസ്ത തോൽപ്പാവകൂത്ത് കലാകാരനും പദ്മശ്രീ പുരസ്‌കാര ജേതാവുമായ കൂനത്തറ രാമചന്ദ്ര പുലവർ പറഞ്ഞു. കേരളകൗമുദി മലപ്പുറം യൂണിറ്റും എസ്.എൻ.ഡി.പി യോഗം ഒറ്റപ്പാലം യൂണിയനും ചേർന്ന് കുളപ്പുള്ളി സമുദ്ര റീജൻസി ഹാളിൽ നടത്തിയ കേരളകൗമുദി 110-ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അധാർമ്മിക പ്രവണതകളും മൂല്യച്യുതികളും രാഷ്ട്രീയ താല്പര്യങ്ങളും മറ്റും മാദ്ധ്യമ രംഗത്തേക്ക് പടർന്നുകയറുന്ന വർത്തമാന കാലത്ത് കേരളകൗമുദി ഉയർത്തി പിടിക്കുന്ന മൂല്യങ്ങൾ ആദരിക്കപ്പെടേണ്ടതാണ്. 110ന്റെ നിറവിലെത്തിയ കേരളകൗമുദിക്കുള്ള ആദരവായി തനിക്ക് കിട്ടിയ പദ്മശ്രീ പുരസ്‌കാരം പങ്കിടുകയാണെന്നും രാമചന്ദ്ര പുലവർ പറഞ്ഞു. തോൽപ്പാവക്കൂത്ത് വിപ്ലവ കലയാണെന്നും അതിരുകളില്ലാതാക്കി ഈ കലാപൈതൃകം ലോക സഞ്ചാരത്തിലാണെന്നും അദ്ദേഹം പറഞ്ഞു. രാമചന്ദ്രപുലവരെ യോഗത്തിൽ അദ്ധ്യക്ഷനായ കേരളകൗമുദി യൂണിറ്റ് ചീഫ് കെ.എൻ.സുരേഷ് കുമാർ പൊന്നാടയണിയിച്ച് ആദരിച്ചു.
നഗരസഭാദ്ധ്യക്ഷൻ എം.കെ.ജയപ്രകാശ് മുഖ്യാതിഥിയായി. കേരളകൗമുദി എന്നും ആദരവോടെ നോക്കി കാണുന്ന പത്രമാണെന്ന് എം.കെ.ജയപ്രകാശ് പറഞ്ഞു. അവഗണിക്കപ്പെട്ടവരുടെ ശബ്ദം എല്ലാകാലവും പത്രത്താളുകളിൽ നിറഞ്ഞ് കാണാറുണ്ട്. 110ന്റെ ചരിത്ര മുഹൂർത്തത്തിൽ കേരളകൗമുദിയോടുള്ള ആദരം സമർപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഗുരുദേവ മൂല്യങ്ങളെ താലത്തിൽ പിടിക്കുന്ന പത്രമാണ് കേരളകൗമുദിയെന്ന് എസ്.എൻ.ഡി.പി യോഗം ഒറ്റപ്പാലം യൂണിയൻ പ്രസിഡന്റ് വി.പി.ചന്ദ്രൻ പറഞ്ഞു.
എസ്.എൻ.ഡി.പി യോഗം യൂണിയൻ ഡയറക്ടർ ബോർഡംഗങ്ങളായ സതീശൻ പട്ടാമ്പി, ബി.വിജയകുമാർ, വനിതാ സംഘം സെക്രട്ടറി എ.സ്വയംപ്രഭ, യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി പി.ശ്രീജേഷ്, ധനലക്ഷ്മി ബാങ്ക് മാനേജർ രതീഷ്, എസ്.എൻ കോളേജ് പ്രിൻസിപ്പാൾ ഡോ.പി.പി.ഷെർമിള, യൂണിയൻ സെക്രട്ടറി സി.സി.ജയൻ, കേരളകൗമുദി ഒറ്റപ്പാലം ലേഖകൻ രാധാകൃഷ്ണൻ മാന്നനൂർ എന്നിവർ സംസാരിച്ചു.
എസ്.എൻ.ഡി.പി യോഗം യൂണിയൻ പ്രസിഡന്റ് വി.പി.ചന്ദ്രൻ, എഴുത്തുകാരി സുഗുണ സന്തോഷ്, പ്രമുഖ ഡെർമറ്റോളജിസ്റ്റ് ഡോ.അനുപമ സുധീർ, ഷൊർണൂർ വി ഫോർ യു ജനറൽ ട്രേഡിംഗ് കമ്പനി മാനേജിംഗ് പാർട്ണർമാരായ ഷാജുദ്ദീൻ കണിച്ചിറയ്ക്കൽ, ഷാജഹാൻ ആലഞ്ചേരി എന്നിവരെ കേരളകൗമുദിയുടെ ഉപഹാരം നൽകി ആദരിച്ചു.
എസ്.എൻ ട്രസ്റ്റ് എച്ച്.എസ്.എസ് പ്രിൻസിപ്പൽ ശോഭ പണിക്കർ, പ്രധാനാദ്ധ്യാപിക കൃഷ്ണകുമാരി, കേരളകൗമുദി ഷൊർണൂർ ലേഖകൻ ദിലീപ് പട്ടാമ്പി, സർക്കുലേഷൻ അസി.മാനേജർ അജിത് കുമാർ, എക്സിക്യൂട്ടീവ് അർജുൻ പട്ടാമ്പി, ഏജന്റുമാരായ കൃഷ്ണകുമാർ കുളപ്പുള്ളി, പീതാംബരൻ ചെർപ്പുളശ്ശേരി എന്നിവർ പങ്കെടുത്തു.