
പാലക്കാട്: വേനൽച്ചൂടിൽ വെന്തുരുകുന്ന പാലക്കാട്ട് താപനില ഉയരുന്നു. മുണ്ടൂർ ഐ.ആർ.ടി.സിയിൽ ഇന്നലെ ഉയർന്ന താപനില 41.5 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനിലയാണിത്. വ്യാഴാഴ്‌ച 41 ഡിഗ്രി ഉണ്ടായിരുന്നതാണ് ഇന്നലെ 0.5 ഡിഗ്രി വർദ്ധിച്ചത്. 27 ഡിഗ്രിയാണ് കുറഞ്ഞ താപനില. ആർദ്രത 37 ശതമാനവും. പട്ടാമ്പിയിലും താപനില വർദ്ധിച്ചു.
വ്യാഴാഴ്ച 36.8 ഡിഗ്രി ഉണ്ടായിരുന്നത് ഇന്നലെ 37.4 ഡിഗ്രിയിലെത്തി. കുറഞ്ഞ താപനില 25 ഡിഗ്രിയും ആർദ്രത രാവിലെ 90 ശതമാനവും വൈകിട്ട് 33 ശതമാനവും രേഖപ്പെടുത്തി. മലമ്പുഴ അണക്കെട്ട് പ്രദേശത്തും 37.4 ഡിഗ്രിയാണ് കൂടിയ താപനില. കുറഞ്ഞത് 26.3 ഡിഗ്രിയും ആർദ്രത 26 ശതമാനവും. ഈ മാസം ഇതുവരെ എട്ട് തവണ ചൂട് 40 ഡിഗ്രിയിലെത്തിയിരുന്നു.