labours

മംഗലംഡാം: കൂലിയും ഭക്ഷണവുമില്ലാതെ അന്യസംസ്ഥാന തൊഴിലാളികൾ പെരുവഴിയിൽ. മംഗലംഡാം കുഞ്ചിയാർ പതിയിലെ സ്വകാര്യ എസ്റ്റേറ്റിൽ രണ്ട് മാസമായി ജോലി ചെയ്തുവന്ന ജാർഖണ്ഡ് സ്വദേശികളാണ് ശമ്പളവും ഭക്ഷണവും കിട്ടുന്നില്ലെന്ന പരാതിയുമായി മംഗലംഡാം പൊലീസിനെ സമീപിച്ചത്.

ജാർഖണ്ഡ് ഗോഡ ജില്ലയിലെ ജില്ലുവ ഗ്രാമവാസികളായ സ്ത്രീകളും കുട്ടികളുമടക്കം 23 പേർ സംഘത്തിലുണ്ട്. രണ്ടാഴ്ചയോളമായി എസ്റ്റേറ്റ് അധികൃതരും ഏജന്റും ജീവിത ചെലവിന് കാശോ ഭക്ഷണസാധനങ്ങളോ കൊടുക്കാതായതിനെ തുടർന്ന് പ്രതിസന്ധിയിലായപ്പോഴാണ് ഇവർ കുഞ്ചിയാർപതിയിൽ നിന്നും സാധനങ്ങളും കൈകുഞ്ഞുങ്ങളുമായി 20 കിലോമീറ്റർ കാൽനടയായി മംഗലം ഡാമിലെത്തിയത്. ഇന്നലെ കൈയ്യിൽ കരുതിയിരുന്ന ഭക്ഷണം കഴിച്ച് രാത്രി പീടികത്തിണകളിൽ കഴിച്ചുകൂട്ടിയ ഇവർ മംഗലംഡാം പൊലീസ് സ്റ്റേഷനിൽ വന്ന് പരാതിപ്പെടുകയായിരുന്നു. രാവിലെ കഴിക്കാൻ ഭക്ഷണമോ കൈയ്യിൽ പൈസയോ ഇല്ലാതായതോടെ മാധ്യമ പ്രവർത്തകൻ വാങ്ങി കൊടുത്ത ബ്രഡും പഴവും കഴിച്ചാണ് വിശപ്പടക്കിയത്.

തോട്ടം ഉടമയിൽ നിന്നും ഒരാൾക്ക് 6000 രൂപ തോതിൽ മുൻകൂറായി കൈപറ്റിയാണ് തൊടുപുഴ സ്വദേശിയായ ബസ് ഓപ്പറേറ്റർ തൊഴിലാളികളെ കേരളത്തിലെത്തിച്ചത്. പുരുഷന്മാർക്ക് 400 ഉം സ്ത്രീകൾക്ക് 350 ഉം ആണ് കൂലി നിശ്ചയിച്ചിരുന്നത്. തുടക്കത്തിലൊക്കെ ആഴ്ചയിൽ 500 രൂപ വെച്ച് ചെലവ് കാശും ഭക്ഷണത്തിന് അത്യാവശ്യ സാധനങ്ങളുമൊക്കെ കൊടുത്തിരുന്നു. കുരുമുളക് പറിക്കൽ കഴിഞ്ഞതോടെ ഇവരെ കന്നുകാലി, പന്നിഫാമുകളിലെ ജോലിക്കായി നിയോഗിച്ചു.
ചെലവ് കാശും ഭക്ഷണസാധനങ്ങളും കിട്ടാൻ ബുദ്ധിമുട്ടായതോടെ തങ്ങൾക്ക് നാട്ടിലേക്ക് തിരിച്ച് പോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും ജോലിക്കെത്തിയ സമയത്ത് തങ്ങളുടെ കൈയ്യിൽ നിന്നും വാങ്ങിയ ആധാർ കാർഡുകളോ ശമ്പള ബാക്കിയോ തരാൻ ഉടമ തയ്യാറായില്ല. ഇത് കൊണ്ടാണ് തങ്ങൾ സ്റ്റേഷനിലെത്തിയതെന്ന് തൊഴിലാളികൾ പറഞ്ഞു.
പൊലീസ് വിളിച്ചതനുസരിച്ച് എസ്റ്റേറ്റ് ഉടമയുടെ പ്രതിനിധി സ്റ്റേഷനിലെത്തി. കുരുമുളക് ഉണക്കലും മറ്റുമായി ഒരാഴ്ചത്തെ പണി കൂടി ബാക്കിയുണ്ടെന്നും അത് കഴിഞ്ഞാൽ മുഴുവൻ പൈസയും കൊടുത്ത് നാട്ടിലേക്ക് വിടാമെന്ന് അറിയിച്ചിട്ടും അവർ തയ്യാറായില്ലെന്ന് എസ്‌റ്റേറ്റ് പ്രതിനിധികൾ പറഞ്ഞു. തുടർന്ന് നടത്തിയ ചർച്ചയിൽ കൂലി ബാക്കിയും രേഖകളും നൽകാൻ ഉടമ തയ്യാറാകുകയായിരുന്നു. തൊഴിലുടമകൾ അന്യ സംസ്ഥാന തൊഴിലാളികളെ കൊണ്ടുവരുന്ന വിവരം സ്റ്റേഷനിൽ അറിയിക്കുന്നതിൽ വിഴ്ച വരുത്തുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഉടമകൾക്ക് നോട്ടീസ് നൽകും. വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടി എടുക്കുമെന്നും മംഗലംഡാം പൊലീസ് അറിയിച്ചു.