പാലക്കാട്: ജില്ലയിലെ യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ആവേശമായി രാഗുൽ ഗാന്ധി എം.പിയുടെ റോഡ് ഷോ. ഇന്നലെ രാവിലെ 11.30ഓടെയാണ് ഇന്ദിരാഗാന്ധി സ്റ്റേഡയത്തിൽ രാഹുൽ ഹെലികോപ്ടറിൽ പറന്നിറങ്ങിയത്. തിളച്ച് മറിയുന്ന ചൂടിലും രാഹുലിനെ വരവേൽക്കാൻ നൂറുകണക്കിന് പ്രവർത്തകർ സ്റ്റേഡിയത്തിന് പുറത്ത് കാത്തുനിൽക്കുന്നുണ്ടായിരുന്നു. സ്റ്റേഡിയത്തിൽ നിന്ന് കാറിൽ പുറത്ത് വന്നപ്പോൾ മുദ്രാവാക്യങ്ങളും ആർപ്പുവിളികളോടെയുമാണ് പ്രവർത്തകർ അദ്ദേഹത്തെ വരവേറ്റത്. തുടർന്ന് സ്റ്റേഡിയത്തിൽ നിന്ന് ബൈപ്പാസ് റോഡ് - ഐ.എം.എ ജംഗ്ഷൻ വഴി ബൈക്കുകളുടെയും മറ്റ് വാഹനങ്ങളുടെയും അകമ്പടിയോടെ കോട്ടമൈതാനത്തേക്ക്.
പാലക്കാട് മണ്ഡലത്തിലെ കോട്ടമൈതാനിക്ക് മുന്നിലായിരുന്നു ആദ്യ പ്രസംഗം. വി.കെ.ശ്രീകണ്ഠൻ എം.പി, പാലക്കാട്, ചിറ്റൂർ, മലമ്പുഴ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളായ ഷാഫി പറമ്പിൽ, സുമേഷ് അച്യുതൻ, എസ്.കെ.അനന്തകൃഷ്ണൻ എന്നിവർ കോട്ടമൈതാനംവരെ അനുഗമിച്ചു. ഷാഫി പറമ്പിലാണ് കോട്ടമൈതാനത്ത് നടത്തിയ രാഹുൽഗാന്ധിയുടെ പ്രസംഗം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്.
അതിനുശേഷം പറളി, മങ്കര വഴി പത്തിരിപ്പാലയിലെത്തി. അവിടെ നിന്നും ഒറ്റപ്പാലം വഴി കുളപ്പുള്ളിയിലും ഓങ്ങല്ലൂർ വഴി പട്ടാമ്പിയിലേക്ക് പ്രവേശിച്ച് വൈകീട്ട് നാലരയോടെ കൂറ്റനാടിൽ റോഡ് ഷോ സമാപിച്ചു. രാഹുൽ ഗാന്ധി വരുന്നതിനോടനുബന്ധിച്ച് നഗരത്തിൽ പൊലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു.
പാലക്കാട് ഷാഫിപറമ്പിലിന് വേണ്ടിയും പത്തിരിപ്പാലയിൽ കോങ്ങാട് സ്ഥാനാർത്ഥി യു.സി.രാമനും ഒറ്റപ്പാലം സ്ഥാനാർത്ഥി ഡോ.പി സരിനും വേണ്ടി വോട്ട് അഭ്യർത്ഥിച്ചു. കുളപ്പുള്ളിയിൽ ഷൊർണ്ണൂർ സ്ഥാനാർത്ഥി ടി.എച്ച്.ഫിറോസ്ബാബുവിനും പട്ടാമ്പിയിൽ റിയാസ് മുക്കോളിക്കു വേണ്ടിയും പ്രസംഗിച്ചു. കൂറ്റനാടില്‍ തൃത്താല സ്ഥാനാർത്ഥി വി.ടി.ബൽറാമിനു വേണ്ടി വോട്ട് അഭ്യർത്ഥിച്ച് പ്രസംഗിച്ചശേഷമാണ് റോഡ് ഷോ അവസാനിച്ചത്. എല്ലായിടത്തും കാറില്‍ നിന്ന് തന്നെയാണ് പ്രസംഗിച്ചത്. അതാത് ഇടത്തെ സ്ഥാനാർത്ഥികൾ അതാത് ഇടങ്ങളിൽ രാഹുലിനൊപ്പം കാറിൽ യാത്ര ചെയ്തു. കൂറ്റനാട് പരിപാടി കഴിഞ്ഞു തിരിച്ചു പട്ടാമ്പി ഗവ.കോളജ് ഗ്രൗണ്ടിൽ നിന്നും അദ്ദേഹം ഹെലികോപ്റ്ററിൽ പൊന്നാനിയിലേക്ക് യാത്ര തിരിച്ചു.