kc

പാലക്കാട്: വോട്ടർപട്ടികയിലെ ക്രമക്കേടുകൾ ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള സർക്കാറിന്റെ ശ്രമങ്ങളുടെ ഭാഗം. ജനവിധി എതിരാകുമെന്ന് ഉറപ്പായപ്പോൾ ഇടതുമുന്നണി ക്രമക്കേട് നടത്തുകയാണ്. ഓരോ മണ്ഡലത്തിലും അയ്യായിരം മുതൽ പതിനായിരം ഇരട്ട വോട്ടുകളാണുള്ളത്. പത്രിക സംശുദ്ധമാക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥർക്ക് ആഴക്കടൽ മത്സ്യക്കൊള്ളയിൽ പങ്കുണ്ട്. ഇനിയും തങ്ങളൊന്നും അറിഞ്ഞില്ലെന്ന് മുഖ്യമന്ത്രിയും ഫിഷറീസ് മന്ത്രിയും പറയുമോ എന്നും അദ്ദേഹം ചോദിച്ചു. മന്ത്രിമാരുടെ സമ്മതമില്ലാതെ ഉദ്യോഗസ്ഥർ ധാരണാപത്രം ഒപ്പിടില്ല. മുഖ്യമന്ത്രിയും ഫിഷറീസ് മന്ത്രിയും ഗൂഢാലോചന നടത്തിയാണ് കരാർ ഒപ്പിട്ടത്. സ്വർണക്കടത്ത് ഉൾപ്പെടെ ഏത് വിവാദം വന്നാലും ഉദ്യോഗസ്ഥർക്കാണ് പങ്കെന്നും സർക്കാരിന് യാതൊന്നും അറിയില്ലെന്നാണ് മുഖ്യമന്ത്രിയുടെ വാദം. സംസ്ഥാന ഭരണം ഉദ്യോഗസ്ഥർ നിയന്ത്രിക്കുകയാണെങ്കിൽ പിന്നെ മുഖ്യമന്ത്രി എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.

കേരളത്തിൽ സി.പി.എം - ബി.ജെ.പിയും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടുണ്ട്. കോൺഗ്രസിന്റെ മുഖ്യശത്രു ബി.ജെ.പി തന്നെയാണ്. വർഗീയ ധ്രുവീകരണമുണ്ടാക്കി സാമുദായിക നേതാക്കളെ വെല്ലുവിളിക്കുന്നത് ശരിയല്ല. വർഗീയ വോട്ടുകളിലാണു പിണറായിയുടെ കണ്ണെന്നും വേണുഗോപാൽ കുറ്റപ്പെടുത്തി.