
പാലക്കാട്: യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ആവേശം പകർന്ന് രാഹുൽഗാന്ധിയുടെ റോഡ് ഷോ. ഇന്നലെ പകൽ 12ഓടെ പാലക്കാട് കോട്ടമൈതാനത്തു നിന്നാരംഭിച്ച റോഡ് ഷോ കൂറ്റനാട് വൈകീട്ട് നാലരയോടെ സമാപിച്ചു. സ്റ്റേജ് പരിപാടികളൊന്നുമില്ലാതെ രാവിലെ മുതൽ ടോപ്പ് ഓപ്പൺ ചെയ്ത കാറിലായിരുന്നു രാഹുൽ ജില്ലയിലൂടെ നീങ്ങിയത്. വിവിധ മണ്ഡലങ്ങളിലെ യു.ഡി.എഫ് സ്ഥാനാർത്ഥികൾ രാഹുലിനൊപ്പം റോഡ്ഷോയിൽ പങ്കെടുത്തു.
ഇന്ധനമില്ലാത്ത കാർ സ്റ്റാർട്ട് ചെയ്യാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നതെന്ന് രാഹുൽഗാന്ധി പറഞ്ഞു. താക്കോൽ തിരിക്കുന്നതിന് മുമ്പ് ഇന്ധനമുണ്ടോയെന്ന് നോക്കണം. ജനങ്ങൾക്ക് പറയാനുള്ളത് കേൾക്കാൻ എൽ.ഡി.എഫ് സമയം കണ്ടെത്തണം. പാർട്ടി കമ്മിറ്റി കൂടി തീരുമാനിച്ചാൽ പോര, ജനങ്ങളുടെ ആത്മാവ് തൊട്ടറിഞ്ഞുള്ള പരിഹാര നിർദ്ദേശങ്ങളാണ് മുന്നോട്ടുവയ്ക്കേണ്ടത്. യു.ഡി.എഫ് പ്രകടനപത്രിക ആ നിലക്കുള്ള മാതൃകപരമായ കാൽവെപ്പാണ്. ജനങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പ്രതിമാസം 6,000 രൂപയും പ്രതിവർഷം 72,000 രൂപയും എത്തിക്കുമെന്ന് ഉറപ്പുനൽകുന്ന ന്യായ് പദ്ധതിയിലൂടെ വിപ്ലവകരമായ മാറ്റം ഉണ്ടാകുമെന്നും രാഹുൽ ഗാന്ധി ഉറപ്പു നൽകി.
സെക്രേട്ടറിയറ്റിന് മുമ്പിൽ ചെറുപ്പക്കാർ തൊഴിലിന് വേണ്ടി മുട്ടിൽ ഇഴയുന്ന സാഹചര്യം വരെയുണ്ടായി. സമ്പദ്‌രംഗത്തെ ഉണർത്താൻ പോംവഴികളില്ലാതെ ഉഴലുകയാണ് ഇടതു സർക്കാർ. ജനങ്ങളെ വിഭജിക്കുന്ന ശക്തികളെ കോൺഗ്രസ് ചെറുത്തു തോൽപ്പിക്കും. ജനങ്ങൾക്കിടയിൽ വിദ്വേഷം പടർത്താൻ ആരേയും അനുവദിക്കില്ലെന്നും രാഹുൽ പറഞ്ഞു.